Flash News

വിഎച്ച്എസ്ഇ അധ്യാപക തസ്തിക : ഉദ്യോഗാര്‍ഥികളെ പിഎസ്‌സി അവഗണിക്കുന്നു



വടകര: വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക തസ്തികകളിലേക്ക് പ്രൈവറ്റ്/ വിദൂര പഠനം വഴി യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളെ പിഎസ്‌സി അവഗണിക്കുന്നതായി പരാതി. വിദൂര പഠനം വഴി യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് 2009 ല്‍ ഇറങ്ങിയ ഉത്തരവാണ് തിരിച്ചടിയായത്. അധ്യാപക നിയമനങ്ങള്‍ക്ക് ആധാരമായ സ്‌പെഷ്യല്‍ റൂള്‍ 2004, പ്രസ്തുത റൂളിന്റെ 2009ല്‍ വന്ന ഭേദഗതി എന്നിവയില്‍ റഗുലര്‍ പഠനത്തിലൂടെ യോഗ്യത നേടണമെന്ന് നിഷ്‌കര്‍ഷിച്ചതാണ് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയായത്. എംകോം, ബിഎഡ്, സെറ്റ് യോഗ്യത വേണ്ടുന്ന നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ ജിഎഫ്‌സി, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, സ്‌പെഷ്യലൈസേഷനുള്ള എംകോം വേണ്ട വൊക്കേഷന ല്‍ ടീച്ചര്‍ ഇന്‍ അക്കൗണ്ടന്‍സി ആന്റ് ഓഡിറ്റിങ് എന്നീ തസ്തികകളിലേക്ക് ഇപ്പോള്‍ പിഎസ്‌സി നിയമന നടപടികള്‍ പുരോഗമിക്കുകയാണ്. പിജി ബിരുദം റഗുലര്‍ കോളജില്‍ പഠിച്ചു നേടിയതെന്ന് ഉറപ്പുവരുത്താന്‍ ടിസിയോ അല്ലെങ്കില്‍ ഇന്നേ വര്‍ഷം മുതല്‍ റഗുലര്‍ കോളജില്‍ പഠിച്ച് എംകോം നേടിയെന്നു തെളിയിക്കാന്‍ പ്രസ്തുത കോളജിലെ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ കോഴ്‌സ് സര്‍ട്ടിഫിക്കറ്റോ സ്വന്തം പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യാന്‍ ഉദ്യോഗാര്‍ഥികളോട് ഇപ്പോള്‍ പിഎസ്‌സി ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രൈവറ്റ്/ വിദൂര പഠനം വഴി യോഗ്യത നേടിയവര്‍ക്ക് ഇത്തരം ടിസി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇത്തരം ഉദ്യോഗാര്‍ഥികളുടെ അപേക്ഷ പിഎസ്‌സി നിരസിക്കുകയാണ്. പ്രൈവറ്റ്/ വിദൂര ബിരുദങ്ങള്‍ വഴി യോഗ്യത നേടിയവരെ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ നല്‍കുന്ന ബിരുദങ്ങള്‍ക്കു തത്തുല്യം എന്നു സാക്ഷ്യപ്പെടുത്തിയാല്‍ പോലും തസ്തികകള്‍ക്ക് പരിഗണിക്കാവുന്നതല്ലെന്ന പിഎസ്‌സിയുടെ നിലപാട് രണ്ടു തരത്തില്‍ ഇത്തരം ബിരുദം നേടിയവരോടുള്ള വിവേചനമാണ്. അതേസമയം, സംസ്ഥാനത്തെ 72 വിദ്യാലയങ്ങളില്‍ 133 പ്രൈവറ്റ്/ വിദൂര ബിരുദക്കാരെ നേരത്തേ പരിഗണിക്കുകയും ഇപ്പോള്‍ സര്‍വീസില്‍ തുടരുന്നുമുണ്ട്. അതേസമയം, വിദൂര ബിടെക് ആയ എഎംഐഇ കോഴ്‌സ് പാസായവര്‍ക്ക് വിഎച്ച്എസ്ഇ 2016ലും പ്രമോഷന്‍ നല്‍കിയിട്ടുണ്ട്. ഒരേ നിയമത്തെ ഒരേ രീതിയില്‍ തന്നെ പ്രൈവറ്റായി പഠിച്ച വ്യത്യസ്ത വ്യക്തികള്‍ക്കു വേണ്ടി വ്യത്യസ്തമായി വ്യാഖ്യാനിച്ച് നിയമനം നല്‍കുകയും ഒരു വിഭാഗത്തിന് നിയമനം നിഷേധിക്കുകയും ചെയ്യുന്നതില്‍ ഉദ്യോഗാര്‍ഥികളില്‍ പ്രതിഷേധം ഉയരുകയാണ്.
Next Story

RELATED STORIES

Share it