വിഎസിന്റെ പദവിയില്‍ തീരുമാനം: ഇന്ന് ബംഗാള്‍ ഘടകത്തിന് രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ ബംഗാള്‍ ഘടകത്തിനെതിരേ രൂക്ഷ വിമര്‍ശനം. എന്നാല്‍, കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തില്‍ തെറ്റു സംഭവിച്ചെന്നു സമ്മതിക്കാന്‍ ബംഗാള്‍ ഘടകം വിസമ്മതിച്ചു. ഈ വിഷയത്തിലൂന്നി മാത്രം രണ്ടുദിവസത്തെ ചര്‍ച്ച മുന്നേറിയതോടെ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന് കേരള സര്‍ക്കാരില്‍ കാബിനറ്റ് പദവി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സമയം ലഭിച്ചില്ല.
കേന്ദ്രകമ്മിറ്റി ഇന്നലെ സമാപിക്കാന്‍ ഏറെ വൈകിയതിനാല്‍ പോളിറ്റ്ബ്യൂറോ യോഗം ഇന്നത്തേക്കു മാറ്റി. ഇന്ന് പിബിയില്‍ വിഎസിന്റെ വിഷയം പരിഗണിച്ച് തീരുമാനമെടുക്കുമെന്നാണു സൂചന. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായി നീക്കുപോക്ക് നടത്താനായിരുന്നു കേന്ദ്രകമ്മിറ്റി നേരത്തേ അനുമതി നല്‍കിയതെങ്കിലും പരസ്യമായ സഖ്യമാണു നടപ്പാക്കിയത്.
ഈ സാഹചര്യത്തിലും തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി നേരിട്ടതോടെ ബംഗാള്‍ഘടകത്തിനെതിരേ മറ്റു ഘടകങ്ങളുടെ ആക്രമണം രൂക്ഷമായി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ബംഗാള്‍ ഘടകം പിന്തുണയ്ക്കുന്ന പശ്ചാത്തലത്തില്‍ കാരാട്ട് പക്ഷം വിമര്‍ശനത്തിനു മൂര്‍ച്ച കൂട്ടി. കേരളത്തില്‍നിന്നടക്കമുള്ള പ്രതിനിധികള്‍ കടുത്ത വിമര്‍ശനമാണ് ഇന്നലെ ഉന്നയിച്ചത്. എന്നാല്‍, കോണ്‍ഗ്രസ്സുമായുള്ള സഖ്യതീരുമാനത്തിലും നടപ്പാക്കിയ രീതിയിലും യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്ന നിലപാടില്‍ ബംഗാള്‍ ഘടകം ഉറച്ചുനിന്നു.
കോണ്‍ഗ്രസ്സുമായി ഒരു സംസ്ഥാനത്തും സഖ്യം പാടില്ലെന്ന ഉറച്ച നിലപാടാണ് കേരളത്തില്‍നിന്നുള്ള പ്രതിനിധികള്‍ സ്വീകരിച്ചത്.കേന്ദ്രകമ്മിറ്റിയും സംസ്ഥാനസമിതിയും ചേരുന്നതിനു മുമ്പു നടന്ന പിബി യോഗം സഖ്യവുമായി ബന്ധപ്പെട്ട തീരുമാനത്തെ പരസ്യമായി തള്ളിപ്പറഞ്ഞതിലുള്ള കടുത്ത നീരസം ബംഗാള്‍ നേതാക്കള്‍ പ്രകടിപ്പിച്ചു. ഇരുപക്ഷവും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത സാഹചര്യത്തില്‍ നേതൃത്വം വെട്ടിലായി. ഭൂരിപക്ഷാഭിപ്രായം പ്രതിഫലിക്കുന്ന രീതിയില്‍ റിപോര്‍ട്ട് തയ്യാറാക്കാനാണ് ഒടുവിലുണ്ടായ തീരുമാനം.
ഇന്നത്തെ പിബി യോഗം തയ്യാറാക്കുന്ന ഈ റിപോര്‍ട്ടിനോട് ബംഗാള്‍ ഘടകം സ്വീകരിക്കുന്ന നിലപാടായിരിക്കും പ്രധാനം. കഴിഞ്ഞ പിബിയില്‍ ചര്‍ച്ചയ്ക്കിടെ ധൈര്യമുണ്ടെങ്കില്‍ കമ്മിറ്റി പിരിച്ചുവിടാന്‍ വെല്ലുവിളിച്ച ബംഗാള്‍ ഘടകത്തെ പിണക്കാന്‍ എന്തായാലും കേന്ദ്രനേതൃത്വത്തിനു താല്‍പര്യമില്ല. വിഷയം രമ്യമായി പരിഹരിക്കാനാണ് ജനറല്‍ സെക്രട്ടറിക്ക് താല്‍പര്യം. ബംഗാള്‍ വിഷയത്തില്‍ യെച്ചൂരി പ്രതിസന്ധിയിലായതോടെ വി എസ് അച്യുതാനന്ദന്റെ പദവിയുമായി ബന്ധപ്പെട്ട വിഷയത്തിലും തീരുമാനം നീളുകയാണ്. വെള്ളിയാഴ്ച നടന്ന പിബി യോഗത്തില്‍ യെച്ചൂരി ഈ വിഷയമുന്നയിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ബംഗാള്‍ ഘടകവുമായി ബന്ധപ്പെട്ട വിഷയം പരിഹരിച്ചിട്ടു മതിയെന്ന അഭിപ്രായം ഉയര്‍ന്നതോടെ പിന്തിരിയുകയായിരുന്നു.
വിഎസ് ഉന്നയിച്ച ആവശ്യങ്ങള്‍ പിബി യോഗത്തില്‍ യെച്ചൂരി അവതരിപ്പിക്കും. സര്‍ക്കാരിലെ ആലങ്കാരിക പദവിയല്ല, പാര്‍ട്ടി ഘടകത്തിലെ അംഗത്വമാണ് താല്‍പര്യമെന്നാണ് ആവശ്യം. വിഎസിനെതിരായ പരാതികള്‍ പരിഗണിക്കുന്ന പിബി കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടായേക്കും.
Next Story

RELATED STORIES

Share it