kozhikode local

വികസനനേട്ടങ്ങള്‍ അക്കമിട്ട് സിറ്റിങ് എംഎല്‍എ; കോട്ടങ്ങള്‍ ചൂണ്ടിക്കാട്ടി യുഡിഎഫും ബിജെപിയും

കോഴിക്കോട്: വടകര മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ അക്കമിട്ട് പറഞ്ഞ സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ സി കെ നാണുവിനെ കോട്ടങ്ങള്‍ ചൂണ്ടിക്കാട്ടി യൂഡിഎഫ്, ബിജെപി മല്‍സരാര്‍ഥികള്‍ പ്രതിരോധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും വടകരയുടെ വികസനവുമായി ബന്ധപ്പെട്ട് വാക്ശരങ്ങള്‍ പരസ്പരം തൊടുത്തത്.
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിച്ച സംഖ്യ, മികച്ച ഗതാഗത സൗകര്യമുണ്ടാക്കുന്നതില്‍ സ്വീകരിച്ച നടപടികള്‍, കളിസ്ഥലം തുടങ്ങിയവയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ നടപ്പാക്കുന്ന പദ്ധതികളും സി കെ നാണു സദസ്സിന് മുമ്പില്‍ അവതരിപ്പിച്ചു. എന്നാല്‍, യുഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്‍ മണ്ഡലത്തിലെ സ്‌കൂളുകളുടെയും കോളജിന്റെയും ദുരവസ്ഥ നിരത്തിയാണ് പ്രതിരോധിച്ചത്. മടപ്പള്ളി കോളജിന്റെ നിലവാരം ഉയര്‍ത്താനുള്ള യാതൊരു നടപടിയും ഉണ്ടായില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ ടി വികസനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, നാളികേരാധി—ഷ്ഠിത വ്യവസായം, മികച്ച റോഡ്, ടൂറിസവുമായി ബന്ധപ്പെട്ടുള്ള പദ്ധതികള്‍ എന്നിവ വേണമെന്നും ഇതിനായി യത്‌നിക്കുമെന്നും അദ്ദേഹം അറിയിച്ചു. മല്‍സ്യ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, കുടിവെള്ള പ്രശ്‌നം എന്നിവയ്ക്കുള്ള പരിഹാരവും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാതാ വികസനം മുഖാമുഖത്തില്‍ ചര്‍ച്ചയായി. നാലുവരിപാതയ്ക്ക് 30 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്താല്‍മതിയെന്നും സി പി എം ഉള്‍പ്പെടെയുള്ള ഇടത് മുന്നണിയുടെ ആവശ്യം 45 മീറ്ററാണെന്നും മനയത്ത് ചന്ദ്രന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സി കെ നാണു എതിര്‍ത്തു. ദേശീയ പാത വികസനത്തിന് ഫണ്ട് അനുവദിക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളെ കുടിയൊഴിപ്പിച്ച് റോഡ് നിര്‍മിക്കണമെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്ന് സി കെ നാണു പറഞ്ഞു.
എന്നാല്‍, ഇരു മുന്നണികളും പ്രതിനിധീകരിച്ച വടകരയുടെ വികസന തളര്‍ച്ചയെ കുറിച്ചായിരുന്നു ബി ജെ പി സ്ഥാനാര്‍ഥി അഡ്വ. എം. രാജേഷ് ചൂണ്ടിക്കാട്ടിയത്. വടകരയുടെ കുടിവള്ള പ്രശ്‌നം, മാലിന്യ പ്രശ്‌നം എന്നിവ പരിഹരിക്കാനുള്ള നടപടികളൊന്നുമുണ്ടായില്ല. ആര്‍എംപി പിടിക്കുന്ന വോട്ട് ആര്‍ക്ക് ക്ഷീണം ചെയ്യുമെന്ന കാര്യത്തില്‍ മയത്ത് ചന്ദ്രന് സംശയമില്ലായിരുന്നു. എല്‍ ഡി എഫ് വോട്ടാണ് അവര്‍ നേടുകയെന്ന് അദ്ദേഹം പറഞ്ഞു. വടകരയുടെ വികസന മുരടിപ്പ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവണമെന്നും വടകരയുടെ സമഗ്രമായ മാറ്റത്തിന് വേണ്ടി ജനങ്ങള്‍ പ്രതികരിക്കണമെന്നും കെ കെ രമ ആവശ്യപ്പെട്ടു. പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ രാജേഷ്, വിപുല്‍ നാഥ് സംസാരിച്ചു.
Next Story

RELATED STORIES

Share it