വികസനത്തിന്റെ മാനദണ്ഡമല്ല ജിഡിപി

ഇ  ജി  രാജന്‍
ഒരു രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന ചരക്കിന്റെയും സേവനത്തിന്റെയും ധനമൂല്യമാണ് മൊത്തം ആഭ്യന്തര ഉല്‍പാദനം. ജിഡിപി എന്ന പ്രയോഗം അമേരിക്കയില്‍ 1937ലാണ് ആദ്യമായി ആരംഭിച്ചത്. രാജ്യപുരോഗതിയുടെ അളവുകോലായി ജിഡിപി ഏറെക്കാലം പരിഗണിച്ചുവന്നിരുന്നു. ധനമൂല്യപുരോഗതിയിലുണ്ടാവുന്ന വളര്‍ച്ച സാധാരണ ജനങ്ങളുടെ ജീവിതനിലവാര പുരോഗതിയില്‍ പ്രതിഫലിക്കുന്നില്ല എന്ന ബോധം 1950കളോടെ ലോകത്ത് ഉയര്‍ന്നുവന്നു. അതോടെ രാജ്യപുരോഗതിയുടെ ഏക മാനദണ്ഡമായി ജിഡിപി വിലയിരുത്താനാവില്ല എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. ആരോഗ്യം, വിദ്യാഭ്യാസം, ധനവിതരണം, പൊതുക്ഷേമം തുടങ്ങിയ മൗലിക മാദണ്ഡങ്ങള്‍ ജിഡിപിയെ സ്വാധീനിക്കുന്നില്ല എന്നതാണ് യഥാര്‍ഥ വസ്തുത.
മാനവിക വികസന സൂചിക (എച്ച്ഡിഐ) എന്ന ആശയം ആദ്യമായി ലോകത്ത് അവതരിപ്പിച്ചത് പാകിസ്താനിലെ മുന്‍ ധനമന്ത്രിയും അറിയപ്പെടുന്ന ധനതത്ത്വശാസ്ത്ര പണ്ഡിതനുമായ മെഹ്ബൂബുല്‍ ഹഖാണ്. 30 വര്‍ഷത്തെ പഠനത്തിനു ശേഷമായിരുന്നു ഇത്. വികസനത്തിന്റെ അടിസ്ഥാനകേന്ദ്രം ദേശീയ വരുമാനത്തില്‍ നിന്ന് ജനക്ഷേമപദ്ധതികളിലേക്കു മാറണം എന്നതായിരുന്നു ഹഖിന്റെ കാഴ്ചപ്പാട്. ഒരു ഹ്യൂമന്‍ ഡെവലപ്‌മെന്റ് റിപോര്‍ട്ട് തയ്യാറാക്കുന്നതിനു വേണ്ടി ധനശാസ്ത്ര പണ്ഡിതരായ പോള്‍ സ്ട്രീം, ഫ്രാന്‍സിസ് സ്റ്റുവര്‍ട്ട്, ഗുസ്താവ് റാനീസ്, കെയ്ക് ഗ്രിഫിന്‍, സുധീര്‍ ആനന്ദ്, മേഘനാഥ് ദേശായി എന്നിവര്‍ അടങ്ങുന്ന സംഘത്തെ ഹഖ് നിയോഗിച്ചു. ആരോഗ്യകരമായ ജീവിതദൈര്‍ഘ്യം, ശരാശരി വിദ്യാഭ്യാസ കാലയളവ്, ജീവിതനിലവാരം എന്നീ മൂന്ന് അടിസ്ഥാന ഘടകങ്ങളില്‍ ഊന്നിയാണ് ആദ്യത്തെ റിപോര്‍ട്ട് തയ്യാറാക്കിയത്. ഇതിന്റെ ഫലമായി 1990ല്‍ ഐക്യരാഷ്ട്രസഭ ആദ്യത്തെ മാനവിക വികസന സൂചിക പ്രസിദ്ധീകരിച്ചു. സൂചിക പൂജ്യം മുതല്‍ ഒന്നു വരെ ആയാണു നിശ്ചയിച്ചിരിക്കുന്നത്. ഒരു വികസനവും ഇല്ലാത്ത രാജ്യവും സമ്പൂര്‍ണ വികസനമുള്ള രാജ്യവും ഇല്ലാത്തതുകൊണ്ട് സൂചിക ഒരിക്കലും 'പൂജ്യ'വും 'ഒന്നും' ആവുന്നില്ല.
ജിഡിപിയുടെ തോതുകൊണ്ട് ജനക്ഷേമത്തെ അളക്കാനാവില്ല എന്ന വാദവുമായി 1972ല്‍ ഭൂട്ടാന്‍ രാജാവ് ജിഗ്‌മെ സിന്‍ജെ വാങ്ചുക് രംഗത്തെത്തി. ഭൂട്ടാന്‍ ജനങ്ങളുടെ സന്തോഷമാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനു വേണ്ടി ഒരു നാഷനല്‍ ഹാപ്പിനസ് ഇന്‍ഡക്‌സിനു രൂപം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഹാപ്പിനസ് ഇന്‍ഡക്‌സ് സൂചിക നിശ്ചയിക്കുന്ന വിദ്യാഭ്യാസം, ആരോഗ്യകരമായ മാനസികാവസ്ഥ, പൊതു ആരോഗ്യം, സാംസ്‌കാരിക വൈവിധ്യവും സംരക്ഷണവും, സാമൂഹിക ഊര്‍ജസ്വലത, പരിസ്ഥിതി വൈവിധ്യവും സംരക്ഷണവും, ജീവിതനിലവാരം എന്നിവയുടെ അടിസ്ഥാനത്തില്‍ ഭൂട്ടാന്റെ ശ്രമഫലമായി 2011ല്‍ സമഗ്ര വികസനത്തിന് സന്തോഷസൂചിക എന്ന പ്രമേയം പാസാക്കി. മനുഷ്യരാശിയുടെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ് 'സന്തുഷ്ടി' എന്ന് യുഎന്‍ പ്രഖ്യാപിക്കുകയും ചെയ്തു. 