വിഎസിനെതിരേ മുഖ്യമന്ത്രി കേസ് നല്‍കി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരേ മാനനഷ്ടത്തിന് ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേസുകൊടുത്തു. ധര്‍മടം നിയോജകമണ്ഡലത്തിലെ പ്രസംഗത്തിലും തുടര്‍ന്ന് അച്ചടി, ദൃശ്യമാധ്യമങ്ങളിലും വിഎസ് നടത്തിയ ആരോപണം അടിസ്ഥാനരഹിതവും അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്നു തിരുവനന്തപുരം അഡീഷനല്‍ ജില്ലാ കോടതിയില്‍ മുഖ്യമന്ത്രി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഇതു മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു തിരഞ്ഞെടുപ്പ് കമ്മീഷനും പരാതിനല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി 31 അഴിമതിക്കേസുകള്‍ നേരിടുകയാണെന്നും മന്ത്രിസഭാംഗങ്ങള്‍ മൊത്തം 136 കേസുകള്‍ നേരിടുന്നു എന്നുമുള്ള പ്രതിപക്ഷനേതാവിന്റെ ആരോപണമാണ് കേസിന് ആധാരം.
കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച വിഎസിന്റെ ലേഖനം, പ്രസംഗത്തിന്റെ വീഡിയോ സിഡി എന്നിവ തെളിവായി ഹാജരാക്കി. ഐപിസി സെക്ഷന്‍ 188, 171 ജി എന്നിവ പ്രകാരം പ്രതിപക്ഷനേതാവിനെതിരേ അന്വേഷണത്തിന് ഉത്തരവിടണമെന്നാണു കോടതിയില്‍ നല്‍കിയ ഹരജിയിലെ ആവശ്യം.
വോട്ടര്‍മാരെ അന്യായമായി സ്വാധീനിക്കുക എന്ന ഉദ്ദേശ്യത്തോടെയാണു പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിക്കുന്നതെന്നു തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരേ രാജ്യത്തെ ഒരു കോടതിയിലും ക്രിമിനല്‍, സിവില്‍, അഴിമതിക്കേസുകള്‍ ഇല്ല എന്ന സത്യം അറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷനേതാവ് ഈ ആരോപണം ഉന്നയിക്കുന്നത്. ഹീനമാര്‍ഗത്തിലൂടെ അധികാരം നേടുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതില്‍ നിന്നും അവയിന്‍മേല്‍ അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും അഡ്വ. എ സന്തോഷ് കുമാര്‍, അഡ്വ. വിനോദ് കായിപ്പാടി എന്നിവര്‍ മുഖേന ഫയല്‍ ചെയ്ത ഹരജിയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതു രണ്ടാംതവണയാണ് ഉമ്മന്‍ചാണ്ടി വി എസ് അച്യുതാനന്ദനെതിരേ അപകീര്‍ത്തിക്കേസ് ഫയല്‍ചെയ്യുന്നത്.
അന്യസംസ്ഥാനങ്ങളില്‍ നിന്നും കോഴി ഇറക്കുമതി ചെയ്യുന്നതിന് ഉമ്മന്‍ചാണ്ടി കോഴ വാങ്ങിയെന്ന് ആരോപിച്ച് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പേരില്‍ അന്ന് പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന വി എസ് അച്യുതാനന്ദനെതിരേ 2002ല്‍ ഉമ്മന്‍ചാണ്ടി അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിരുന്നു. 2008ല്‍ കോടതി 1,10,000 രൂപ ശിക്ഷവിധിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it