Alappuzha local

വാഹന പാസില്‍ സ്ഥലത്തിന്റെ പേരും സര്‍വേ നമ്പരും നിര്‍ബന്ധമാക്കി

ആലപ്പുഴ: മണ്ണും ഗ്രാവലും വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനു ജിയോളജി വകുപ്പ് നല്‍കുന്ന ട്രാന്‍സിറ്റ് പാസില്‍ ലക്ഷ്യസ്ഥാനത്തിന്റെ കൃത്യമായ പേരും സര്‍വേ നമ്പരും അതിരുകളും നിര്‍ബന്ധമായും രേഖപ്പെടുത്താന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം.
അനധികൃത മണ്ണു ഖനനവും കടത്തലും നിലംനികത്തലും മറ്റും തടയുന്നതു ലക്ഷ്യമിട്ടാണ് നടപടി. കഴിഞ്ഞ ദിവസം ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ മറവില്‍ കായല്‍ കൈയേറ്റവും വയല്‍ നികത്തലും വ്യാപകമാവുന്നതായി തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു.
മണ്ണും ഗ്രാവലും കൊണ്ടുപോകുന്നതിന് ട്രാന്‍സിറ്റ് പാസ്(ഒ.എ.) അനുവദിക്കുമ്പോള്‍ നിലവില്‍ പാസിന്റെ ക്രമ നമ്പര്‍ 10ല്‍ സ്ഥലത്തിന്റെ പേരു മാത്രമാണ് ചേര്‍ത്തിരുന്നത്. വിശാലമായ സ്ഥലത്തിന്റെ പേര് ചേര്‍ക്കുന്നതു മൂലം ഈ പ്രദേശത്ത് എവിടേക്കും മണ്ണു കൊണ്ടുപോയി ദുരുപയോഗം ചെയ്യുന്ന സ്ഥിതി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ മണ്ണു കൊണ്ടുപോകുന്ന കൃത്യം സ്ഥലം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
പാസില്‍ ലക്ഷ്യസ്ഥാനത്തിന്റെ കൃത്യമായ പേര്, സര്‍വ്വേ നമ്പര്‍, അതിരുകള്‍ എന്നിവ രേഖപ്പെടുത്താന്‍ ജിയോളജിസ്റ്റിന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ രേഖാമൂലം നിര്‍ദേശം നല്‍കി. അല്ലാത്ത പാസുകള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും.
ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ നിഷ്‌കൃയത്വം മുതലെടുത്താണ് നികത്തലും കൈയേറ്റവും തകൃതിയായി നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ഉദ്യോഗസ്ഥര്‍ പരിശീലനത്തിനും മറ്റുമായി ഡ്യൂട്ടി ലീവില്‍ പോയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ മറവില്‍ ഔദ്യോഗിക സംവിധാനങ്ങളെ നിഷ്‌ക്രിയമാക്കി മാറ്റിനിര്‍ത്തി ഭരണാധികാരികള്‍ തന്നെയാണ് ഇതിന് ഒത്താശ ചെയ്യുന്നതായും പരാതിയുണ്ട്.
വീടുവയ്ക്കാന്‍ പത്തു സെന്റ് നികത്തുന്നതിനുള്ള സര്‍ക്കാര്‍ അനുമതിയുടെയും ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ മറവിലുമാണ് വയലുകള്‍ വ്യാപകമായി നികത്തുന്നത്. കഴിഞ്ഞ ദിവസം തോട്ടപ്പള്ളി ഭാഗത്ത് നെല്‍ വയല്‍ നികത്തുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഹരിപ്പാടും സമാന സംഭവം അരങ്ങേറുകയുണ്ടായി. വെളിയനാട്, കാവാലം, നീലംപേരൂര്‍, പുളിങ്കുന്ന്, രാമങ്കരി, ചമ്പക്കുളം, മുട്ടാര്‍, തലവടി, എടത്വ, വീയപുരം, തകഴി, കൈനകരി, നെടുമുടി പഞ്ചായത്തുകളില്‍ നികത്ത് വ്യാപകമായതായി പരാതി ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it