Pathanamthitta local

വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങുകളില്‍ എല്‍ഡിഎഫ് രാഷ്ട്രീയം കലര്‍ത്തുന്നു: കോണ്‍ഗ്രസ്



പത്തനംതിട്ട: ജില്ലയിലെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ ഇടതുമുന്നണി രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തും തുടക്കം കുറിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്ത പദ്ധതികളാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്നത്. ആന്റോ ആന്റണി എംപിയുടെ ശ്രമഫലമായി കേന്ദ്ര റോഡ് ഫണ്ടില്‍ നിന്ന്് പൂര്‍ത്തീകരിച്ചതാണ്് മല്ലപ്പള്ളി-ചെറുകോല്‍പ്പു-കോഴഞ്ചേരി റോഡ്. നാഷനല്‍ ഹൈവേയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിര്‍മാണം പൂര്‍ത്തീകരിച്ച് രണ്ടുവര്‍ഷം പിന്നിട്ട റോഡ് സംസ്ഥാന പദ്ധതിയായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഈ സര്‍ക്കാര്‍. നാഷനല്‍ ഹൈവേ വകുപ്പില്‍ നിന്ന്് എംപിയെ അധ്യക്ഷനായി ക്ഷണിക്കുകയും ചെയ്തതാണ്. അതാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സംസ്ഥാന പരിപാടിയായി സംഘടിപ്പിച്ചത്. ഈ കാരണത്താലാണ് യുഡിഎഫ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ചത്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 50 ശതമാനം കേന്ദ്ര സഹായത്തോടെ തുടക്കം കുറിച്ചതാണ് പുളിക്കീഴ് കുടിവെള്ള പദ്ധതി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനും ആന്റോ ആന്റണി എംപിയുമായിരുന്നു. എന്നാല്‍ ഇതിന്റെ ആദ്യഘട്ട ഉദ്ഘാടനത്തിന് പി ജെ കുര്യനെ ബോധപൂര്‍വം ഒഴിവാക്കി. എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ച് എംപിയുടെ പേര് പഞ്ചായത്ത് പ്രസിഡന്റിന്റെയും താഴെയായിവെച്ച് അധിക്ഷേപിക്കുകയും ചെയ്തു.  ശബരിമല റോഡ് വികസനത്തിനായ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപ വകമാറ്റി പൊതുമരാമത്ത് മന്ത്രി തന്റെ സ്വന്തം മണ്ഡലത്തിലാണ് ചെലവഴിച്ചത്. രണ്ട് പതിറ്റാണ്ട് കാലത്തെ തിരുവല്ല നിവാസികളുടെ സ്വപ്‌ന പദ്ധതിയാണ് തിരുവല്ല ബൈപാസ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച പദ്ധതി ഈ സര്‍ക്കാര്‍ വന്നതോടെ പൂര്‍ണമായി അവഗണിച്ചു. ഇതോടെ കോണ്‍ട്രാക്ടര്‍ തന്നെ നിര്‍മാണം നിര്‍ത്തിവച്ചു. തിരുവല്ലയിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് ബൈപാസ് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് സമരം ചെയ്യുന്നത്. വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേദികള്‍ രാഷ്ട്രീയവേദികളാക്കി മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു.
Next Story

RELATED STORIES

Share it