Pathanamthitta local

വികലാംഗ ദമ്പതികളുടെ ചിത്രശില്‍പങ്ങള്‍ മേളയില്‍ ശ്രദ്ധേയമായി

തിരുവല്ല: വിധിയെ തോല്‍പ്പിച്ച് കുടുംബം പുലര്‍ത്താന്‍ പ്രദര്‍ശന നഗറിലെത്തിയ വികലാംഗ ദമ്പതികളുടെ ചിത്ര ശില്‍പ്പങ്ങള്‍ മേളയില്‍ ഏറെ ശ്രദ്ധേയമായി. മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെ പുഷ്പഫല സസ്യ പ്രദര്‍ശന നഗറില്‍ പുനലൂര്‍ സ്വദേശി സണ്ണിയും ഭാര്യ അജിതയുമാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങളായ ചിത്രങ്ങളുമായി എത്തിയിട്ടുള്ളത്. ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുള്ളതല്ല, മറിച്ച് സണ്ണിയുടെ കുടുംബം പോറ്റാനുള്ള മാര്‍ഗമാണിത്.
മൊബൈല്‍ ടവര്‍ ജോലിക്കാരനായിരുന്ന പുനലൂര്‍ കലയനാട് പ്ലാച്ചേരി ഷാജി വിലാസത്തില്‍ സണ്ണി പുനലൂരില്‍ വച്ച് റെയില്‍വേ പാളം മറികടക്കുന്നതിനിടെ ട്രെയിനിടിച്ച് അപകടത്തില്‍പ്പെട്ടു. ഇത് 2005 ഒക്ടോബര്‍ 17നായിരുന്നു. അപകടത്തില്‍ രണ്ടു കാലുകളും വലതു കൈയ്യും നഷ്ടമായ സണ്ണിക്ക് മാതാവ് അമ്മിണി മാത്രമായിരുന്നു സഹായത്തിനുണ്ടായിരുന്നത്.
സണ്ണി പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പിതാവ് ശങ്കു മരണപ്പെട്ടിരുന്നു. പിന്നീട് ഏക ആശ്രയമായിരുന്ന മാതാവ് അമ്മിണി വീണ് നട്ടെല്ല് ഒടിഞ്ഞതോടെ സണ്ണിയുടെ ജീവിതം കഷ്ടമായി. ഏഴ് മാസം മുമ്പ് ചെങ്ങന്നൂര്‍ പെണ്ണുക്കര സ്വദേശിനി, പോളിയോ ബാധിച്ച് ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട അജിതയെ സണ്ണി ജീവിത സഖിയാക്കി.ഇതോടെ ജീവിത മാര്‍ഗത്തിനായി സണ്ണി ചിത്രരചന ആരംഭിച്ചു.
ആദ്യം കടലാസിലായിരുന്നുവെങ്കില്‍ പിന്നീട് ചിത്രങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്താന്‍ തുടങ്ങി.ഒപ്പം ചിത്രരചനയില്‍ അജിതയെയും കൂട്ടാളിയാക്കി.അജിത ഏര്‍പ്പെട്ടിരിക്കുന്നത് ഗ്ലാസ് പെയിന്റിങിലാണ്.ഇതിനാവശ്യമായ പണം കണ്ടെത്തുന്നത് ഇരുവരുടെയും വികലാംഗ പെന്‍ഷനിലൂടെയും മാതാവിന്റെ വിധവാ പെന്‍ഷനിലൂടെയുമാണ്. കൂടാതെ ഇവരുടെ ചിത്രങ്ങള്‍ വിപണനത്തിനായി ക്രമീകരണം തരപ്പെടുത്താന്‍ സണ്ണിയുടെ സുഹൃത്തുക്കളുടെ സാമ്പത്തിക സഹായവുമുണ്ട്.
വരയ്ക്കുന്ന ചിത്രങ്ങള്‍ വില്‍പ്പന നടത്തിയാണ് സണ്ണി കുടുംബം പോറ്റുന്നത്. സണ്ണിയുടെ ജീവിത കഥയില്‍ മനസ്സലിഞ്ഞ് തിരുവല്ലയിലെ പുഷ്‌പോല്‍സവ നഗറില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സൗജന്യ ക്രമീകരണം സംഘാടകര്‍ ഏര്‍പ്പെടുത്തിയത് തുണയായി.
Next Story

RELATED STORIES

Share it