Kollam Local

വികസനത്തിന് ഇനി ബ്ലോക്ക്ഇല്ല; ജില്ലാ കലക്ടര്‍ ഇന്ന് ബ്ലോക്കില്‍



കൊല്ലം: വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍ വിഭാവനം ചെയ്ത കര്‍മ്മപദ്ധതിക്ക് ഇന്ന് തുടക്കം.  ബ്ലോക്ക് പഞ്ചായത്ത് മേഖലയിലെ ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ഒരു ദിവസം ചെലവിട്ട് അവരുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങളുടെ ഗതിവേഗം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.ബ്ലോക്കില്‍ ഒരു ദിവസം കലക്ടര്‍ എന്ന പേരിലുള്ള പരിപാടി ഇന്ന് രാവിലെ ഒന്‍പതിന് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ആരംഭിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളുടെയും അവയുമായി ബന്ധപ്പെട്ട പ്രര്‍ത്തനങ്ങളുടെയും അവലോകനമാണ് ആദ്യം നടക്കുക. ബ്ലോക്ക് പഞ്ചായത്ത് മേഖലയിലെ പ്രധാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കലക്ടര്‍ക്കൊപ്പം ഇതില്‍ പങ്കുചേരും.തുടര്‍ന്ന് ജനപ്രതിനിധികളുമായുള്ള ആശയവിനിമയും ചര്‍ച്ചയും പൊതുവിഷയങ്ങളുടെ അവതരണവുമുണ്ടാകും. യുവതീയുവാക്കളുമായി മുഖാമുഖം നടത്തുന്ന കലക്ടര്‍ പ്രീമെട്രിക് ഹോസ്റ്റലുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, കെയര്‍ ഹോമുകള്‍, കോളനികള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ സന്ദര്‍ശനവും നടത്തും.  തങ്ങളുടെ ചുമതലയിലുള്ള പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി നിശ്ചിത മാതൃകയില്‍ മുന്‍കൂട്ടി തയ്യാറാക്കി അവതരിപ്പിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികള്‍ക്ക് പൊതുവായ പ്രശ്‌നങ്ങളും പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. നാടിന്റെ വികസനത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും ഭരണപ്രക്രിയ്ക്ക് ഊര്‍ജ്ജം പകരുന്ന ആശയങ്ങളും തേടിയാണ് കലക്ടര്‍ യുവതീ യുവാക്കളുമായി മുഖാമുഖം നടത്തുന്നത്. ഗ്രാമീണ മേഖലയില്‍ നേരിട്ട് സേവനം ലഭ്യമാക്കുന്നതുവഴി  ഭരണ നിര്‍ഹണം കൂടുതല്‍ ജനസൗഹൃദമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.  ഒരു മാസത്തില്‍ രണ്ടു ബ്ലോക്കുകളില്‍ വീതം കലക്ടര്‍ സന്ദര്‍ശനം നടത്തും.
Next Story

RELATED STORIES

Share it