Alappuzha local

വാഹന പരിശോധന ശക്തമാക്കി; 436 ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിയെടുത്തു



ആലപ്പുഴ: റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ പോലിസ്‌മേധാവി എസ് സുരേന്ദ്രന്റെ നിര്‍ദേശാനുസരണം പോലിസും മോട്ടോര്‍വാഹന വകുപ്പും സംയുക്തമായി ജില്ലയിലുടനീളം വാഹനപരിശോധന നടത്തി. മദ്യപിച്ച് വാഹനമോടിച്ച 25 ഡ്രൈവര്‍മാര്‍ക്കെതിരേയും അമിതവേഗത്തില്‍ വാഹനമോടിച്ച 40 ഡ്രൈവര്‍മാര്‍ക്കെതിരേയും മതിയായ രേഖകളില്ലാതെ വാഹനമോടിച്ച 65 ഡ്രൈവര്‍മാര്‍ക്കെതിരേയും നിയമനടപടി സ്വീകരിച്ചു.  ആകെ 436 ഡ്രൈവര്‍മാര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം നടപടിയെടുത്തു. സ്‌ക്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍, ടോറസ്, സ്വകാര്യബസ്സുകള്‍ തുടങ്ങിയ വാഹനങ്ങള്‍ അമിതവേഗത്തില്‍ ഓടിക്കുക, അമിത വേഗത്തിലും ഹെല്‍മറ്റ് ഇല്ലാതെയും വാഹനമോടിക്കുക, അമിതഭാരം കയറ്റി യാത്രക്കാര്‍ക്ക്  ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുക തുടങ്ങി  സ്‌കൂള്‍ കുട്ടികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും അപകടമുണ്ടാക്കുന്നവിധം വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നത് തടഞ്ഞ് യാത്രക്കാരുടെ സുരക്ഷിത സഞ്ചാരം ഉറപ്പാക്കുകയും റോഡപകടങ്ങള്‍ കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പോലിസും മോട്ടോര്‍വാഹനവകുപ്പും പരിശോധന ശക്തമാക്കിയിട്ടുള്ളത്്. മദ്യപിച്ച് വാഹനം ഓടിക്കല്‍, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഇടതുവശത്തുകൂടിയുളള ഓവര്‍ടേക്കിങ് തുടങ്ങിയവയ്‌ക്കെതിരേ നടപടിയെടുത്തു. ഹെല്‍മെറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരേയും സൈഡ് മിറര്‍ ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരേയും ഡിം ലൈറ്റ് പ്രവര്‍ത്തിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരേയും നിയമ നടപടി സ്വീകരിച്ചു.  ഗതാഗതനിയമങ്ങള്‍ പാലിക്കാതിരിക്കുന്ന ഡ്രൈവര്‍മാരെ കുറിച്ച്്് പൊതുജനങ്ങള്‍ പോലിസില്‍ വിവരം അറിയിക്കുന്നത് ഫലപ്രദമായ ഇടപെടലിന് സഹായമാവുമെന്നും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it