malappuram local

വാഹനങ്ങള്‍ക്ക് വാടക നല്‍കാത്തത് കൃത്യവിലോപമെന്ന് പ്രതിപക്ഷം

മലപ്പുറം: കുടിവെള്ള വിതരണം നടത്തിയ വാഹനങ്ങള്‍ക്ക് വാടക നല്‍കാത്തത് സെക്രട്ടറിയടക്കമുള്ളവരുടെ കൃത്യ വിലോപമാണെന്ന് മലപ്പുറം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ആരോപിച്ചു. വാഹന ഉടമകള്‍ക്ക് നല്‍കാനുള്ള 7.2 ലക്ഷം രൂപയില്‍ 4 ലക്ഷം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന ബന്ധപ്പെട്ട ഉദ്യോസ്ഥന്‍ അറിയിച്ചതോടെയാണ് ഈ ആരോപണം ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം കൊടുക്കാനുള്ള തുകയാണ് ഈ വര്‍ഷം വേനല്‍ ആരംഭിച്ചിട്ടും കൊടുക്കാതിരിക്കുന്നത്.  വെള്ള വിതരണം ചെയ്യുന്നതിന് ദൈവ പ്രതിഫലം പ്രതീക്ഷിക്കുന്നതുകൊണ്ടാണ് പലരും പണത്തിനായി പ്രശ്‌നമുണ്ടാക്കാത്തത്. ഇത് ഉത്തരവാദിത്വപ്പെട്ട നഗരസഭ മുതലെടുക്കരുതെന്നു എല്‍ഡിഎഫ് അംഗം ശശിധരന്‍ പറഞ്ഞു. എന്നാല്‍, ഇതിന് സെക്രട്ടറിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നായിരുന്നു മുസ്‌ലിംലീഗ് കൗണ്‍സിലര്‍ ഹാരിസ് ആമിയന്റെ വാദം. പച്ചക്കറി കൃഷിക്ക് കൂലിച്ചെലവ് പദ്ധതിയുടെ വിഹിതം വകമാറ്റിയെന്ന് കൃഷി ഓഫിസര്‍ പറഞ്ഞതായി കെ പി പാര്‍വതിക്കുട്ടി ആരോപിച്ചു. എന്നാല്‍, ഇത് ശരിയല്ലെന്നും ആവശ്യമുള്ള രേഖകള്‍ നല്‍കാന്‍ തയ്യാറാണെന്നും ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പരി അബ്ദുല്‍ മജീദ് അറിയിച്ചു. തദ്ദേശ ജീവനക്കാരുടെ സിറ്റിങ് അലവന്‍സ് വര്‍ധിപ്പിച്ച സര്‍ക്കാറിന് അഭിനന്ദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷം സമ്മതിച്ചില്ല. നഗരസഭയിലെ ഫണ്ട് ഉപയോഗിച്ച്് അലവന്‍സ് വര്‍ധിപ്പിച്ചതിന് സര്‍ക്കാറിനെ അഭിനന്ദിക്കേണ്ട കാര്യമില്ലെന്നായിരുന്നു മറുപടി. ഇതില്‍ ഇരു വിഭാഗവും കുറച്ചു സമയം വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ആറ് വാര്‍ഡുകളില്‍ സിഎഫ്എല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ടെണ്ടര്‍ നടപടി ആരംഭിച്ചതായി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. തകര്‍ന്ന മൈലപ്പുറം കോലാര്‍ അങ്കണവാടിക്ക് പുതിയ സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. വിവിധ പദ്ധതികള്‍ക്കുവേണ്ടി നഗരസഭ മൊത്തം 55.74 ശതമാനം തുക ചെലവഴിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ യോഗത്തില്‍ അറിയിച്ചു. ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it