വികസനവും പരിസ്ഥിതി രാഷ്ട്രീയവും

സി ആര്‍ നീലകണ്ഠന്‍
എല്ലാ ഘട്ടങ്ങളിലും ആവര്‍ത്തിക്കപ്പെടുന്ന ഒരു വാക്കാണ് വികസനം. എന്താണ് ഈ വാക്കിന്റെ അര്‍ഥം? ഇതുകൊണ്ട് ഓരോ മനുഷ്യരും എന്താണ് മനസ്സിലാക്കുന്നത്? വലിയ തോതിലുള്ള കക്ഷിരാഷ്ട്രീയ-പ്രത്യയശാസ്ത്ര സംവാദങ്ങള്‍ നടക്കുമ്പോഴും എല്ലാ നേതാക്കളും ആവര്‍ത്തിച്ചു പറയുന്നുണ്ട് വികസനത്തില്‍ രാഷ്ട്രീയമില്ലെന്ന്. വികസനമെന്ന വാക്ക് എല്ലാ രാഷ്ട്രീയത്തിനും ഉപരിയാണോ? ഇതിനു വര്‍ഗ-വര്‍ണ-ജാതിബന്ധങ്ങളില്ലേ? ഇക്കാര്യം ചര്‍ച്ച ചെയ്യാതെ നമുക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല.
എന്നു മുതലാണ് 'വികസനം' എന്ന വാക്ക് ഇത്ര പ്രചാരത്തില്‍ വന്നത്? എന്റെയൊക്കെ ചെറുപ്പകാലത്ത് മറ്റൊരു വാക്കാണ് സാര്‍വത്രികമായി ഇവിടെ ഉപയോഗിച്ചിരുന്നത്. 'പുരോഗതി' എന്നതായിരുന്നു ആ വാക്ക്. രാഷ്ട്രപുരോഗതിക്കായി നാം പ്രയത്‌നിക്കണം എന്നാണ് അന്ന് ഭരണകര്‍ത്താക്കള്‍ ആഹ്വാനം ചെയ്തിരുന്നത്. ഇന്ന് ആ വാക്ക് ആരും ഉപയോഗിക്കാറില്ല. അത് എവിടെപ്പോയി? വികസനവും പുരോഗതിയും ഒരേ അര്‍ഥമുള്ള വാക്കുകളാണോ? അല്ലെങ്കില്‍ പിന്നെ അതിനെന്തു സംഭവിച്ചു?
വികസനം എന്ന വാക്കിന്റെ അര്‍ഥം നമുക്കു കിട്ടുന്നത് ചില അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്. ലോകെത്ത രാജ്യങ്ങളെ നാം വികസിതം, വികസ്വരം, അവികസിതം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. ഈ തരംതിരിവ് നമ്മളെല്ലാം ചോദ്യം ചെയ്യാതെ അംഗീകരിച്ചതില്‍ തന്നെയാണ് പ്രശ്‌നത്തിന്റെ കാതല്‍. ഉദാഹരണത്തിന് ഇന്ത്യ ഒരു വികസ്വര രാജ്യവും യുഎസ്എ ഒരു വികസിത രാജ്യവുമാണെന്ന് നാം അംഗീകരിക്കുന്നു. വളരുന്ന ഒരു കുട്ടിയും വളര്‍ന്ന ഒരു മനുഷ്യനും എന്നപോലെ. കുട്ടിയുടെ വളര്‍ച്ചയുടെ ഗതിയും ലക്ഷ്യവും നിശ്ചയിക്കുന്നത് വളര്‍ന്ന മനുഷ്യനെ മുന്നില്‍ കണ്ടുകൊണ്ടാണല്ലോ. ആ മനുഷ്യനെപ്പോലെ ആകലാണ് വളര്‍ച്ചയുടെ ലക്ഷ്യം എന്നു പറയുന്നത്. ഇന്ത്യ വികസിക്കുന്നത് യുഎസ് പോലെയാകാനാണ് എന്നര്‍ഥം. എന്താണ് ഈ വികസനത്തിന്റെ സൂചകങ്ങള്‍? യുഎസിന്റെ ആ സൂചകങ്ങളില്‍ ഇന്ത്യക്ക് എത്താന്‍ കഴിയുമോ?
