palakkad local

വികസനകാര്യ സ്ഥിരം സമിതിയും ബിജെപിക്ക് നഷ്ടമായി

പാലക്കാട്: നഗരസഭയില്‍ ക്ഷേമകാര്യം, പൊതുമരാമത്ത് സ്ഥിരം സമിതിക്ക് പുറമെ വികസനകാര്യ സ്ഥിരം സമിതിയുടെ അധ്യക്ഷസ്ഥാനവും ബിജെപിക്ക് നഷ്ടമായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം സിപിഎം പിന്തുണയോടെ പാസായതോടെയാണ് ആറ് സ്ഥിരം സമിതിയില്‍ നിന്ന് മൂന്നെണ്ണത്തിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്നും ബിജെപി പുറത്തായത്.
ഇന്നലെ രാവിലെ 10ഓടെ കൗണ്‍സില്‍ ഹാളില്‍ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച ആരംഭിച്ചു. യുഡിഎഫ് അംഗങ്ങളും സിപിഎം അംഗങ്ങളും അവിശ്വാസ പ്രമേയ ചര്‍ച്ചയെ പിന്തുണച്ച് സംസാരിച്ചു. നാലംഗ ബിജെപി അംഗങ്ങള്‍ എതിര്‍ത്തു. ഇതോടെ വോട്ടെടുപ്പ് നടത്തുകയായിരുന്നു. ബിജെപി-4, യുഡിഎഫ്-4, സിപിഎം-1 എന്നിങ്ങനെ  ബിജെപിയുടെ ടി ബേബി അധ്യക്ഷയായ വികസനകാര്യ സ്ഥിരം സമിതിയില്‍ ഒമ്പത് അംഗങ്ങളാണുണ്ടായിരുന്നത്.
യുഡിഎഫിന്റെ നാലും സിപിഎമ്മിന്റെ ഒരംഗത്തിന്റെ വോട്ടും നേടി അവിശ്വാസം പാസാവുകയായിരുന്നു. സിപിഎം അംഗങ്ങളുടെ പിന്തുണയോടെ ക്ഷേമകാര്യം, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനെതിരെയുള്ള അവിശ്വാസം നേരത്തെ പാസായിരുന്നെങ്കിലും ആരോഗ്യകാര്യ സ്ഥിരം സമിതിയിലേക്കുള്ള അവിശ്വാസം എല്‍ഡിഎഫ് സ്വതന്ത്ര അംഗത്തിന്റെ വോട്ട് അസാധുവായത് കാരണം പരാജയപ്പെട്ടു.
ഇനി ധനകാര്യം, വിദ്യാഭ്യാസ സ്ഥിരം സമിതി മാത്രമേ അവിശ്വാസം നേരിടാനുള്ളൂ. ധനകാര്യസ്ഥിരം സമിതിയുടെ ചെയര്‍മാന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കൂടിയായതിനാല്‍ ഇതിന് പ്രത്യേകം അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കില്ല. അതേ സമയം, വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷനെതിരെ ഇന്നലെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it