വാഹനത്തെ മറികടന്നതിന് കൊല; ജെഡിയു നിയമസഭാംഗത്തിന്റെ വസതി മുദ്രവച്ചു

ഗയ: ബിഹാറില്‍ ജെഡിയുവില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത നിയമസഭാംഗം മനോരമ ദേവിയുടെ വസതി എക്‌സൈസ് വകുപ്പ് മുദ്ര വച്ചു. ഇവരുടെ വസതിയില്‍നിന്നു 18 കുപ്പി വിദേശമദ്യം അധികൃതര്‍ പിടിച്ചെടുത്തിരുന്നു. പാര്‍ട്ടി ഇവരെ സസ്‌പെന്‍ഡ് ചെയ്തു. ഒളിവില്‍ പോയ മനോരമ ദേവിയെ അറസ്റ്റ് ചെയ്യാന്‍ പോലിസ് ശ്രമം ഊര്‍ജ്ജിതമാക്കി.
യുവാവിനെ വെടിവച്ചുകൊന്ന കേസില്‍ പ്രതിയായ ഇവരുടെ മകന്‍ റോക്കി യാദവിനെ അറസ്റ്റ് ചെയ്യുന്നതിനായി പോലിസ് വസതിയില്‍ റെയ്ഡ് നടത്തിയപ്പോഴാണ് വിദേശമദ്യം കണ്ടെത്തിയത്. റോക്കി യാദവിനെ പോലിസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. മനോരമ ദേവിയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നതിന് അവരുടെ വീട്ടുജോലിക്കാരനെയും പാചകക്കാരനെയും പോലിസ് ചോദ്യംചെയ്തു.
ബിഹാറില്‍ മദ്യനിരോധനം നിലവിലിരിക്കെ ജെഡിയു നിയമസഭാംഗംതന്നെ മദ്യം സൂക്ഷിച്ചതു പാര്‍ട്ടി ഗൗരവത്തിലെടുത്തു. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. തന്റെ കാര്‍ മറികടന്നതിനാണ് 20കാരനായ ആദിത്യ സച്ച്‌ദേവയെ റോക്കി യാദവ് വെടിവച്ചു കൊന്നത്. മദ്യം സൂക്ഷിച്ചതിന് റോക്കിക്കും പിതാവ് ബിന്ദി യാദവിനുമെതിരേയും കേസുണ്ട്.
അതിനിടെ മനോരമ ദേവിയുടെ വസതിയില്‍ പ്രായപൂര്‍ത്തിയാവാത്ത വീട്ടുജോലിക്കാരനെ കണ്ടെത്തിയതും വിവാദമായിട്ടുണ്ട്. അധികൃതര്‍ വിവരം തൊഴില്‍വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ബാലവേല ചെയ്യിച്ചതിന് കേസെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it