വാഹനത്തിന്റെ പേരില്‍ മുത്തൂറ്റ് തട്ടിപ്പു നടത്തിയെന്ന് പരാതി

കൊച്ചി: ജാഗോര്‍ വാഹനത്തിന്റെ പേരില്‍ കേരളത്തില്‍ മുത്തൂറ്റ് മോട്ടോഴ്‌സ് നടത്തുന്ന തട്ടിപ്പുകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 29ന് ഷോറൂമിന് മുന്നില്‍ സൂചനാസമരം നടത്തുമെന്ന് ന്യൂ ഇയര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ എം എം പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുത്തൂറ്റ് മോട്ടോഴ്‌സില്‍ നിന്നും താന്‍ വാങ്ങിയ ജാഗോര്‍ കാര്‍ ഒരു മാസത്തിന് ശേഷം അറ്റകുറ്റപ്പണിക്കായി അവരുടെ പക്കല്‍ ഏല്‍പിക്കുകയും പിന്നീട് തിരികെ ലഭിച്ചപ്പോള്‍ പെയിന്റിങ് അടര്‍ന്ന് പോവുന്നതുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ കാറിനുണ്ടാവുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
പല കാരണങ്ങള്‍ പറഞ്ഞ് ഇത്തരത്തില്‍ എട്ടു മാസത്തിനുള്ളില്‍ അഞ്ചു മാസവും കാര്‍ ഇവരുടെ ഷോറൂമില്‍ ഇടേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തു. 65 ലക്ഷം രൂപ വിലയുള്ള വാഹനം 1,00,500 രൂപ മാസഗഡു അടച്ചാണ് ഉപയോഗിച്ചിരുന്നത്. 14 മാസമായി വണ്ടിയുടെ മാസഗഡു മുടങ്ങാതെ അടയ്ക്കുകയും വാഹനം ഉപയോഗിക്കാനാവാതെ മുത്തൂറ്റിന്റെ ഷോറൂമില്‍ തന്നെ കിടക്കുകയാണെന്നും പ്രസാദ് പറഞ്ഞു. കോര്‍പറേറ്റ് രീതിയിലുള്ള ഇവരുടെ തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സൂചനാ സമരത്തിലൂടെ പരിഹാരമുണ്ടായില്ലെങ്കില്‍ മരണംവരെ നിരാഹാരം കിടക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മീഡിയാ മാനേജര്‍ സിജു ഫ്രാന്‍സിസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it