വിഎസ്-പിണറായി സ്ഥാനാര്‍ഥിത്വം: സംസ്ഥാനഘടകം തീരുമാനിക്കും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും മല്‍സരിക്കുന്ന കാര്യത്തില്‍ ഡല്‍ഹിയില്‍ നടന്ന നേതൃയോഗത്തില്‍ അന്തിമ ധാരണയായില്ല. ഇക്കാര്യം മാര്‍ച്ച് രണ്ടിന് സംസ്ഥാനസമിതി തീരുമാനിക്കും. സ്ഥാനാര്‍ഥിപ്പട്ടികയില്‍ വിഎസും പിണറായിയും ഉണ്ടാവണമെന്ന നിര്‍ദേശം കേന്ദ്രനേതൃത്വം കേരള ഘടകത്തിനു നല്‍കിയിട്ടുണ്ട്.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വിഎസിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തില്ല. വിഎസിനെ മല്‍സരിപ്പിക്കണമെന്ന നിര്‍ദേശം യെച്ചൂരി യോഗത്തില്‍ ആവര്‍ത്തിച്ചു. ജയിച്ചാല്‍ ആരു മുഖ്യമന്ത്രിയാവുമെന്ന കാര്യത്തില്‍ കൃത്യമായ ധാരണ വേണമെന്നതാണ് ഔദ്യോഗികപക്ഷത്തിന്റെ നിലപാട്. അത് ഉറപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍. മുമ്പ് സംഭവിച്ചതുപോലെ അവസാന നിമിഷം വിഎസ് കാര്യങ്ങള്‍ തനിക്ക് അനുകൂലമാക്കുമോയെന്ന ഭയവും അവര്‍ക്കുണ്ട്. കൂടാതെ, വിഎസിനോട് അടുപ്പം സൂക്ഷിക്കുന്ന യെച്ചൂരി ജനറല്‍ സെക്രട്ടറി ആയതിനാല്‍ കാര്യങ്ങള്‍ കൈവിട്ടേക്കുമെന്ന ആശങ്കയും.
വിഎസിന്റെ സ്ഥാനാര്‍ഥിത്വകാര്യത്തില്‍ 2006ലും 2011ലും ഉണ്ടായതിന്റെ ആവര്‍ത്തനം ഇക്കുറി പാടില്ലെന്ന് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍, അച്യുതാനന്ദനെക്കൂടി കൂടെ നിര്‍ത്തിയുള്ള തീരുമാനത്തിനാണ് പാര്‍ട്ടിയുടെ നീക്കം. വിഎസിന്റെയും പിണറായിയുടെയും സ്ഥാനാര്‍ഥിത്വം തീരുമാനിക്കാനുള്ള സംസ്ഥാനസമിതി യോഗത്തില്‍ യെച്ചൂരിയും എസ്ആര്‍പിയും പങ്കെടുക്കാന്‍ ധാരണയായിട്ടുണ്ട്.
വിഎസ് പ്രചാരണം നയിക്കണമെന്നാണ് കേന്ദ്രനേതാക്കളുടെ ആഗ്രഹം. ലാവ്‌ലിന്‍ കേസില്‍ തനിക്കെതിരേ കോടതി പരാമര്‍ശമുണ്ടാവുമോയെന്ന ആശങ്ക പിണറായിക്ക് ഉണ്ടായിരുന്നെങ്കിലും ഹൈക്കോടതി ഉത്തരവോടെ അതും മാറിക്കിട്ടി. ഈ സാഹചര്യത്തില്‍ തന്നെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കി അവതരിപ്പിക്കണമെന്നാണ് പിണറായിയുടെ ആവശ്യം.
ആരൊക്കെ മല്‍സരിക്കണമെന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it