ഇന്ത്യയുടെ പതിന്‍മടങ്ങ് (ചിലപ്പോള്‍ നൂറു മടങ്ങും) ഊര്‍ജവും ജലവും ധാതുക്കളും മറ്റു പ്രകൃതിവിഭവങ്ങളും ഉപയോഗിക്കുകയും മാലിന്യം ഉല്‍പാദിപ്പിക്കുകയും ചെയ്യുന്ന ഒരു രാജ്യം പോലെയാവാന്‍ ഇന്ത്യക്ക് കഴിയുമോ? എല്ലാ ഇന്ത്യക്കാരും (ഒപ്പം ചൈനക്കാരും) യുഎസ് പൗരന്‍മാരെപ്പോലെ ജീവിക്കുന്നുവെന്നു കരുതുക. അതാണല്ലോ നമ്മുടെ വികസന ലക്ഷ്യം. അത്തരമൊരു അവസ്ഥ എന്നതിനര്‍ഥം ലോകത്ത് 10 യുഎസുകള്‍ കൂടി ഉണ്ടാവുക എന്നതാണ്. അതിനു വേണ്ട വിഭവങ്ങള്‍ ഈ ഭൂമിയിലുണ്ടോ? അതിന് ആവശ്യമായ വായുവും വെള്ളവും പോലും ഭൂമിയിലില്ല. ഇത്തരമൊരു ലക്ഷ്യം ഭൗതികമായിത്തന്നെ പ്രാപ്യമാണോ? പാരിസ്ഥിതികമായി നിലനില്‍ക്കുന്ന ഒന്നാണോ? രാഷ്ട്രീയമായി അതെങ്ങനെ സാധ്യമാവും?
യുഎസിന് ഇതുപോലെ നിലനില്‍ക്കാന്‍ ലോകമാകെയുള്ള വിഭവങ്ങള്‍ ആവശ്യമാണെന്നതാണ് ഇന്നത്തെ ലോകസംഘര്‍ഷങ്ങളുടെ അടിത്തറയെന്ന രാഷ്ട്രീയം തിരിച്ചറിയാന്‍ ഇടതുപക്ഷക്കാരെന്നു പറയുന്നവര്‍ക്കെങ്കിലും കഴിയേണ്ടതല്ലേ? യുഎസുകാരെപ്പോലെ ഇന്ത്യക്കാരും ചൈനക്കാരും കാര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ ഭൂമിയില്‍ എത്ര കാലത്തേക്ക് പെട്രോള്‍ ഉണ്ടാവുമെന്നു ചോദിച്ചത് ഫിദല്‍ കാസ്‌ട്രോ ആണ്. ചുരുക്കത്തില്‍ ഇന്ത്യക്കാരായ നാം ലക്ഷ്യംവയ്ക്കുന്ന വികസനമെന്നത് ഒരിക്കലും സാധ്യമാവാത്ത ഒന്നാണെങ്കില്‍ ആ ലക്ഷ്യം തെറ്റാണെന്ന് നാം തിരിച്ചറിയേണ്ടതല്ലേ? അതിനു വേണ്ടി വാദിക്കുന്നത് അര്‍ഥശൂന്യമല്ലേ?
ഇവിടെയാണ് വികസനം എന്ന വാക്കിന്റെ ഉല്‍പത്തിയും രാഷ്ട്രീയവും പ്രസക്തമാവുന്നത്. പുരോഗതിയും വികസനവും തമ്മിലുള്ള രാഷ്ട്രീയ വ്യത്യാസം മനസ്സിലാക്കേണ്ടത്. പുരോഗതി എന്നത് ഒരു സാമൂഹികമായ പദമാണ്. ഒരു സമൂഹമാകെയാണ് പുരോഗമിക്കുക. എന്നാല്‍, വികസന സൂചകങ്ങള്‍ പ്രധാനമായും സാമ്പത്തികമാണ്. ജിഡിപിയും വളര്‍ച്ചാ നിരക്കും ഓഹരി കമ്പോളത്തിലെ ഉയര്‍ച്ച-താഴ്ചകളും വിദേശ മൂലധന നിക്ഷേപവുമെല്ലാമാണ്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെയാകെ വളര്‍ച്ച അവിടെ അപ്രസക്തമാണ്.
