വികസനത്തിന് തടസ്സം അധികാരികളുടെ തര്‍ക്കം: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: അധികാരസ്ഥാനത്തിരിക്കുന്നവരുടെ തര്‍ക്കങ്ങളാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനു തടസ്സമെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. കണ്ണൂര്‍ ഉള്‍പ്പെടെ പുതിയ വിമാനത്താവളങ്ങള്‍ ഉണ്ടാവുന്നതില്‍ കുഴപ്പമില്ല. എന്നാല്‍, കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രാധാന്യം ഇല്ലാതാക്കാനുള്ള അദൃശ്യശക്തികളുടെ നീക്കങ്ങള്‍ തകര്‍ക്കുമെന്നും ജനകീയ മുന്നേറ്റത്തിനു മുന്നില്‍ ഇത്തരം ശ്രമങ്ങള്‍ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുക, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനസ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എം കെ രാഘവന്‍ എംപിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 24 മണിക്കൂര്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കാന്‍ ഒരു തടസ്സവുമില്ല.
സുരക്ഷാപ്രശ്‌നങ്ങളില്ലെന്നും വൈറ്റ് ബോഡി എയര്‍ക്രാഫ്റ്റുകള്‍ ഇറക്കാവുന്നതാണെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനങ്ങള്‍ ഇറക്കാമെന്ന് എയര്‍ലൈന്‍സും ഉറപ്പുതന്നിട്ടുണ്ട്. തടസ്സമായി ഉന്നയിക്കുന്നത് സ്ഥലമേറ്റെടുപ്പാണ്. വിമാനങ്ങള്‍ ഇറക്കുന്നതുമായി ഇതിനു ബന്ധമില്ല. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കൂടിക്കാഴ്ചയ്ക്കു ശ്രമമാരംഭിച്ചിട്ടുണ്ട്. ഈ മാസം 18ന് സിവില്‍ എവിയേഷന്‍ മന്ത്രിയെ നേരിട്ടു കണ്ട് വിഷയം അവതരിപ്പിക്കും. എയര്‍പോര്‍ട്ട് പൂര്‍വസ്ഥിതിയിലാക്കാന്‍ തൊഴിലാളികള്‍ നടത്തുന്ന സമരം ന്യായമാണ്. എയര്‍പോര്‍ട്ട് ഇല്ലാതായാല്‍ നിരവധി സാധാരണക്കാരായ തൊഴിലാളികളുടെ ഉപജീവനമാര്‍ഗമാണു മുടങ്ങുക. സമരം ചെയ്യുന്ന തൊഴിലാളികളുടെ ആവശ്യവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മനസ്സിലാക്കണം. ഈ അവസരത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it