വാഹനാപകടങ്ങളില്‍ വര്‍ധന

ശ്രീജിഷ പ്രസന്നന്‍



തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങളുടെ നിരക്കില്‍ വന്‍ വര്‍ധനവ്. അശ്രദ്ധയും അമിതവേഗതയുംമൂലം നിരത്തില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണവും കൂടിവരുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരള പോലിസിന്റെ റിപോര്‍ട്ട് പ്രകാരം 2016 ജനുവരിയില്‍ മാത്രം സംസ്ഥാനത്ത് റോഡപകടത്തില്‍ 420 പേര്‍ മരിച്ചു. 3688 അപകടങ്ങളാണ് ജനുവരി മാസത്തില്‍ ഉണ്ടായത്. ഇതില്‍ 4073 പേര്‍ക്കു പരിക്കേറ്റു. ഏറ്റവും അധികം അപകടങ്ങള്‍ക്കു കാരണമായിരിക്കുന്നത് ഇരുചക്രവാഹനങ്ങളാണ്. റോഡുകളുടെ ശോച്യാവസ്ഥയ്ക്കു പുറമെ അമിതവേഗവും അശ്രദ്ധയുമാണ് അപകടത്തിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത്. മരണമടഞ്ഞവരില്‍ ഭൂരിഭാഗവും യുവാക്കളാണെന്ന കാര്യവും ആശങ്കയുളവാക്കുന്നതാണ്. ബൈക്ക് റേസിങ് നടത്തിയതുവഴിയും മരണം സംഭവിച്ചിട്ടുണ്ട്. പ്രതിദിനം ശരാശരി 14 പേരെങ്കിലും വാഹനാപകടങ്ങളില്‍ മരിക്കുന്നതായാണു കണക്ക്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 20,934 പേര്‍ക്കാണു വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമായത്. മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇരുചക്രവാഹനാപകടങ്ങളുടെ നിരക്കില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. 2015ല്‍ 39,014 വാഹനാപകടങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഇതില്‍ 43,735 പേര്‍ക്കു പരിക്കേല്‍ക്കുകയും 4,196 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. 2014ല്‍ 1,258 ഇരുചക്രവാഹനാപകടങ്ങളുണ്ടായി. ഇതില്‍ 1,343 പേര്‍ മരിച്ചു. 85 പേര്‍ക്കു ഗുരുതര പരിക്കേറ്റു. 53,845 പേരാണ് അപകടത്തിന്റെ ദുരിതമനുഭവിക്കുന്നത്. 2013ല്‍ 1,251 അപകടങ്ങളിലായി 1,289 ഇരുചക്രവാഹനയാത്രക്കാരാണ് മരണപ്പെട്ടത്. 50,311 പേര്‍ ടൂവീലര്‍ അപകടത്തിന്റെ ദുരിതമനുഭവിച്ചു. ഇവരില്‍ 98 പേര്‍ക്കാണു ഗുരുതരമായി പരിക്കേറ്റത്. വാഹനങ്ങളുടെ വര്‍ധന, അശ്രദ്ധമായ ഡ്രൈവിങ്, ഡ്രൈവര്‍മാരുടെ മദ്യപാനം, ഉറക്കമൊഴിഞ്ഞ് വണ്ടി ഓടിക്കല്‍, കാലഹരണപ്പെട്ട വാഹനങ്ങള്‍, റോഡ് കൈയേറിയുള്ള വഴിയോരക്കച്ചവടങ്ങള്‍ തുടങ്ങിയവയാണ് അപകടങ്ങളുടെ വര്‍ധനവിന് കാരണമായി പറയുന്നത്. ഇതിനു പുറമെ ബസ്സുകളുടെയും ടിപ്പര്‍ ലോറികളുടെയും മല്‍സര ഓട്ടവും മരണപ്പാച്ചിലും മറ്റൊരു കാരണമാണ്.
Next Story

RELATED STORIES

Share it