2012ല്‍ അന്നത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ഭൂട്ടാന്‍ പ്രധാനമന്ത്രി ജിഗ്‌മെ തിന്‍ ലെയും പങ്കെടുത്ത യുഎന്‍ ഉന്നതതല യോഗത്തില്‍ ആദ്യത്തെ മൊത്തം ദേശീയ ഹാപ്പിനസ് ഇന്‍ഡക്‌സ് പ്രസിദ്ധീകരിച്ചു.
ജിഡിപിയില്‍ 2017ലെ കണക്കനുസരിച്ച് ഇന്ത്യ ഏഴാംസ്ഥാനത്താണ്. ആദ്യ 12 രാജ്യങ്ങള്‍ യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ്, യുകെ, ഇന്ത്യ, ബ്രസീല്‍, ഇറ്റലി, കാനഡ, ദക്ഷിണ കൊറിയ, റഷ്യ എന്നിവയാണ്.
സാമ്പത്തികശക്തിയില്‍ മുന്നില്‍ നില്‍ക്കുന്ന ഈ 12 രാജ്യങ്ങളും മാനവ വികസന സൂചികയില്‍ ഇതേപോലെ മുന്നിലല്ല. ലഭിക്കുന്ന സമ്പത്ത് ദാരിദ്ര്യനിര്‍മാര്‍ജനത്തിനും മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടി തൃപ്തികരമായ അളവില്‍ ഉപയോഗിക്കാത്തതാണ് ഇതിനു കാരണം. എച്ച്ഡിഐയുടെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ വിലയിരുത്തിയാല്‍ മാത്രമേ ആ രാജ്യങ്ങളിലെ ജനങ്ങളുടെ ക്ഷേമത്തിന്റെ യഥാര്‍ഥ ചിത്രം തെളിയുകയുള്ളൂ.
ജിഡിപിയില്‍ ഒന്നാംസ്ഥാനത്തുള്ള രാജ്യമായ യുഎസ് മാനവിക സൂചികയില്‍ 10ാം സ്ഥാനത്താണ്. ജിഡിപിയില്‍ രണ്ടാംസ്ഥാനക്കാരായ ചൈന എച്ച്ഡിഐയില്‍ 90ാം സ്ഥാനത്താണ്. അതേപോലെ ജിഡിപിയില്‍ ഏഴാം സ്ഥാനക്കാരായ ഇന്ത്യക്ക് എച്ച്ഡിഐയില്‍ 131 ആണ് സ്ഥാനം. ജനസംഖ്യയുടെ 21 ശതമാനവും ദാരിദ്ര്യത്തില്‍ കഴിയുന്ന, 48 ശതമാനത്തിനു ശുചിമുറിയില്ലാത്ത, ഒന്നേമുക്കാല്‍ കോടിയിലേറെ ആള്‍ക്കാര്‍ക്ക് പാര്‍ക്കാന്‍ ഒരു ചെറ്റക്കുടില്‍പോലുമില്ലാത്ത ഇന്ത്യ 131ാം സ്ഥാനത്ത് നില്‍ക്കുന്നതില്‍ അദ്ഭുതമില്ല. ഏറ്റവും പരിതാപകരമായ കാര്യം, 2014നു ശേഷം- അതായത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം- വികസന സൂചികയില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നതാണ്. 2017ലും നമ്മുടെ വികസന സൂചിക അതേ നിലയില്‍ തുടരുകയാണ്.
ജിഡിപിയില്‍ ആദ്യ 10ല്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ രണ്ടു രാജ്യങ്ങളേ (അമേരിക്ക, കാനഡ) എച്ച്ഡിഐയില്‍ ആദ്യ 10 രാജ്യങ്ങളില്‍ വരുന്നുള്ളൂ. അതുപോലെ ആദ്യ 10 ജിഡിപി രാജ്യങ്ങളില്‍ ഒന്ന് (കാനഡ) മാത്രമേ ആദ്യ 10 എന്‍എച്ച്‌ഐ രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നുള്ളൂ.                   ി

(കടപ്പാട്: ജനശക്തി, ജൂലൈ 16, 2018)
ി
Next Story

RELATED STORIES

Share it