വിഎസിന്റെ അഴിമതി ആരോപണം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധര്‍മടത്ത് തിരഞ്ഞെടുപ്പു റാലിക്കിടെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ അഴിമതിക്കേസുകളുടെ എണ്ണം നിരത്തിയുള്ള ആരോപണത്തിനെതിരെയാണു പരാതി. പ്രതിപക്ഷനേതാവിന്റെ സ്ഥാനത്തിരിക്കുന്ന വ്യക്തി ഇല്ലാത്ത കാര്യങ്ങള്‍ നിറംപിടിപ്പിച്ചു പറയുന്നത് കേട്ടിരിക്കുന്നവര്‍ക്കു കൈയടിക്കാമെങ്കിലും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണ്. മുഖ്യമന്ത്രിക്കെതിരേ 32 കേസുകളും തനിക്കെതിരേ 9 കേസുകളും ഉണ്ടെന്ന് വിഎസ് പറഞ്ഞത് അടിസ്ഥാനരഹിതമാണ്. ആഭ്യന്തരമന്ത്രിയായ തനിക്കെതിരേ വിജിലന്‍സ് കേസ് നിലവിലുണ്ടെങ്കില്‍ ആ സ്ഥാനത്തിരിക്കാന്‍തന്നെ താന്‍ അര്‍ഹനല്ല. പ്രതിപക്ഷനേതാവ് പ്രസ്താവന തിരുത്താന്‍ തയ്യാറാവാത്തതിനാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തോറ്റാലും ജയിച്ചാലും അതിന്റെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കും വി എം സുധീരനും തനിക്കുമുണ്ട്. സ്ഥാനാര്‍ഥികളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായം ഉണ്ടാവാമെങ്കിലും എല്ലാവരും ഒരുമിച്ചാണ് തീരുമാനമെടുക്കുന്നത്. തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുന്നതിനാണ് സിപിഎം ശ്രമം. പല സ്ഥലങ്ങളിലും ബിജെപിയുമായും ബിഡിജെഎസുമായും സിപിഎം സന്ധി ചെയ്തിരിക്കുന്നു. ബിജെപി, ബിഡിജെഎസ് കക്ഷികളോടുള്ള സിപിഎമ്മിന്റെ മൃദുസമീപനം ദേശീയതലത്തില്‍ ഉരുത്തിരിയുന്ന മതേതര ജനാധിപത്യ ബദലിനു ഘടകവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ മാത്രമല്ല പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാവും ഈ തിരഞ്ഞെടുപ്പ്. അക്രമത്തിനും കൊലപാതകത്തിനും നേതൃത്വംനല്‍കുന്ന സിപിഎം കൊലപാതകികളെ സ്ഥാനാര്‍ഥിയാക്കുക മാത്രമല്ല അവരെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുകയാണ്. എല്‍ഡിഎഫ് അധികാരത്തിലെത്തി പിണറായി വിജയന്‍ മുഖ്യമന്ത്രി ആയാല്‍ കേരളത്തില്‍ സെല്‍ ഭരണമായിരിക്കും വരുന്നത്. കൊലപാതകങ്ങളെയും ആക്രമണങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്ന പിണറായിയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ വിഎസുമാണ് തിരഞ്ഞെടുപ്പിനു നേതൃത്വംനല്‍കുന്നത്. ഇരുധ്രുവങ്ങളിലായി നില്‍ക്കുന്ന നേതാക്കള്‍ക്കിടയില്‍ സീതാറാം യെച്ചൂരി ഇടപെട്ട് നടപ്പാക്കിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ മാത്രമാണുള്ളത്. ടിപി കേസ് പ്രതികളെ തള്ളിപ്പറയാന്‍ പിണറായി വിജയന്‍ തയ്യാറാണോയെന്നും ചെന്നിത്തല ചോദിച്ചു. കേരളത്തില്‍ ബിജെപി ഒരു ശക്തിയല്ല. ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it