ernakulam local

വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ വേണം: മന്ത്രി

കൊച്ചി: പെരുകിവരുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ എല്ലാത്തരത്തിലുമുള്ള ബോധപൂര്‍വമായ സമീപനം ആവശ്യമാണെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
സംസ്ഥാന മോട്ടോര്‍വാഹന വകുപ്പ് തയാറാക്കിയ ഡ്രൈവിങ് സിമുലേറ്ററിന്റെ ഉദ്ഘാടനം കാക്കനാട് സിവില്‍ സ്‌റ്റേഷന്‍ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓട്ടോമറ്റിക് സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
കേരളത്തില്‍ ഡ്രൈവിങ് പരിശീലിച്ചാല്‍ ലോകത്തിലെവിടെയും വാഹനം ഓടിക്കാമെന്ന സ്ഥിതിയാണിപ്പോള്‍. ഏറ്റവും മികച്ച ഡ്രൈവിങ് പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ കൊച്ചിയില്‍ ആരംഭിച്ച സിമുലേറ്റര്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നു മന്ത്രി പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കി മുന്നോട്ടുപോവുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയെ അദ്ദേഹം അഭിനന്ദിച്ചു. ഭാരത് പെട്രോളിയം കോര്‍പറേഷന്റെ സാമ്പത്തിക സഹായത്തോടെയാണു സിമുലേറ്റര്‍ തയാറാക്കിയിട്ടുള്ളത്. സര്‍ക്കാരുമായി ചേര്‍ന്ന് ഡ്രൈവിങ് വൈഭവ കേന്ദ്രം സ്ഥാപിക്കുന്നതിന് കമ്പനി തയാറാണെന്ന് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് പണിക്കര്‍ അറിയിച്ചു.
ബെന്നി ബഹന്നാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി, ജില്ല കലക്ടര്‍ എം ജി രാജമാണിക്യം, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി എ സൈനുദീന്‍, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ ജി സാമുവേല്‍, ആര്‍ടിഒ കെ എം ഷാജി സംസാരിച്ചു.
Next Story

RELATED STORIES

Share it