malappuram local

വാഹനാപകടം: കണ്ണീരില്‍ മുങ്ങി പൊങ്ങല്ലൂര്‍; മരിച്ചത് ഒരു കുടുംബത്തിലെ അഞ്ചു പേര്‍

നിലമ്പൂര്‍: മമ്പാട് പൊങ്ങല്ലൂര്‍ കുണ്ടുതോട് പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചത് ഒരു നാടിനെ തീരാദുഖത്തിലാഴ്ത്തി. എടവണ്ണ ബസ്സ്റ്റാന്റ്് സമീപം ബേക്കറി നടത്തുന്ന പൊങ്ങല്ലൂര്‍ ആലുങ്ങല്‍ അലി അക്ബറിന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. വീടണയാന്‍ കുറഞ്ഞ ദൂരം മാത്രം ബാക്കിനില്‍ക്കെയാണ് സ്വന്തം നാട്ടില്‍ വച്ച് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടം.
അലി അക്ബറിന്റെ സഹോദരി നസീറ, നസീറയുടെ മകള്‍ ദിയ, മറ്റരു സഹോദരിയുടെ മകള്‍ ഷിഫ ആയിഷ, സഹോദരന്‍ നാസറിന്റെ ഭാര്യ ഷിഫ എന്നിവരാണ് മരിച്ചത്. ദിയ സംഭവ സ്ഥലത്തും, അലി അക്ബര്‍, ഷിഫ ആയിഷ, ഷിഫ എന്നിവര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കുള്ള വഴി മധ്യേയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നസീറയെ വിദഗ്ദ ചികില്‍സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അവിടെ വെച്ചാണ് ഇവര്‍ മരണപ്പെട്ടത്. റമദാനില്‍ കിട്ടിയ അനുഗ്രഹത്തെ താലോലിക്കാനാവാതെ അലി അക്ബര്‍ വിടവാങ്ങിയത്. അലി അക്ബറിന്റെ ഭാര്യ അപകം നടക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് ജന്മം നല്‍കിയ ആണ്‍കുഞ്ഞിനെ കണ്ട് മടങ്ങും വഴിയാണ് അപകടം. തന്റെ ഭാര്യ പ്രസവിച്ച വിവരമറിഞ്ഞ് കുടുംബാങ്ങളോടൊപ്പം ആഘോഷമായി പോയി കുഞ്ഞിനെ കണ്ട് മടങ്ങി വരുന്നതിനിടെയാണ് കുടുംബാങ്ങളോടൊപ്പം അക്ബറിനെ വിധി വേട്ടയാടിയത്. പുതിയ അംഗം വന്നതില്‍ സന്തോഷിച്ച് പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കെയാണ് അപകടം. ഭാര്യയെയും പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെയും തനിച്ചാക്കിയാണ് അലി അക്ബര്‍ വിടവാങ്ങിയത്. മരിച്ച അഞ്ചുപേരുടെയും ജനാസ ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പൊങ്ങല്ലൂര്‍ എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഓരോരുത്തരേയും സ്വന്തം മഹല്ലുകളിലെ ഖബര്‍സ്ഥാനുകളിലേക്ക് കൊണ്ടുപോവും.
ഒന്നാം പ്രതി
പൊതുമരാമത്ത്
വകുപ്പുതന്നെ
അതേസമയം, അപകടത്തിന് വഴിവച്ചത് റോഡിന്റെ വീതികുറവെന്ന് ആക്ഷേപമുണ്ട്. കുണ്ടുതോട് പാലത്തിലൂടെ ഒരേസമയം രണ്ടു വാഹനങ്ങള്‍ക്ക് കഷ്ടിച്ചു കടന്നുപോവാം. പാലത്തിന്റെ രണ്ട് അപ്രോച്ച് റോഡിനും വീതി കുറവായതുകൊണ്ട് നവീകരിക്കുമ്പോള്‍ ഈ പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിച്ചത്.
എന്നാല്‍, അപ്രോച്ച് റോഡിന്റെ ഒരു ഭാഗത്ത് വീതി കൂട്ടുന്നതിനുവേണ്ടി റോഡിന്റെ ഒരു ഭാഗം കരിങ്കല്‍ ഭിത്തി നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍, നിര്‍മാണത്തിലിരിക്കെതന്നെ ഇത് തകര്‍ന്നു. വീണ്ടും പ്രവര്‍ത്തി പുനരാരംഭിച്ചെങ്കിലും ഒച്ചിന്റെ വേഗതയിലാണ് പോവുന്നത്. അതേസയം, മറുഭാഗത്തെ അപ്രോച്ച് റോഡില്‍ വീതി കൂട്ടുന്നതിന് നടപടിയും സ്വീകരിച്ചില്ല.
ഇവിടെ റോഡിന്റെ ഇരു ഭാഗത്തും കാടു മൂടിക്കിടക്കുകയാണ്. എതിര്‍ ദിശയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ അടുത്തെത്തിയാല്‍ മാത്രമേ കാണാനാവൂ. ഇവിടെ ഒരു ഭാഗത്ത് കുഴിയുമുണ്ട്.
ഈ കുഴിവെട്ടിച്ചു മാറ്റിയതാണ് അഞ്ചു ജീവനുകള്‍ പൊലിയാനിടയാക്കിയത്. 2015ല്‍ പൊങ്ങല്ലൂരില്‍ നടന്ന അപകടത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊങ്ങല്ലൂര്‍ വളവില്‍ വീതി കൂട്ടി ഡിവൈഡര്‍ സ്ഥാപിച്ചത്. ഈ വീതി പാലം വരെയെങ്കിലും ഉണ്ടാവണമെന്ന് അന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, പൊതുമരാമത്ത് ചെവി കൊണ്ടില്ല. ഒട്ടേറെ അപകടങ്ങളാണ് ഈ ഭാഗത്ത് ഉണ്ടായത്. ഒരു വര്‍ഷം മുമ്പാണ് ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍ മരിച്ചത്. കുണ്ടുതോട് കുരിശുംപടി മുതല്‍ മമ്പാട് തോട്ടിന്റെക്കര വരെ അതീവ അപകട മേഖലയാണ്. ഇതില്‍ പൊങ്ങല്ലൂര്‍ വളവില്‍ ഡിവൈഡര്‍ സ്ഥാപിച്ചതൊഴിച്ചാല്‍ അപകടം ഇല്ലാതാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it