kannur local

വിഎസ് ഇന്നു ജില്ലയില്‍; ആദ്യ പ്രചാരണം പിണറായി വിജയനുവേണ്ടി

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ഇടതുക്യാംപില്‍ ആവേശം പകരാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഇന്നു കണ്ണൂരിലെത്തും. ഭാവി മുഖ്യമന്ത്രിയെന്നു സിപിഎം ഒളിഞ്ഞും തെളിഞ്ഞും വിശേഷിപ്പിക്കുന്ന പിണറായി വിജയനു വേണ്ടിയാണ് മുന്‍മുഖ്യമന്ത്രി കൂടിയായ വിഎസ് ആദ്യം പ്രചാരണം നടത്തുക. ധര്‍മടം മണ്ഡലത്തിലെ ചക്കരക്കല്ലില്‍ രാവിലെ 10.30ന് വിഎസ് സംസാരിക്കും.
പക്ഷേ വേദിയില്‍ സ്ഥാനാര്‍ഥി പിണറായി വിജയന്‍ ഉണ്ടാവില്ല. അദ്ദേഹം പ്രചാരണത്തിനായി തിരുവനന്തപുരത്താണ്. വൈകീട്ട് നാലിന് കെ കെ ശൈലജ മല്‍സരിക്കുന്ന കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പാനൂരും, 5.30ന് ഇരിട്ടിയിലും, 6.30ന് ഇ പി ജയരാജന്‍ മല്‍സരിക്കുന്ന മട്ടന്നൂരിലും വിവിധ പരിപാടികളില്‍ വി എസ് പങ്കെടുക്കും.
വിഎസ് വടക്കുനിന്നു പ്രചാരണം നടത്തുമ്പോള്‍ പിണറായി തെക്ക് നിന്നു മുന്നണിക്ക് വേണ്ടി വോട്ടുപിടിക്കാന്‍ രംഗത്തുണ്ട്.
പിണറായി-വിഎസ് പോര് രൂക്ഷമായ ഘട്ടത്തില്‍ ജില്ലയില്‍ പ്രവേശിപ്പിക്കാനുള്ള അപ്രഖ്യാപിത വിലക്ക് മറികടന്ന് വിഎസ് എത്തിയിരുന്നു. പാര്‍ട്ടി തീരുമാനങ്ങള്‍ക്കു വിപരീതമായി ചില അഭിപ്രായ പ്രകടനകള്‍ നടത്തിയ ഘട്ടത്തിലും പാര്‍ട്ടിയിലെ ഒരുവിഭാഗം വിഎസിനൊപ്പമുണ്ടായിരുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള വിഎസിന്റെ പ്രചാരണ പരിപാടികള്‍ക്ക് ഇന്നലെയാണ് തുടക്കം കുറിച്ചത്.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയവും അഴിമതിയും മുഖ്യവിഷയമാക്കി തനതു ശൈലിയിലാണ് വിഎസിന്റെ പ്രസംഗം. വിഎസ് ധര്‍മടത്ത് പ്രചാരണത്തിനെത്തുന്നതോടെ എല്‍ഡിഎഫ് ക്യാംപ് കൂടുതല്‍ ആവേശഭരിതരാവുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
Next Story

RELATED STORIES

Share it