Kollam Local

വികലാംഗയായ യുവതിയെ ഇടിച്ചിട്ട് കടന്ന വാഹനം കണ്ടെത്തി

പത്തനാപുരം: മുച്ചക്ര വാഹനത്തില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വികലാംഗയായ യുവതിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ കടന്നു കളഞ്ഞ വാഹനം പത്തനാപുരം പോലിസ് കണ്ടെത്തി. പത്തനാപുരം നടുക്കുന്ന് കോയിക്കമുകള്‍ ഷെറീന മന്‍സില്‍ ജലീല (28) ആണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം. പത്തനാപുരം-പുനലൂര്‍ റോഡില്‍ നിന്ന് കോയിക്കമുകള്‍ ഭാഗത്ത് വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ പിന്നാലെയെത്തിയ കാര്‍ ജലീലയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ജലീല കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.റോഡരികിലെ കാട്ടില്‍ അബോധാവസ്ഥയില്‍ കിടന്ന ജലീലയെ സമീപവാസികളാണ് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പിന്നീട് കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടം കണ്ട ഇരുചക്രവാഹന യാത്രക്കാരന്‍ പറഞ്ഞ വാഹനത്തിന്റെ നിറവും ഏകദേശ നമ്പരും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് പോലിസ് പുനലൂര്‍ സ്വദേശിയുടെ വാഹനം പിടികൂടിയത്. പത്തനാപുരം സിഐ അന്‍വറിന്റെയും എസ്‌ഐ പുഷ്പകുമാറിന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം.

Next Story

RELATED STORIES

Share it