kozhikode local

വാഹന ലൈസന്‍സ് പരിശോധന കര്‍ശനമാക്കും: മന്ത്രി തിരുവഞ്ചൂര്‍

കോഴിക്കോട്: വാഹനാപകടം വര്‍ധിച്ച സാഹചര്യത്തില്‍ അനധികൃതമായി ലൈസന്‍സ് നേടി വാഹനമോടിക്കുന്നവരെ പിടികൂടാന്‍ വാഹന പരിശോധന ശക്തമാക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിലവില്‍ പോലിസുമായി സഹകരിച്ച് മാസത്തില്‍ രണ്ടു തവണ നടത്തിവരുന്ന പരിശോധന ആഴ്ചയില്‍ രണ്ടു ദിവസമാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം.
കോഴിക്കോട് ചേവായൂര്‍ ടെസ്റ്റിങ് ഗ്രൗണ്ടില്‍ ഇ-സുരക്ഷാ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വാഹന പരിശോധന വര്‍ധിപ്പിക്കേണ്ടതുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ ആണ് പലരും ഉപയോഗിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരത്തിലുള്ള ലൈസന്‍സുകളുമായി വാഹനമോടിക്കുന്നവര്‍ സംസ്ഥാനത്ത് കൂടുതല്‍ അപകടം വരുത്തുന്നതായും തെളിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ റോഡുകള്‍ കൊലക്കളമായി മാറാന്‍ അനുവദിച്ചുകൂടാ. കാര്യം മനസ്സിലാക്കി റോഡുകളുടെ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന വാഹനങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ട്. അമിത വേഗതയില്‍ ഓടിക്കാവുന്ന വില കൂടിയ ബൈക്കുകള്‍ ഇപ്പോള്‍ നിരവധി നിരത്തിലിറങ്ങുന്നു. വിദേശ രാജ്യങ്ങളിലെ റോഡുകളില്‍ കൂടിയ വേഗതയില്‍ ഓടിക്കുന്ന വാഹനങ്ങള്‍ പലതും ഇപ്പോള്‍ കേരളത്തിലുമെത്തുന്നുണ്ട്. വിലകൂടിയതും വേഗതകൂടിയതുമായ വാഹനങ്ങള്‍ വാങ്ങി നല്‍കുന്നതില്‍ നിന്നും രക്ഷിതാക്കള്‍ പിന്‍തിരിയണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആധുനിക സംവിധാനങ്ങള്‍ സ്വായത്തമാക്കി മുന്നേറുകയാണ്. ഡ്രൈവിങ് പരിശീലനത്തിനും ലൈസന്‍സ് എടുക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്ട് ഇ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പുതിയ സംവിധാനങ്ങള്‍ ആരംഭിച്ചത്.
ചേവായൂരിലെ ടെസ്റ്റ് ഗ്രൗണ്ടിന്റെ വികസനത്തിനായി കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതിന് വകുപ്പ് തയ്യാറാണ്. ആവശ്യമായ സ്ഥലം കണ്ടത്തേണ്ടതുണ്ട്. ചാത്തമംഗലം ടെസ്റ്റ് ഗ്രൗണ്ടിനോട് ചേര്‍ന്ന് പുതിയ ഇ-ടോയിലെറ്റ് സംവിധാനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it