വിഎസിനെതിരേ വിമര്‍ശനവുമായി ശാരിയുടെ പിതാവ്

പെരുമ്പാവൂര്‍: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരേ പരോക്ഷ വിമര്‍ശനവുമായി കിളിരൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ശാരിയുടെ പിതാവ് പെരുമ്പാവൂരില്‍. 12 വര്‍ഷം മുമ്പ് തന്നെ വന്നു കണ്ട ഒരു വൃദ്ധനെ പിന്നീട് താന്‍ കാണുന്നത് ഇപ്പോഴാണെന്നു ശാരിയുടെ പിതാവ് സുരേന്ദ്രന്‍ നായര്‍ പരിഹസിച്ചു. ജിഷയുടെ ഘാതകരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് സ്ത്രീ സുരക്ഷാസമിതിയുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫിസിനു മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ പ്രസംഗിക്കുകയായിരുന്നു സുരേന്ദ്രന്‍ നായര്‍. ശാരിയുടെ കേസില്‍ വിഎസ് പറഞ്ഞ വിഐപി എവിടെയെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് സ്ത്രീപീഡനം പെരുകുമ്പോഴും ഭരണാധികാരികളും നിയമപാലകരും നിസ്സംഗതയിലാണ്. പ്രതികള്‍ കോടതിവിധിയില്‍ ശിക്ഷിക്കപ്പെടുമ്പോഴും അപ്പീലിലൂടെ രക്ഷപ്പെടാനുള്ള പഴുതുകള്‍ നമ്മുടെ നിയമത്തിലുള്ളത് കുറ്റവാളികള്‍ക്കു സഹായകരമായി മാറുന്ന അവസ്ഥയാണ്. രക്ഷപ്പെടുന്ന കുറ്റവാളികളെ നമ്മുടെ മുന്നിലൂടെ നടക്കാന്‍ അനുവദിക്കുന്ന നിയമസംഹിത തിരുത്തിയെഴുതേണ്ട കാലം അതിക്രമിെച്ചന്നും അദ്ദേഹം പറഞ്ഞു. ഇതിനു തടയിടാന്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് അതിവേഗ കോടതികള്‍ സ്ഥാപിച്ച് അപ്പീല്‍ അനുവദിക്കാതെ ശിക്ഷിക്കണമെന്നും ഇപ്പോള്‍ സ്ത്രീപീഡനത്തിന്റെ പേരില്‍ നടക്കുന്ന സമരങ്ങള്‍ പ്രഹസനങ്ങള്‍ മാത്രമാണെന്നും ശാരിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു. ജിഷയുടെ മാതാവിനെയും സഹോദരിയെയും താലൂക്ക് ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Next Story

RELATED STORIES

Share it