വിഎസിനെതിരേ ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസ് അഭിഭാഷകര്‍ തമ്മില്‍ വെല്ലുവിളി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസിലെ വാദത്തിനിടെ കോടതിക്കുള്ളില്‍ ഇരുവരുടെയും അഭിഭാഷകര്‍ തമ്മില്‍ വെല്ലുവിളി. തിരുവനന്തപുരം അഡീഷനല്‍ ജില്ലാ കോടതിയിലാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.
മുഖ്യമന്ത്രി ഒരു കേസില്‍പ്പോലും പ്രതിയല്ലെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദത്തിനെതിരേ വിഎസിന്റെ അഭിഭാഷകന്‍ രംഗത്തുവന്നതോടെയാണ് തര്‍ക്കം ഉടലെടുത്തത്. വിഎസ് കല്ലുവച്ച നുണപറയുകയാണെന്നും തൊലിക്കട്ടിയുണ്ടെന്നുകരുതി എന്തുംപറയാമെന്നു കരുതരുതെന്നും ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ മുന്നറിയിപ്പു നല്‍കി. ഇതെല്ലാം കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ മാത്രമാണെന്നും വിഎസിന് ധൈര്യമുണ്ടെങ്കില്‍ ഒരു എഫ്‌ഐആറില്‍പോലും പേരില്ലാത്ത ഉമ്മന്‍ചാണ്ടിക്കെതിരേ എതിര്‍സത്യവാങ്മൂലം നല്‍കട്ടെയെന്നും ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ വെല്ലുവിളിച്ചു. ഈ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നു പറഞ്ഞ വിഎസിന്റെ അഭിഭാഷകന്‍ വിഎസ് പറഞ്ഞതു തെളിയിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു.
തര്‍ക്കം രൂക്ഷമായതോടെ കോടതി ഇടപെട്ട് അനാവശ്യപരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കേസുകളില്‍ വാദം പറയാന്‍ ഇരു അഭിഭാഷകരും കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ജില്ലാ അഡീഷനല്‍ ജഡ്ജി എ ബദറുദ്ദീന്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്നുരാവിലെ 10 മണി മുതല്‍ പ്രത്യേക സിറ്റിങിലൂടെ വാദം കേള്‍ക്കുമെന്ന് അറിയിച്ചു. തനിക്കെതിരേ 31 കേസുകളുണ്ടെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നടത്തുന്ന പ്രചാരണം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം.
മാനനഷ്ടക്കേസും ഇതോടൊപ്പം ഫയല്‍ ചെയ്തിരുന്നു. വിഎസിനെതിരേ മുഖ്യമന്ത്രി നല്‍കിയ അപകീര്‍ത്തി കേസില്‍ ശരിയായ സത്യവാങ്മൂലം നല്‍കാത്തതിനാല്‍ നിലനില്‍ക്കില്ലെന്ന് വിഎസിന്റെ അഭിഭാഷകന്‍ വാദിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരേ 31 കേസുകളും നിലനില്‍ക്കുന്നതെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വിഎസിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. സത്യമാണ് വിഎസ് പറഞ്ഞത്. അദ്ദേഹത്തിനെതിരേ ഒരു പത്രക്കട്ടിങ്ങും സിഡിയും മാത്രം തെളിവായി സ്വീകരിക്കരുത്. ഉമ്മന്‍ചാണ്ടി ഫയല്‍ ചെയ്ത മാനനഷ്ടക്കേസുതന്നെ നിലനില്‍ക്കുന്നതല്ലെന്നും നിയമവും ചട്ടങ്ങളും അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെ ഫയല്‍ ചെയ്ത ഹരജിയും ഉപഹരജിയും തള്ളിക്കളയണമെന്നും വിഎസിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
ഉന്നതരായ പൊതുപ്രവര്‍ത്തകര്‍ പ്രതികൂല വിമര്‍ശനത്തെ നേരിടാന്‍ കഴിവില്ലാത്ത മൃദുലചര്‍മക്കാരാവരുത്. ഉമ്മന്‍ചാണ്ടിക്കെതിരായി വിഎസ് ഉന്നയിച്ച ആരോപണങ്ങള്‍ വിശ്വാസയോഗ്യമായ ഉറവിടങ്ങളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഉമ്മന്‍ചാണ്ടി ഉറച്ചുനിന്നാല്‍ കൂടുതല്‍ കേസുകളുടെ വിശദമായ പട്ടിക അപ്പോള്‍ ഹാജരാക്കാമെന്നും അഭിഭാഷകന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it