Kollam Local

വികസനം കാത്ത് പുനലൂര്‍

പുനലൂര്‍: പുനലൂരിന്റെ വികസനത്തിനായുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍ പെരുമഴയോളമെങ്കിലും നടപ്പാകുന്നത് ചുരുക്കം ചിലത് മാത്രം.
സ്ഥലം എംഎല്‍എ കൂടിയായ കെ രാജു മന്ത്രിയായി സര്‍ക്കാരിലുണ്ടായിട്ടും പുനലൂരിന് ഫലമില്ലെന്ന അവസ്ഥയാണ്.വനം, വിനോദ സഞ്ചാര മേഖലയിലടക്കം വന്‍വികസന സാധ്യതയാണ് പുനലൂരിന് ഉള്ളത്. അച്ചന്‍കോവില്‍, ആര്യങ്കാവ്, തെന്മല കേന്ദ്രീകരിച്ച് വനമേഖല വികസന പദ്ധതി പരിഗണിക്കാനാകും.
കെ ബി ഗണേഷ് കുമാര്‍ വനം മന്ത്രിയായിരിക്കെ കൊല്ലത്ത് പ്രവര്‍ത്തിക്കുന്ന സി സി എഫ് ഓഫിസ് പത്തനാപുരത്ത് സ്ഥാപിക്കുവാന്‍ നടപടികള്‍  ആരംഭിച്ചിരുന്നു. വനമേഖലയോട് ചേര്‍ന്നാണ് വനം വകുപ്പിന്റെ ഉന്നതതല ഓഫിസ് വേണമെന്ന പരിഗണനയിലായിരുന്നു നടപടി.
എന്നാല്‍ പിന്നീട് മന്ത്രി സ്ഥാനം നഷ്ടമായതോടെ പദ്ധതി മരവിച്ചു. ഈ ഓഫിസ് പുനലൂരില്‍ കൊണ്ടുവരുവാന്‍ നടപടി വേണമെന്നാണ് ആവശ്യം. പുനലൂര്‍ ഡിഎഫ്ഒ ഓഫിസിനോട് ചേര്‍ന്ന് ഇതിനായി സ്ഥലസൗകര്യമുണ്ടെന്നിരിക്കെ വനം മന്ത്രി വേണ്ട നടപടി എടുത്താല്‍ വനം വകുപ്പ് ഉന്നത ഓഫിസ് പുനലൂരിലെത്തും.പുനലൂരില്‍ നിരവധി പദ്ധതികളാണ് പ്രഖ്യാപനമായി അവശേഷിക്കുന്നത്. മുഖ്യമന്ത്രി സംസ്ഥാനതല ഉദ്ഘാടനം പുനലൂരില്‍ നടത്തിയ ലൈഫ്മിഷന്‍ പദ്ധതിക്കായി പത്ത് മാസം പിന്നിടുമ്പോഴും ഒന്നും ചെയ്യാനായിട്ടില്ല. ആദ്യഘട്ടമായി 100 കുടുംബാംഗങ്ങള്‍ക്ക് പ്ലാച്ചേരിയിലടക്കം വീട് നിര്‍മിച്ച് നല്‍കുന്ന പദ്ധതിക്കായി നാളിതുവരെ ഒരു മണല്‍ തരിപോലും നുള്ളിയിടാനായിട്ടില്ല.പുനലൂര്‍ കേന്ദ്രമാക്കി ആര്‍ഡിഒ ആഫിസ് അനുവദിച്ചുവെന്നതും പ്രഖ്യാപനമായി. പ്രഖ്യാപനം കഴിഞ്ഞ് ഒരു വര്‍ഷം നീളുമ്പോഴും തുടര്‍നടപടികളില്ല എന്നാണ് ആക്ഷേപം.പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ വികസനവും പ്രഖ്യാപനത്തിലൊതുങ്ങി. കുണ്ടും കുഴിയും മഴ പെയ്താല്‍ ചളിക്കുളവുമായി മാറുന്ന അവസ്ഥയാണ്. വികസനത്തിനായി കോടികളാണ് പ്രഖ്യാപിച്ചത്. പാലക്കാട്ടേക്ക് മൂന്നു മാസം മുമ്പ് ആരംഭിച്ച ഡീലക്‌സ് ബസും തലസ്ഥാനത്തേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഒരു സൂപ്പര്‍ഫാസ്റ്റ് സര്‍വീസുമാണ് പ്രധാനപ്പെട്ടവ. പഴനി, മധുര, കോയമ്പത്തൂര്‍ എന്നിവയടക്കം