kannur local

വാഹനാപകട മരണം: ബൈക്കുകള്‍ അപകടകാരികള്‍

കണ്ണൂര്‍: ജില്ലയില്‍ വാഹനാപകടത്തില്‍ മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇരുചക്ര വാഹനങ്ങളാണ് അപകടങ്ങളില്‍ മുന്നില്‍. പോലിസിന്റെ കണക്കുപ്രകാരം ജില്ലയില്‍ 11 മാസത്തിനിടെ 196 പേരാണ് വാഹനാപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 170 അപകടങ്ങളിലായി 17 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കഴിഞ്ഞ വര്‍ഷം 1896 അപകടങ്ങളിലായി 213 പേരാണ് മരിച്ചിരുന്നത്. പോലിസ് കേസെടുക്കാത്ത സംഭവങ്ങളും കൂടിയായാല്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുക. ക്രിസ്മസ്-പുതുവല്‍സരാഘോഷങ്ങള്‍ കണക്കിലെടുത്ത് വാഹനപരിശോധന കര്‍ശനമാക്കാനാണു പോലിസിന്റെ തീരുമാനം. സാധാരണയായി പുതുവല്‍സര തലേന്നും മറ്റുമായി നിരവധി വാഹനാപകടങ്ങളാണ് ഉണ്ടാവാറുള്ളത്. ഇത് മുന്‍കൂട്ടി കണ്ട് പോലിസ് പട്രോളിങ് ശക്തമാക്കും.വാഹനപ്പെരുപ്പം കൂടുന്നതും റോഡുകളുടെ ശോച്യാവസ്ഥയും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെങ്കിലും അലക്ഷ്യമായ ഡ്രൈവിങാണ് മരണത്തില്‍ കലാശിക്കുന്നത്. റോഡ് നിയമങ്ങള്‍ കൃത്യമായി പാലിച്ച് വാഹനമോടിക്കാന്‍ പലരും തയ്യാറാവുന്നില്ല. രാത്രികളിലും അതിരാവിലെയുമാണ് അപകടങ്ങള്‍ കൂടുതലും. പരിശോധന കര്‍ശനമാക്കിയാലും ഇരുചക്ര വാഹനങ്ങളില്‍ കറങ്ങുന്നവര്‍ ഊടുവഴികള്‍ തേടുകയാണു പതിവ്. രൂപമാറ്റം വരുത്തിയും ഹെഡ്‌ലൈറ്റ് അപകടരമായ രീതിയില്‍ മറച്ചും വരെ ബൈക്കുകള്‍ കുതിക്കുകയാണ്. ഹെല്‍മറ്റ് ധരിക്കാത്തവരും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്നവരും അപകടം വരുത്തുന്നു. പല വിദ്യാര്‍ഥികളും സൈഡ് ഗ്ലാസില്ലാതെയാണ് ബൈക്കോടിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ബൈക്കോടിക്കുന്നത് പുതുമയുള്ള കാര്യമല്ല. പെണ്‍കുട്ടികളും സ്‌കൂട്ടറിലെത്തുന്നത് അപൂര്‍വ കാഴ്ചയല്ലാതായി മാറിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തിയിട്ടും കാര്യമായ ഫലമുണ്ടാവുന്നില്ല. വീട്ടുകാര്‍ വാഹനം കൊടുത്തുവിടുന്നതാണു പ്രശ്‌നം. ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ തുടരുന്നിടത്തോളം അപകടങ്ങളും കുറയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
Next Story

RELATED STORIES

Share it