Districts

വിഎസിന് ദേഹാസ്വാസ്ഥ്യം; പ്രചാരണപരിപാടികള്‍ റദ്ദാക്കി

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നു വിട്ടുനിന്നു. എറണാകുളത്തെ പര്യടനം പൂര്‍ത്തിയാക്കി ഇന്നലെ കോട്ടയത്തേക്കു കടക്കേണ്ടിയിരുന്ന വിഎസ് ദേഹാസ്വാസ്ഥ്യം കാരണം തിരുവനന്തപുരത്തേക്കു മടങ്ങി. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ വിഎസിനെയും പിണറായിയെയും ഇറക്കിയുള്ള കൊട്ടിക്കലാശമാണ് ഇടതുമുന്നണി തീരുമാനിച്ചത്. ദിവസങ്ങളായുള്ള തിരക്കിട്ട യാത്രകളും പ്രചാരണയോഗങ്ങളും കാരണം വിഎസിന് കഴിഞ്ഞരാത്രി കഫക്കെട്ടും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്നു കോട്ടയത്തേക്കു തിരിക്കേണ്ടിയിരുന്ന വിഎസ് എല്ലാ പരിപാടികളും റദ്ദാക്കി തിരുവനന്തപുരത്തേക്കു മടങ്ങിയത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണു വിശ്രമം. ആരോഗ്യനില മെച്ചപ്പെട്ടാല്‍ നാളെ ആലപ്പുഴ ജില്ലയില്‍ പ്രചാരണത്തിനു മടങ്ങിയെത്താനാണ് വിഎസിന്റെ തീരുമാനം. കഴിഞ്ഞദിവസങ്ങളില്‍ പ്രചാരണരംഗത്ത് ആഞ്ഞടിച്ച വിഎസ് യുഡിഎഫിനെയും ബിജെപി-എസ്എന്‍ഡിപി കൂട്ടുകെട്ടിനെയും കടന്നാക്രമിച്ചാണ് മുന്നേറിയത്. വെള്ളാപ്പള്ളിക്കെതിരേ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ച വിഎസ് പ്രചാരണരംഗത്ത് എല്‍ഡിഎഫിന് ആവേശം പകര്‍ന്നിരുന്നു.
അതേസമയം, സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച പുനരന്വേഷണം അട്ടിമറിക്കാതിരിക്കാനുള്ള ജാഗ്രത ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാവണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വെള്ളാപ്പള്ളി-ആര്‍എസ്എസ് സഖ്യത്തിന്റെ സൂത്രധാരനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെട്ട് ഈ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്. അതു സംഭവിക്കാതിരിക്കാന്‍ കേസുമായി ബന്ധപ്പെട്ടവര്‍ കരുതലോടെയിരിക്കണം. കേസുകള്‍ അട്ടിമറിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ വൈഭവം പല കേസുകളിലും കണ്ടിട്ടുള്ളതാണ്. പുനരന്വേഷണം നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വകവുമായി നടക്കുമെന്ന് ഒരുറപ്പുമില്ല. ബാര്‍കോഴ കേസ് അട്ടിമറിച്ചത് ഇതിനു തെളിവാണ്. എല്ലാ തെളിവുകളും ഉണ്ടായിട്ടും മന്ത്രി കെ എം മാണി പ്രതിയായ ബാര്‍കോഴ കേസ് അട്ടിമറിച്ചത് നാം കണ്ടതാണെന്നും വി എസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it