ലോകെത്ത ഏറ്റവും സമ്പന്നരായ നൂറു പേരില്‍ എത്ര ഇന്ത്യന്‍ ബിസിനസുകാരുണ്ടെന്നത് ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിന്റെയും വികസന സൂചികയായി കാണാന്‍ കഴിയില്ലല്ലോ. പി സായിനാഥ് പറഞ്ഞതുപോലെ, അഞ്ചു ലക്ഷം കര്‍ഷകര്‍ ഗ്രാമങ്ങളില്‍ ആത്മഹത്യ ചെയ്തപ്പോഴും ലാത്തൂരിലും ഗുജറാത്തിലും ഭൂചലനം മൂലം അനേകായിരങ്ങള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനു കോടിയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തപ്പോഴും ഇന്ത്യയിലെ ഓഹരി കമ്പോളം അനങ്ങാതെ നിന്നു. എന്നാല്‍, അംബാനി സഹോദരന്മാര്‍ തമ്മില്‍ പോരടിച്ചപ്പോള്‍ അത് തകര്‍ന്നു. ഇത് ആരുടെ വികസന സൂചകമാണ്?
എല്ലാ കക്ഷികളും വികസനത്തിനു മൂലധന നിക്ഷേപം അനിവാര്യമാണെന്ന് വാദിക്കുന്നു. ഇതൊരു ചതിക്കുഴിയാെണന്നു പലരും തിരിച്ചറിയാത്തതാണോ എന്നറിയില്ല. മൂലധന ശക്തികള്‍ ഒരുക്കുന്നതാണ് ഈ വികസന സങ്കല്‍പം എന്നതാണ് ഇതിന്റെ ശരിയായ രാഷ്ട്രീയം. 'മൂലധന സൗഹൃദം' എന്ന വാക്കിന്റെ രാഷ്ട്രീയം നമുക്ക് മനസ്സിലാവേണ്ടതല്ലേ? നമ്മുടെ വികസനത്തിന് അഥവാ ജീവിതനിലവാരം മെച്ചപ്പെടുന്നതിനുള്ള പ്രധാന തടസ്സം ഇന്നു ധനമൂലധനത്തിന്റെ കുറവല്ല, മറിച്ച്, പ്രകൃതിവിഭവങ്ങളുടെ ശോഷണവും നാശവുമാണ്.
ധനം കൊണ്ട് പുനര്‍നിര്‍മിക്കാന്‍ കഴിയാത്തവയാണ് പ്രകൃതിവിഭവങ്ങള്‍. ഉദാഹരണത്തിന് വെള്ളം തന്നെ. വികസനങ്ങളുടെ മറവില്‍ ഏറ്റവും വലിയ നാശം നേരിട്ടത് ശുദ്ധജലത്തിനാണ്. മലകളില്‍ തോട്ടങ്ങളും റിസോര്‍ട്ടുകളും സ്ഥാപിച്ചും അണക്കെട്ടുകള്‍ പണിതും വന്‍തോതില്‍ മണല്‍ വാരിയും കൈയേറിയും മാലിന്യമൊഴുക്കിയും എല്ലാ പുഴകളെയും തോടുകളെയും കായലുകളെയും നശിപ്പിച്ചുകഴിഞ്ഞു. നാട്ടിലെങ്ങും കടുത്ത ജലക്ഷാമം ഉണ്ടാവുന്നു.
തിരുവാതിര ഞാറ്റുവേലയിലും പതിനഞ്ചും ഇരുപതും രൂപ നല്‍കി നാം പച്ചവെള്ളം വാങ്ങി കുടിക്കേണ്ടിവരുന്നത് തെറ്റായ വികസന രീതികള്‍ കൊണ്ടാണെന്ന് ഒരു ഭരണകര്‍ത്താവും പറയുന്നില്ല. ഇത് ശുദ്ധവായുവിന്റെയും ശുദ്ധഭക്ഷണത്തിന്റെയും കാര്യത്തിലും ശരിയാണ്. ഒരു സമൂഹമാകെ ഇതിന്റെ ഫലമായി രോഗാതുരമാവുന്നു. എന്നിട്ടും പുഴ നശിപ്പിച്ചും കുന്നിടിച്ചും പാടം നികത്തിയും ജൈവവൈവിധ്യം നശിപ്പിച്ചും വികസനം നടത്തണമെന്നു വാദിക്കുമ്പോള്‍ അതിനെ എതിര്‍ക്കാതിരിക്കുന്നത് എങ്ങനെയാണ്?