പുതിയ സര്‍വീസുകളൊന്നും ആരംഭിക്കുവാന്‍ നടപടിയില്ല. കൊട്ടാരക്കര, പത്തനാപുരം ചടയമംഗലം ഡിപ്പോകളില്‍ നിന്നെല്ലാം നിരവധി പുതിയ സര്‍വീസുകള്‍ ആരംഭിച്ചു. കൊല്ലം-പുനലൂര്‍ ലോ ഫ്‌ളോര്‍ ,സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തിയത് പുനസ്ഥാപിക്കുവാനും ആയില്ല. തലസ്ഥാനത്തേക്ക് രാവിലെ എട്ടിനും ജില്ലാ ആസ്ഥാനത്തേക്ക് രാവിലെ 8.30 നും ലോ ഫ്‌ളോറോ,സൂപ്പര്‍ഫാസ്റ്റ് സര്‍വീസോ ആരംഭിക്കണമെന്ന ആവശ്യത്തിനും നടപടിയില്ല. രണ്ട് വര്‍ഷത്തിലധികമായി നിര്‍മാണം നിലച്ച ചെമ്മന്തൂര്‍ കോടതി കോംപ്ലക്‌സ് കാടുകയറി കിടക്കുകയാണ്. ചെമ്മന്തൂര്‍ സ്‌റ്റേഡിയം, ടൗണ്‍ ഹാള്‍ എന്നിവയും പൂര്‍ണതയിലെത്തിക്കുവാനായില്ല. പുനലൂരിലെ കല്ലടയാറില്‍ നിന്നും ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം കൊണ്ടു പോകുമ്പോള്‍ പുനലൂരിന് വെള്ളമില്ലാത്ത ഗതികേടിന് അറുതിയില്ല. നിരവധി കുടിവെള്ള പദ്ധതികള്‍ക്ക് ജലമെടുക്കുന്ന കല്ലടയാറ്റിലെ ജലനിരപ്പ് ക്രമപ്പെടുത്തുന്ന മുക്കടവ് തടയണയുടെ ഉയരം കൂട്ടുവാന്‍ ഒരു കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ നടപടികളില്ലാതെ കോള്‍ഡ് സ്‌റ്റോറേജിലാണ്. വര്‍ഷാവര്‍ഷം മണല്‍ചാക്ക് അടുക്കി ലക്ഷങ്ങള്‍ തട്ടുന്ന നടപടിക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ജനപ്രതിനിധികളും ഓശാന പാടുകയാണ്. റയില്‍വേ അടിപ്പാത നിര്‍മാണം പൂര്‍ത്തിയായിട്ടും അപ്രോച്ച് റോഡ് നിര്‍മാണത്തിന് സ്ഥലമേറ്റെടുക്കുന്ന നടപടിക്ക് ഒച്ചിഴയും വേഗമെന്നും ആക്ഷേപമുയരുകയാണ്. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുവാന്‍ ബൈപാസ് എന്നതും സ്വപ്‌നമായി അവശേഷിക്കുന്നു. നഗരത്തില്‍ ചിതറി കിടക്കുന്ന ജോയിന്റ് ആര്‍ ടി ഓഫിസ് ,വാട്ടര്‍ അതോറിറ്റി, ജില്ലാ വിദ്യാഭ്യാസ ഓഫിസ് തുടങ്ങിയവയടക്കം ഒരു കൂരയ്ക്ക് കീഴിലാക്കുവാന്‍ സിവില്‍ സ്‌റ്റേഷനില്‍ രണ്ട് നില കൂടി പണിയണമെന്ന ആവശ്യവും നടപ്പിലായിട്ടില്ല. അച്ചന്‍കോവില്‍ കേന്ദ്രമാക്കി പോലിസ് സ്‌റ്റേഷന്‍ എന്നതും നിലവിലുള്ള എയ്ഡ് പോസ്റ്റ് കെട്ടിടം ആധുനിക രീതിയില്‍ പണിയുമെന്നതും പ്രഖ്യാപനത്തിലാണ്. ഇത്തരത്തില്‍ നിരവധി ആവശ്യങ്ങളുണ്ടെങ്കിലും പ്രഖ്യാപനമല്ലാതെ തുടര്‍ നടപടികളൊന്നും ഇല്ല.
Next Story

RELATED STORIES

Share it