വിഎഫ്പിസികെയുടെ കൃഷി ബിസിനസ് കേന്ദ്രങ്ങള്‍ കൂടുതല്‍ ജില്ലകളിലേക്ക്

ടി പി ജലാല്‍

മഞ്ചേരി: വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള(വിഎഫ്പിസികെ)യുടെ കൃഷി, ബിസിനസ് കേന്ദ്ര(കെബികെ) കൂടുതല്‍ ജില്ലകളിലേക്ക്. കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള പഴം, പച്ചക്കറി തൈകള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കലാണു ലക്ഷ്യം. 2012ല്‍ എറണാകുളം പ്രധാന ഓഫിസിന്റെ പരിധിയിലുള്ള കാക്കനാട്ട് ആണ് ആദ്യമായി കെബികെ ആരംഭിച്ചത്.
കൃഷിവകുപ്പിന്റെ സ്ഥലം പാട്ടത്തിനെടുത്താണ് കേന്ദ്രം ആരംഭിച്ചത്. ഈ മാസം 19ന് കാസര്‍കോട്ടും ഉദ്ഘാടനം നടക്കും. തിരുവനന്തപുരത്ത് കെട്ടിടത്തിന് സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. സീഡ് പ്രൊസസിങ് പ്ലാന്റ് പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലയിലെ ആലത്തൂരിലും കെബികെ ഉടന്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്.
സ്ഥലം ലഭിച്ചാല്‍ അടുത്ത വര്‍ഷം രണ്ട് ജില്ലയിലും ആരംഭിക്കുമെന്ന് എറണാകുളം കാക്കനാട്ടുള്ള ഹെഡ്ഓഫിസ് ജീവനക്കാര്‍ അറിയിച്ചു. പഴങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകള്‍, തൈകള്‍, ഗ്രോബാഗ്, ഓര്‍ഗാനിക് ഉല്‍പന്നങ്ങള്‍ എന്നിവ ലഭിക്കുന്ന കേന്ദ്രമാണ് കൃഷി ബിസിനസ് കേന്ദ്ര. കൃഷിയുമായി ബന്ധപ്പെട്ടുള്ള എല്ലാ ഉല്‍പന്നങ്ങളും ലഭിക്കുന്നതിനാല്‍ കൃഷിമന്ത്രി കെ പി മോഹനന്‍ തന്നെയാണ് കെബികെ എന്ന പേരു നിര്‍ദേശിച്ചത്. വിവിധതരം മാവുകള്‍, സപ്പോട്ട, കുരുമുളക്, മലേസ്യ, തായ്‌ലന്റ് രാജ്യങ്ങളിലെ പഴങ്ങളായ റംബുട്ടാന്‍, ലിച്ചി, മാംഗോസ്റ്റിന്‍ എന്നിവയുടെ തൈകള്‍ കെബികെയില്‍ ലഭിക്കും. വയനാട്, ഇടുക്കി പ്രദേശങ്ങളില്‍ മാത്രമേ ലിച്ചി വളരുന്നുള്ളൂ. ഗുണനിലവാരമുള്ള പേരക്ക വിവിധ തരം നെല്ലികള്‍, ബീറ്റ്‌റൂട്ട്, കാബേജ്, കോളിഫഌവര്‍, തക്കാളി, വെണ്ട, ചീര, വഴുതിന, പയര്‍, വാഴ, തെങ്ങ്, കൂണ്‍ തുടങ്ങിയയുടെ തൈകളും വിത്തുകളുമാണ് പ്രധാനമായും ലഭിക്കുക.
വിദേശയിനം തൈകള്‍ക്ക് വളര്‍ച്ചയുടെ ഘട്ടമനുസരിച്ച് 20 രൂപ മുതല്‍ 1500 രൂപ വരെ വില വരും. എല്ലാ കാലാവസ്ഥയിലും ഉണ്ടാവുന്ന മലേസ്യന്‍ മാവിന്‍തൈകള്‍, മുന്തിരി, ഓറഞ്ച്, ഇറാന്‍ അത്തിപ്പഴം, ബ്രിട്ടിഷ് ചെറി, ഗ്രാമ്പൂ, കിലോ പേര എന്നിവയും ലഭിക്കും.
Next Story

RELATED STORIES

Share it