ഇതെല്ലാം കേവലം പരിസ്ഥിതിപ്രശ്‌നങ്ങളാണെന്ന് പറയുന്നതില്‍ തന്നെ ഒരു രാഷ്ട്രീയമുണ്ട്. ഇതെല്ലാം വ്യക്തമായ രാഷ്ട്രീയപ്രശ്‌നങ്ങള്‍ തന്നെയാണ്. ഒരു സമൂഹത്തിനു പ്രകൃതി നല്‍കുന്ന വിഭവങ്ങള്‍ കുറച്ചു പേര്‍ കൈയടക്കുകയും അതിനു വിലയിട്ട് വിറ്റ് കൊള്ളലാഭമടിക്കുകയും ചെയ്യുന്നതിനെ എതിര്‍ക്കാന്‍ എന്തുകൊണ്ടാണ് ഇവര്‍ മടിക്കുന്നത്? കുപ്പിവെള്ള വില്‍പനയ്ക്ക് രാഷ്ട്രീയമില്ലേ? ഇത് മൂലധന ആധിപത്യത്തിന്റെ രാഷ്ട്രീയമല്ലേ? ആഗോളവത്കരണ-ഉദാരവത്കരണ-സ്വകാര്യവത്കരണ നയങ്ങളെ എതിര്‍ക്കുന്നുവെങ്കില്‍ ആദ്യം എതിര്‍ക്കേണ്ടത് മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന ജലവില്‍പനയെ അല്ലേ? വായുവും വെള്ളവും ഭക്ഷണവും മണ്ണും മനസ്സും പോലും മലിനമാക്കുന്ന കീടനാശിനികളെ എതിര്‍ക്കേണ്ടതല്ലേ?
കേവലം ഒരു കൊക്കകോല കമ്പനിയെ എതിര്‍ത്തുവെന്നതോ എന്‍ഡോസള്‍ഫാനെ വളരെ വൈകിയാണെങ്കിലും ഭാഗികമായി എതിര്‍ത്തുവെന്നതോ വീടിനു മുകളില്‍ അല്‍പം പച്ചക്കറി നട്ടുവെന്നതോ ഒന്നുമല്ല വലിയ കാര്യം. നയങ്ങള്‍ ഇപ്പോഴും ഈ കച്ചവടങ്ങളെ പിന്താങ്ങുന്നു എന്നതാണ്. കൊക്കകോല പൂട്ടിയിട്ടും അതുപോലെയുള്ള പെപ്‌സി അടക്കമുള്ള കമ്പനികളെ പിന്താങ്ങാന്‍ ഇടതുപക്ഷ മന്ത്രിമാര്‍ പോലും തയ്യാറാവുന്നു. കുടിക്കാനും കൃഷിക്കും വേണ്ടിയുള്ള മലമ്പുഴയിലെ വെള്ളത്തിന്റെ വലിയൊരു പങ്കും പെപ്‌സിക്കും ബിയര്‍ കമ്പനിക്കും കൊടുക്കാന്‍ ഒരു സര്‍ക്കാര്‍ ഇപ്പോഴും തീരുമാനിക്കുന്നതെങ്ങനെ? കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിലേക്ക് വിഷമൊഴുക്കുന്ന സ്ഥാപനങ്ങളെ ഇവര്‍ സംരക്ഷിക്കുന്നതെന്തിന്?
തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആറു മാസത്തിനകം നെല്ല് ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചവര്‍ രണ്ടു വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും അതു ചെയ്തില്ലെന്നു മാത്രമല്ല, നെല്‍വയല്‍ നികത്തിയാല്‍ ചെറിയ തുക പിഴ ഈടാക്കി അതിനു സാധൂകരണം നല്‍കാന്‍ നടപടി എടുക്കുകയാണ്. പാറമടകള്‍ക്ക് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി പ്രവര്‍ത്തനാനുമതി നല്‍കാന്‍ വെമ്പല്‍ കൊള്ളുകയാണ്. ചെങ്കല്ലിന്റെയും മണ്ണിന്റെയും ഖനനം നിര്‍ബാധം തുടരുന്നു. അതിരപ്പിള്ളി പദ്ധതിക്കായി വാശിപിടിക്കുകയാണ്. കേരളത്തെ 10 വര്‍ഷം കൊണ്ട് സമ്പൂര്‍ണ ജൈവ സംസ്ഥാനമാക്കുമെന്ന നയം സ്വീകരിച്ചവര്‍ 10 വര്‍ഷം കൊണ്ട് പശ്ചിമഘട്ട മലനിരകളെ ജൈവമാക്കണമെന്ന് യുക്തിയുക്തം സ്ഥാപിച്ച ഗാഡ്ഗിലിനെ നാടുകടത്തണമെന്നു വാശിപിടിക്കുന്നു.                                                         ി

(അവസാനിക്കുന്നില്ല)
Next Story

RELATED STORIES

Share it