Editorial

വികസനക്കിതപ്പ്

ഗോള കമ്പോള മൂലധനം ഇന്ത്യയില്‍ വികസനവും പുരോഗതിയും കൊണ്ടുവരുമെന്നാണ് നരേന്ദ്ര മോദി അടിയുറച്ചു വിശ്വസിക്കുന്നത്. അതുകൊണ്ടാണല്ലോ ഭരണത്തിലേറിയ നാള്‍ മുതല്‍ അദ്ദേഹം നിരന്തരം വിദേശ രാജ്യങ്ങളിലേക്കു കുതിച്ചുപായുന്നത്. ഇന്ത്യയില്‍ വികസനനിക്ഷേപത്തിനു പറ്റിയ കാലമാണിതെന്ന് മോദി എല്ലായിടത്തും പറഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്.

എന്നാല്‍, സര്‍ക്കാര്‍ പറയുന്നതൊന്നും കമ്പോളം ചെവിക്കൊള്ളുന്നില്ലെന്നാണ് തോന്നുന്നത്. കാരണം, അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സികള്‍ സമീപകാലത്ത് ഇന്ത്യയുടെ വികസനസാധ്യതകളില്‍ വെട്ടിക്കുറവു വരുത്തുന്നതായാണ് കാണുന്നത്.

ഫിച്ച്, മൂഡിസ് എന്നീ രണ്ടു പ്രമുഖ ഏജന്‍സികള്‍ പറയുന്നത് ഈ വര്‍ഷം ഇന്ത്യയുടെ പ്രതീക്ഷിത വികസനനിരക്ക് കുറയുമെന്നാണ്. ഫിച്ചിന്റെ ജൂലൈയിലെ കണക്കു പ്രകാരം അത് 8 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 7.8 ശതമാനമായി താഴും. അടുത്ത വര്‍ഷവും സ്ഥിതി അതുതന്നെ. 8.3 ശതമാനത്തില്‍ നിന്ന് 8.1 ശതമാനത്തിലേക്ക് അവര്‍ പ്രതീക്ഷ കുറച്ചിരിക്കുകയാണ്.

മൂഡിസും അതുതന്നെ പറയുന്നു. ഈ വര്‍ഷം 7.5 ശതമാനം പ്രതീക്ഷിച്ചത് 7 ആയി കുറയുമെന്നാണ് കഴിഞ്ഞ ദിവസം അവര്‍ പ്രവചിച്ചത്. ആഗോള മൂലധനം വികസ്വര കമ്പോളങ്ങളില്‍ നിന്നു നിക്ഷേപം പിന്‍വലിക്കുകയാണ് എന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ആഴ്ചകളില്‍ ആയിരം കോടി ഡോളറിന്റെ നിക്ഷേപമാണ് വികസ്വരരാജ്യങ്ങളില്‍ നിന്നു ഫിനാന്‍സ് കമ്പനികള്‍ പിന്‍വലിച്ചത്. അതില്‍ വലിയൊരു പങ്ക് പ്രതിസന്ധിയിലേക്കു കുതിക്കുന്ന ചൈനയില്‍ നിന്നുമായിരുന്നു. ചൈനയുടെ പ്രതിസന്ധി മറ്റു വികസ്വരരാജ്യങ്ങളെയും ബാധിക്കുമെന്നു തീര്‍ച്ച. ചുരുക്കത്തില്‍, മോദിയുടെ മോഹങ്ങള്‍ക്കു തിരിച്ചടിയായാണ് കമ്പോളത്തിന്റെ പോക്ക്.
Next Story

RELATED STORIES

Share it