Gulf

വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി നിര്യാതനായി

വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന  കാഞ്ഞങ്ങാട് സ്വദേശി നിര്യാതനായി
X
ഷാര്‍ജ: അല്‍ഖാനിലെ ദാര്‍ അല്‍ ഖലീജ് പബ്ലിഷിംങ് കമ്പനിക്ക് സമീപം ജന്നത്ത് അല്‍മദീന സൂപര്‍ മാര്‍ക്കറ്റ് നടത്തി വരുന്ന കാഞ്ഞങ്ങാട് സൗത്ത് ചിത്താരി സ്വദേശി മുഹമ്മദ്കുഞ്ഞി കൂളിക്കാട് (45) വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ നിര്യാതനായി. ഹസ്സന്‍ മുഹമ്മദാണ് പിതാവ്. അബുദാബി കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി.കെ അഹമ്മദ് ബല്ലാ കടപ്പുറത്തിന്റെ ഭാര്യാ സഹോദരനാണ് മുഹമ്മദ് കുഞ്ഞി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹം അപകടത്തില്‍ പെട്ടത്. ടെലഫോണില്‍ വന്ന ഓര്‍ഡറനുസരിച്ച് സൂപര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനവുമായി സൈക്കിളില്‍ പുറപ്പെട്ട മുഹമ്മദ് കുഞ്ഞിയെ അമിത വേഗത്തില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. റഷ്യന്‍ പൗരനാണ് കാര്‍ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ് തലക്ക് ഗുരുതര പരിക്കേല്‍ക്കുകയും ഉടന്‍ അല്‍ഖാസിമിയ്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അടിയന്തിര ശാസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ബോധം വീണ്ടെടുക്കാനായില്ല.
ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു അന്ത്യം. ഭാര്യാ വീടിനു സമീപം പള്ളിക്കര തായല്‍ തൊട്ടിയില്‍ പുതുതായി നിര്‍മിച്ച വീടു താമസച്ചടങ്ങ് കഴിഞ്ഞ് ഒന്നര മാസം മുമ്പ് മാത്രമാണ് മുഹമ്മദ്കുഞ്ഞി ഷാര്‍ജയില്‍ തിരിച്ചെത്തിയത്. പൊതുവെ എല്ലാവരോടും സുസ്‌മേര വദനനായി പെരുമാറുന്ന മുഹമ്മദ്കുഞ്ഞിയുടെ പെട്ടെന്നുണ്ടായ വിയോഗം നാട്ടുകാരിലും പരിചയക്കാരിലും വേദന പടര്‍ത്തി.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഹോദരന്‍ ലത്തീഫ്, ഭാര്യാ സഹോദരന്‍ നിസാര്‍ തൊട്ടി എന്നിവര്‍ മൃതദേഹത്തെ അനുഗമിക്കും. പള്ളിക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതാവ് തൊട്ടി ശാഫിയുടെ മകള്‍ ഇര്‍ഷാദയാണ് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ. മാതാവ്: നഫീസ. വിദ്യാര്‍ത്ഥികളായ ഫാത്തിമ, ഫൈമ മക്കളാണ്. സഹോദരങ്ങള്‍: ലത്തീഫ്, ഷാഹുല്‍ ഹമീദ്, സുബൈദ, ഫൗസിയ.

Next Story

RELATED STORIES

Share it