wayanad local

വികസന പദ്ധതിയോട് മുഖംതിരിച്ച് സര്‍ക്കാര്‍

കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാര്‍ വയനാടിനായി പ്രഖ്യാപിച്ച പ്രത്യേക വികസന പദ്ധതിയോട് മുഖംതിരിച്ച് സര്‍ക്കാര്‍. രാജ്യത്തെ പിന്നാക്ക ജില്ലകള്‍ക്കായി രൂപം നല്‍കിയ ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ രാജ്യത്തെ 139 പിന്നാക്ക ജില്ലകളെയാണ് നീതി ആയോഗ് തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടത് വയനാട് മാത്രമാണ്. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ആസൂത്രണ കമ്മീഷനു പകരമുള്ള പുതിയ സംവിധാനമാണ് നീതി ആയോഗ്.
പദ്ധതി നടപ്പാക്കുന്നതില്‍ താല്‍പര്യമില്ലെന്ന രീതിയില്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചുവെന്നും തന്‍മൂലം വയനാടിന് വന്‍ നഷ്ടമാണ് ഉണ്ടാവുകയെന്നും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പിന്നാക്ക ജില്ലകളെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കേരളവുമായി കൂടിയാലോചിച്ചില്ലെന്നും ഇതു ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നും ആരോപിച്ച് കേരള സര്‍ക്കാര്‍ ജനുവരിയില്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു.
ഈ വിഷയത്തില്‍ പരസ്പര ധാരണയുണ്ടാവുകയാണെങ്കില്‍ സഹകരണം ഉണ്ടാവുമെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജില്ലകളുടെ വികസനത്തിന് ഫണ്ട് അനുവദിക്കുന്നത് ഫെഡറല്‍ സംവിധാനത്തിന് എതിരല്ലെന്നു പി സി തോമസ് അഭിപ്രായപ്പെട്ടു. പിന്നാക്ക ജില്ലകളെ തിരഞ്ഞെടുത്ത മാനദണ്ഡത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ കേരളത്തിന് കേന്ദ്രവുമായി ആശയവിനിമയം നടത്താമായിരുന്നു.
അങ്ങനെയൊന്നും ചെയ്യാത്തതു മൂലം വയനാടിന്റെ അടിസ്ഥാന വികസനത്തിനുള്ള കോടികളുടെ പദ്ധതികളാണ് നഷ്ടപ്പെടാന്‍ പോവുന്നത്. കേരളവും ബംഗാളും മാത്രമാണ് പിന്നാക്ക ജില്ലകള്‍ക്കുള്ള കേന്ദ്ര പദ്ധതി നിരസിച്ചത്. സിപിഎം ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളടക്കം ഈ പദ്ധതിയുമായി മുന്നോട്ടുപോയിക്കഴിഞ്ഞു. വയനാടിനുള്ള നീതി ആയോഗ് പദ്ധതിയുടെ നോഡല്‍ ഓഫിസറായി നിയമിതനായ മലയാളിയായ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ വി പി ജോയി രണ്ടു തവണ കേരളത്തിലെത്തി ചര്‍ച്ച നടത്തിയിട്ടും കേരളം ആശാവഹമായ രീതിയിലല്ല പ്രതികരിച്ചതെന്നു പി സി തോമസ് പറഞ്ഞു.
നീതി ആയോഗ് സിഇഒ അമിതാഭ് കാന്തുമായി പി സി തോമസ് ഈ വിഷയം സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ വയനാടിന്റെ വികസനത്തിന് തടസ്സം നില്‍ക്കരുതെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയും ചെയ്തിട്ടുണ്ട്. വയനാട്ടില്‍ കേന്ദ്ര ഫണ്ട് ചെലവഴിക്കുന്നത് കേരളത്തിന് ഇഷ്ടമല്ലെന്നാണ് കേരള സര്‍ക്കാരിന്റെ നിലപാടില്‍ നിന്നു മനസ്സിലാവുന്നതെന്നു പി സി തോമസ് ആരോപിച്ചു. ഒരു തവണ വി പി ജോയി വയനാട്ടിലെത്തി ജില്ലാ ഉദ്യോഗസ്ഥരുമായി പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ പ്രൊജക്റ്റ് റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുകയാണെന്ന് ആരോപണമുണ്ട്. 2018 ജനുവരി നാല്, അഞ്ച് തിയ്യതികളില്‍ പിന്നാക്ക ജില്ലകളുടെ വികസന പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ജില്ലാ കലക്ടര്‍ യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നു. കേരളവുമായി കൂടിയാലോചന നടത്താത്തതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥരെ അയക്കില്ലെന്നു വ്യക്തമാക്കി കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, ദാരിദ്ര്യ ലഘൂകരണം തുടങ്ങളിയ മേഖലകളില്‍ ഊന്നല്‍ നല്‍കി വികസനമെത്തിക്കാനാണ് നീതി ആയോഗ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും നിലപാട് തിരുത്തി കേന്ദ്രത്തെ സമീപിച്ച് വയനാടിനുള്ള വികസന പദ്ധതി നേടിയെടുക്കണമെന്നും പി സി തോമസ് ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് ചെയര്‍മാന്‍ അഹമ്മദ് തോട്ടത്തില്‍, ജനറല്‍ സെക്രട്ടറിമാരായ പി ജെ ബാബു, മാനുവല്‍ കാപ്പന്‍, ജില്ലാ പ്രസിഡന്റ് അനില്‍ കരണി, ജില്ലാ ജനറല്‍ സെക്രട്ടറി വര്‍ക്കി ആമ്പശേരി, സംസ്ഥാന കമ്മിറ്റിയംഗം പി വി മത്തായി, സി എം കെ മുഹമ്മദ് എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it