വിഎസിന്റെ അനുഗ്രഹം തേടി നായനാരുടെ മകള്‍

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങിയിരിക്കുന്ന മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ മകള്‍ ഉഷ പ്രവീണ്‍ വി എസ് അച്യുതാനന്ദന്റെ അനുഗ്രഹം തേടിയെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് ഭര്‍ത്താവ് പ്രവീണിനൊപ്പം ആലുവ പാലസിലെത്തിയാണ് ഉഷ വിഎസിന്റെ അനുഗ്രഹം വാങ്ങാനെത്തിയത്. ഇടുക്കിയില്‍നിന്നു പ്രചാരണം കഴിഞ്ഞ് രാത്രി വൈകിയാണ് വിഎസ് ആലുവ പാലസില്‍ എത്തിയത്.
വിഎസ് എത്താന്‍ വൈകുമെന്നറിഞ്ഞിട്ടും കണ്ട് അനുഗ്രഹം വാങ്ങിയിട്ടേ പോവൂവെന്ന നിലപാടിലായിരുന്നു ഉഷ. താന്‍ കൊച്ചി കോര്‍പറേഷനില്‍ രവിപുരത്തുനിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുകയാണെന്ന് ഉഷ വിഎസിനോട് പറഞ്ഞു.
പിതൃവാല്‍സല്യത്തോടെ ഉഷയെ അനുഗ്രഹിച്ച വിഎസ് തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ചും വീട്ടുകാര്യം സംബന്ധിച്ചും ഉഷയോടു സംസാരിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം വിഎസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നായനാരുടെ മകള്‍ വിജയിക്കുമോയെന്ന ചോദ്യത്തിന് ഉഷ ഉറപ്പായും വിജയിക്കുമെന്നായിരുന്നു വിഎസിന്റെ മറുപടി. വിഎസിനെ കണ്ട് അനുഗ്രഹം തേടാന്‍ കഴിഞ്ഞത് വലിയ കാര്യമാണെന്നും വിഎസിനെ കണ്ടതോടെ തനിക്ക് വലിയ ആത്മധൈര്യം ലഭിച്ചുവെന്നും ഉഷ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Next Story

RELATED STORIES

Share it