വിഎസിന്റെ പ്രസ്താവന: മുഖ്യമന്ത്രിയുടെ ഹരജി തള്ളി; ഇടക്കാല ഉത്തരവിന് സാങ്കേതിക തടസ്സമെന്ന് കോടതി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തനിക്കെതിരേ നടത്തുന്ന അപകീര്‍ത്തി പ്രസ്താവനകള്‍ വിലക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഉപഹരജി കോടതി തള്ളി. തിരുവനന്തപുരം അഡീഷനല്‍ ജില്ലാ ജഡ്ജി എ ബദറുദ്ദീനാണ് ഹരജി തള്ളിയത്. മാനനഷ്ടക്കേസില്‍ സ്ഥിരമായ ഇന്‍ജങ്ഷന്‍ നല്‍കണമെന്നാവശ്യപ്പെടാത്ത സാഹചര്യത്തില്‍, ഇടക്കാല ഉത്തരവിന് സാങ്കേതിക തടസ്സമുണ്ടെന്നു കോടതി വ്യക്തമാക്കി.
അതേസമയം, തനിക്കെതിരേ 31 കേസുകളുണ്ടെന്ന വിഎസിന്റെ ആരോപണത്തിനെതിരേ മുഖ്യമന്ത്രി സമര്‍പ്പിച്ച മാനനഷ്ട ഹരജി ജില്ലാ കോടതി വിചാരണക്കോടതിക്ക് വിട്ടു. കേസ് നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും ഇരുകൂട്ടര്‍ക്കും വിചാരണക്കോടതിയില്‍ തെളിവുകള്‍ നല്‍കാമെന്നും കോടതി അറിയിച്ചു.
ഉമ്മന്‍ചാണ്ടിക്കെതിരേ എഫ്‌ഐആറോ അഴിമതിക്കേസോ ഉണ്ടെന്ന് വിഎസ് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചെറുന്നിയൂര്‍ പി ശശിധരന്‍നായര്‍ ചൂണ്ടിക്കാട്ടി. കേസുകളുണ്ടെങ്കില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ അഡ്വ. എ സന്തോഷ്‌കുമാര്‍ വെല്ലുവിളിച്ചപ്പോഴായിരുന്നു വിഎസിന്റെ അഭിഭാഷകന്‍ മലക്കംമറിഞ്ഞത്. പരസ്യപ്രസ്താവനകളില്‍നിന്ന് വിഎസിനെ വിലക്കുന്നപക്ഷം അത് അദ്ദേഹത്തിന്റെ അവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റമാവുമെന്ന് കോടതി നിരീക്ഷിച്ചു. ഇടക്കാല ഉത്തരവിലൂടെ എന്താണു ലക്ഷ്യമാക്കുന്നതെന്ന് പ്രധാന ഹരജിയിലില്ല. ഭരണസംവിധാനത്തിന്റെ പാളിച്ച ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷനേതാവിന്റെ കടമയാണെന്നും മുഖ്യമന്ത്രിക്കെതിരേ ആരോപിച്ച കേസുകളുടെ രേഖകള്‍ നല്‍കുന്നതില്‍ പ്രതിപക്ഷനേതാവ് പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു.
Next Story

RELATED STORIES

Share it