kannur local

വികസനത്തിന് തണ്ണീര്‍ത്തടങ്ങള്‍ നികത്തേണ്ടി വരും: ജെയിംസ് മാത്യു എംഎല്‍എ

കണ്ണൂര്‍: നാടിന്റെ വികസനത്തിന് ചിലപ്പോള്‍ തണ്ണീര്‍തടങ്ങള്‍ നികത്തേണ്ടി വരുമെന്നും കേരളത്തില്‍ അങ്ങോളമിങ്ങോളം റോഡ് വികസനത്തിനായി നിരവധി കുളങ്ങളും മറ്റും നികത്തിയിട്ടുണ്ടെന്നും തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കീഴാറ്റൂരില്‍ ബൈപാസ് പണിയുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ദേശീയപാത അതോറിറ്റിക്കും അവര്‍ നിയോഗിച്ച കണ്‍സള്‍ട്ടന്‍സിക്കുമാണ് തളിപ്പറമ്പ് ബൈപാസിന് വേണ്ടിയുള്ള അലൈന്‍മെന്റ് തീരുമാനിക്കാനുള്ള അവകാശം.
കീഴാറ്റൂരില്‍ മേല്‍പാലം പണിയുന്ന കാര്യം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള സബ്മിഷന്‍ താന്‍ നിയമസഭയില്‍ ഉന്നയിച്ചത് എങ്ങനെയെങ്കിലും വികസനം ഉണ്ടാവട്ടെയെന്ന് കരുതിയാണ്. കീഴാറ്റൂരിലൂടെ തന്നെയാണ് അലൈന്‍മെന്റ് വേണ്ടതെന്ന് ദേശീയപാത അതോറിറ്റി പറഞ്ഞാല്‍ അത് ഏറ്റെടുത്ത് കൊടുക്കും.
അതല്ല, മറ്റേതെങ്കിലും അലൈന്‍മെന്റ് കാണിച്ചാല്‍ അത് ചെയ്തുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. അത് കൃത്യമായി നിര്‍വഹിക്കാന്‍ സര്‍ക്കാരിന് സാധിക്കണം. എങ്കിലേ നാടിന് വികസനം ഉണ്ടാവുകയുള്ളൂവെന്നും എംഎല്‍എ പറഞ്ഞു.
രാജ്യത്ത് എത്രയോ ഇടങ്ങളില്‍ ദേശീയപാതാ അതോറിറ്റിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. എതിര്‍പ്പുമായി വരുന്നവരുടെ നിലപാടിനനുസരിച്ച് മാറാന്‍ തീരുമാനിച്ചാല്‍ വികസനം എങ്ങനെ നടക്കും.  തണ്ണീര്‍ത്തടങ്ങളും വയലുകളും സംരക്ഷിക്കാനുള്ള ശക്തമായ നിലപാടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
നിയമത്തില്‍ തന്നെ പൊതു ആവശ്യത്തിനു വേണ്ടി സര്‍ക്കാറിന് ഇതില്‍ മാറ്റം വരുത്തി തീരുമാനമെടുക്കാമെന്ന്  വ്യക്തമാക്കിയിട്ടുള്ളതാണ്. തളിപ്പറമ്പ് ബൈപാസ് കീഴാറ്റൂര്‍ പ്രദേശത്ത് കൂടി കടന്നുപോകുന്നതിനുള്ള അലൈന്‍മെന്റ് തീരുമാനിക്കുന്നതിന് മുമ്പ് തന്നെ പാരിസ്ഥിതികആഘാതം, സാമൂഹിക ആഘാതം, പുനരധിവാസം തുടങ്ങിയവയെ കുറിച്ചെല്ലാം രണ്ട് തവണ പഠനം നടത്തി കഴിഞ്ഞിരുന്നു.
തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും കൊടുങ്ങല്ലൂരിലുമൊക്കെ പാടംനികത്തി റോഡ് പണിയുമ്പോള്‍ സുഗതകുമാരിയെപ്പോലുള്ളവരുടെ കണ്ണീരു കണ്ടില്ലല്ലോ. അവര്‍ എവിടെയായിരുന്നു? കീഴാറ്റൂരില്‍ വന്ന് അസ്വസ്ഥരായി കണ്ണീരൊഴുക്കുന്നതു കപട പരിസ്ഥിതിവാദികളാണ്. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലുമൊന്നും ബൈപാസ് വേണ്ടെങ്കില്‍ തളിപ്പറമ്പുകാര്‍ക്കും വേണ്ട. നെല്‍വയലും തണ്ണീര്‍ത്തടവും നികത്താതെ രണ്ടുവരിപ്പാത നാലുവരിപ്പാതയാക്കാനാവില്ല.
കൊല്ലത്ത് 43 കിലോമീറ്റര്‍ പാത, ഭൂമി നികത്തി നിര്‍മ്മിക്കുന്നു.  തീരദേശ ഭൂമി ഇല്ലാതാക്കിയാണ് ആലപ്പുഴയിലെ നിര്‍മ്മാണം. എന്നാല്‍  ഈ വിഷയത്തിലൊന്നും ഒരു പരിസ്ഥിതിവാദിയും പ്രതികരിച്ചില്ല.68 കുളം നികത്തി കൊടുങ്ങല്ലൂര്‍  ബൈപ്പാസ് നികത്തിയപ്പോഴും പരിസ്ഥിതി വാദികള്‍ മിണ്ടാഞ്ഞതെന്തുകൊണ്ടാണെന്നും ജയിംസ് മാത്യു ചോദിച്ചു. ഒരു നാട് കത്തിക്കരുത് എന്നാണ് കീഴാറ്റൂര്‍കാര്‍ക്കും തളിപ്പറമ്പുകാര്‍ക്കും കേരളത്തോട് പറയാനുള്ളതെന്നും എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it