Kottayam Local

വാഹന യാത്രക്കാരെ ദുരിതത്തിലാക്കി പോലിസിന്റെ പരിശോധന

തലയോലപ്പറമ്പ്: ഡിജിപിയുടെ ഉത്തരവുകള്‍ കാറ്റില്‍പറത്തി പോലിസുകാര്‍ നടത്തുന്ന വാഹന പരിശോധന വാഹനയാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു.
തലയോലപ്പറമ്പ് പോലിസ് നടത്തുന്ന വാഹന പരിശോധനയാണ് ഇപ്പോള്‍ ഏറ്റവുമധികം വിവാദമായിരിക്കുന്നത്. കെആര്‍ ഓഡിറ്റോറിയത്തില്‍ നിന്ന് ആരംഭിക്കുന്ന റോഡും ചന്തയില്‍ നിന്നാരംഭിക്കുന്ന റോഡും കൂടിച്ചേരുന്ന വളവില്‍ പോലിസുകാര്‍ രാത്രിയില്‍ നടത്തുന്ന വാഹന പരിശോധന ബൈക്ക് ഉള്‍പ്പെടെയുള്ള വാഹനങ്ങളെ അപകടത്തില്‍പ്പെടുത്തുന്നു.
പെട്ടെന്ന് ടോര്‍ച്ചുമായി വാഹനങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന പോലിസുകാരെ കാണുമ്പോള്‍ പലരും ഭയക്കുകയാണ്. കൊടുംവളവിലും രാത്രി 10ന് ശേഷം വാഹന പരിശോധന പാടില്ലെന്ന ഡിജിപിയുടെ ഉത്തരവിനെയാണ് തലയോലപ്പറമ്പ് പോലിസ് പുല്ലുവില കല്‍പ്പിക്കുന്നത്.
രാത്രി-പകല്‍ വ്യത്യാസമില്ലാതെ കഞ്ചാവ്-മയക്കുമരുന്ന് മാഫിയയും ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ നിന്നും മദ്യം വാങ്ങി ചില്ലറ വില്‍പ്പന നടത്തുന്നവരും അഴിഞ്ഞാടുമ്പോഴാണ് പോലിസിന്റെ ഇതുപോലുള്ള കടന്നാക്രമണങ്ങള്‍.
മൂവാറ്റുപുഴയാറില്‍ നിയമാനുസൃതമുള്ള മണല്‍ ഖനനം നിരോധിച്ചപ്പോള്‍ മണല്‍ മാഫിയയുടെ മണല്‍ കച്ചവടവും തകൃതിയാണ്. ഇതൊന്നും തടയിടാന്‍ ശ്രമിക്കാത്ത പോലിസ് വാഹന യാത്രക്കാരെ ദുരിതത്തിലാക്കുകയാണെന്ന് ആക്ഷേപമുണ്ട്.
ടൗണിലെ രൂക്ഷമായ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് പോലിസ് സ്റ്റേഷന്‍ സ്ഥാപിതമായത്.
എന്നാല്‍ ഇതിനു ശേഷവും ഗതാഗതക്കുരുക്കില്‍ ടൗണ്‍ വീര്‍പ്പുമുട്ടുകയാണ്. ആധുനിക വല്‍ക്കരണത്തിന്റെ പേരില്‍ ബസ് സ്റ്റാന്‍ഡ് അടച്ചതോടെ ഗതാഗത പ്രശ്‌നങ്ങള്‍ പിടിവിട്ടിരിക്കുകയാണ്. ഇവിടെയെല്ലാം കാഴ്ചക്കാരായി നോക്കിനില്‍ക്കാന്‍ മാത്രമേ പോലിസിന് സാധിക്കുന്നുള്ളൂ.
Next Story

RELATED STORIES

Share it