kannur local

വിഐപി മണ്ഡലമാവാന്‍ ധര്‍മസങ്കടമില്ലാതെ ധര്‍മടം

കണ്ണൂര്‍: തിരഞ്ഞെടുപ്പിനു കേളികൊട്ടുയരുമ്പോള്‍ ധര്‍മസങ്കടമോ സങ്കോചമോ ഇല്ലാതെതന്നെ തയ്യാറെടുക്കുകയാണ് ധര്‍മടം മണ്ഡലം. ഇക്കുറി ഏവരും ഉറ്റുനോക്കുന്ന വിഐപി മണ്ഡലമാവാന്‍ കൂടി യോഗമുണ്ടാവുമെന്നാണു ധര്‍മടത്തുകാരുടെ പ്രതീക്ഷ.
എല്‍ഡിഎഫ് ഭരണത്തിലേറുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ധര്‍മടം മണ്ഡലത്തില്‍ നിന്നു ജനവിധി തേടാനാണു സാധ്യത. കഴിഞ്ഞ ദിവസം സിപിഎം ജില്ലാ കമ്മിറ്റി കണ്ണൂര്‍ ജില്ലയിലെ സാധ്യതാ സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ ധര്‍മടത്താണു പിണറായിയുടെ പേര് നിര്‍ദേശിച്ചിട്ടുള്ളത്.
പിണറായി വിജയന്റെ ജന്‍മസ്ഥലം ഉള്‍പ്പെടുന്ന മണ്ഡലം കൂടിയായതിനാല്‍ സാധ്യതയേറെയാണ്. 2011ലെ മണ്ഡല പുനര്‍നിര്‍ണയ പ്രകാരം എടക്കാട് മണ്ഡലം രൂപം മാറി ധര്‍മടമായപ്പോള്‍ കന്നിയങ്കത്തിലും തുണച്ചത് ഇടതിനെ തന്നെ. അതുകൊണ്ടുതന്നെ ഇക്കുറിയും ഇതില്‍ വലിയ മാറ്റമൊന്നുമുണ്ടാവില്ലെന്ന വിശ്വാസത്തിലാണ് ഇടതുക്യാംപും സിപിഎമ്മും.
കഴിഞ്ഞ തവണ സിപിഎമ്മിലെ കെ കെ നാരായണന്‍ 15,162 വോട്ടുകള്‍ക്കാണ് ഇവിടെ നിന്നു തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂര്‍ താലൂക്കിലെ അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂര്‍, മുഴപ്പിലങ്ങാട്, പെരളശ്ശേരി പഞ്ചായത്തുകളും തലശ്ശേരി താലൂക്കിലെ ധര്‍മടം, പിണറായി, വേങ്ങാട് പഞ്ചായത്തുകളുമടങ്ങിയതാണ് ധര്‍മടം മണ്ഡലം.
ഇടതുകോട്ടകളടങ്ങുന്ന പഞ്ചായത്തുകളുള്ള ധര്‍മടത്ത് അട്ടിമറിയില്‍ മാത്രമാണ് യുഡിഎഫ് പ്രതീക്ഷകള്‍. കഴിഞ്ഞ തവണയും ആത്മവിശ്വാസമില്ലാതെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നതു സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്നു വ്യക്തം. ആദ്യം സിഎംപിക്കു നല്‍കിയ സീറ്റില്‍ അവസാനനിമിഷമാണ് കോണ്‍ഗ്രസിലെ മമ്പറം ദിവാകരനെത്തിയത്. ധൃതിപിടിച്ചു നാമനിര്‍ദേശ പത്രിക നല്‍കിയതിന്റെ നോട്ടപ്പിശക് കൈപ്പത്തി ചിഹ്നം നഷ്ടമാവുന്നതിലേക്കാണെത്തിച്ചത്. കാലിനു പരിക്കേറ്റ് പ്രചാരണത്തില്‍ നിന്ന് ഏറെനാള്‍ വിട്ടുനിന്നിട്ടും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ സിപിഎമ്മിലെ കെ കെ നാരായണന്‍ ഈസി വാക്കോവര്‍ പോലെയാണു നിയമസഭയിലെത്തിയത്.
പിണറായി വിജയന്‍ മല്‍സരത്തിനെത്തുകയാണെങ്കില്‍ ശ്രദ്ധാകേന്ദ്രമായ മണ്ഡലമായി മാറുമെന്നുറപ്പ്. എന്നാല്‍, ഉറച്ച ഇടതുകോട്ടയെന്ന കണക്കുകൂട്ടലില്‍ യുഡിഎഫ് മണ്ഡലത്തില്‍ പ്രധാന സ്ഥാനാര്‍ഥിയെ നിര്‍ത്താറില്ലെന്നതാണു സത്യം. പിണറായി വിജയന്‍ നില്‍ക്കുകയാണെങ്കില്‍ യുഡിഎഫും മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്തും. കാരണം ആഞ്ഞുപിടിച്ച് ബലാബലമെത്തിക്കുകയോ ജയിച്ചുകയറുകയോ ചെയ്യുകയാണെങ്കില്‍ പിണറായി വിജയനെന്ന സിപിഎം നേതാവിന്റെ രാഷ്ട്രീയജീവിതത്തിനു തന്നെ കനത്ത ആഘാതമേല്‍പ്പിക്കാനാവുമെന്നു യുഡിഎഫ് കണക്കുകൂട്ടും.
ഇത്തരത്തില്‍ സംസ്ഥാനം തന്നെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിനായിരിക്കും ഒരുപക്ഷേ ഇക്കുറി ധര്‍മടം കാതോര്‍ക്കുകയെന്നുറപ്പ്.
Next Story

RELATED STORIES

Share it