Flash News

വികസനത്തിന് എതിരു നില്‍ക്കുന്നത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി ; കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തി പിണറായി വിജയന്‍



കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിയെ സാക്ഷിയാക്കി  കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തി മുഖ്യമന്ത്രി.  കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആര് നിര്‍വഹിക്കണമെന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടായിരുന്നില്ലെന്നും കേന്ദ്രവും  സംസ്ഥാനവും ചേര്‍ന്ന് യാഥാര്‍ഥ്യമാക്കിയ കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി തന്നെ നിര്‍വഹിക്കണമെന്നു തീരുമാനിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോയുടെ പേരില്‍ വിവാദത്തിനു ശ്രമിച്ചവര്‍ നിരാശരായെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചുതന്നെയാണു പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസനമെന്ന കേന്ദ്ര മുദ്രാവാക്യം കേരളം ഏറ്റെടുക്കുന്നു. വികസന കാര്യത്തില്‍ കേരളത്തിന് ഒരുപാട് മുന്നേറാനുണ്ട്. ഈ മുന്നേറ്റത്തിന് കേന്ദ്രസഹായം ആവശ്യമാണ്. വികസന മുന്നേറ്റത്തിനാവശ്യമായ വിഭവശേഷി സംസ്ഥാനത്തിനില്ല. എന്നാല്‍ വികസനത്തോട് പോസിറ്റീവായ സമീപനമാണ് സര്‍ക്കാരിന്റേതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏതു വികസനപ്രവര്‍ത്തനവും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന സന്ദേശമാണ് കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കിയതിലൂടെ കേരളം ലോകത്തിനു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസനപ്രവൃത്തികള്‍ നടപ്പാവുമ്പോള്‍ ചിലരെങ്കിലും അതിന്റെ ഇരകളാവാറുണ്ട്. അത്തരക്കാരെ പുനരധിവസിപ്പിക്കണം എന്നതാണു സര്‍ക്കാര്‍ നിലപാട്. പുനരധിവാസ പദ്ധതികള്‍ ഒരുക്കിയിട്ടും വികസന പ്രവൃത്തികള്‍ക്കെതിരേ എതിര്‍പ്പുമായി വന്നാല്‍ സര്‍ക്കാര്‍ പിന്നോട്ടു പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു സംസ്ഥാനസര്‍ക്കാരിനെ പുകഴ്ത്തിയാണ് സംസാരിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചു നിന്നതിനാലാണ് ഇത്രവേഗത്തില്‍ കൊച്ചി മെട്രോ നിര്‍മാണം പൂര്‍ത്തിയായതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
Next Story

RELATED STORIES

Share it