kozhikode local

മാനാഞ്ചിറ വടക്കേമൂലയിലെ ഡിവൈഡര്‍ പൊളിച്ചു. വാഹനങ്ങളുടെ യാത്ര സുഗമമായി

കോഴിക്കോട്: നഗരത്തില്‍ ഗവ. മോഡല്‍ ഹൈസ്‌കൂളിനും ലിറ്റററി പാര്‍ക്കിനും (പഴയ അന്‍സാരി പാര്‍ക്ക്) ഇടയില്‍ സ്ഥാപിച്ചിരുന്ന ‘മലബാര്‍ മാന്വല്‍’ ശില്‍പത്തോട് ചേര്‍ന്ന വലിയ ഡിവൈഡര്‍ ഒടുവില്‍ പൊളിച്ചു മാറ്റി. പൊളിച്ചതിന്റെ ബാക്കി കല്ലും മണ്ണും എല്ലാം ഇപ്പോഴും അവിടെ നിന്ന് നീക്കിയിട്ടില്ല. ഡിവൈഡര്‍ ഈ വലിയ റോഡില്‍ വഴി മുടക്കിയായി കിടക്കുന്നതു കാരണം കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ദീര്‍ഘദൂര ബസുകള്‍ക്കും വെസ്റ്റ് ഹില്‍, എലത്തൂര്‍ ഭാഗത്തേക്ക് പോകുന്ന സിറ്റി ബസുകള്‍ക്കും നൂറു കണക്കിന് സ്വകാര്യ വാഹനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. മാനാഞ്ചിറയിലെ സിറ്റി ബസ് സ്‌റ്റോപ്പും വടക്കോട്ട് നീങ്ങുന്ന ബസുകള്‍ക്ക് മോഡല്‍ സ്‌കൂളിനോട് ചേര്‍ന്നുള്ള ബസ് സ്‌റ്റോപ്പും റോഡിന്റെ ഒരു വശത്ത് ഓട്ടോറിക്ഷകളുടെ സ്റ്റാന്റും കാരണം വാഹനങ്ങള്‍ ഈ കവലയിലെത്തിയാല്‍ നിര്ത്തി നീങ്ങേണ്ടി വന്നിരുന്നു. ഈ ജങ്ഷന് സമീപം തന്നെ ദീര്‍ഘദൂര ബസുകള്‍ക്ക് മറ്റൊരു സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. അതു കാരണം റോഡ് വീതി കൂട്ടിയതിന്റെ ഗുണം വാഹനങ്ങള്‍ക്ക് ലഭിച്ചിരുന്നുമില്ല. ഇതിനെച്ചൊല്ലി പലതവണ ട്രാഫിക് വിഭാഗം നഗരസഭയോട് ഈ വലിയ ഡിവൈഡര്‍ പൊളിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടതുമായിരുന്നു. ഡിവൈഡര്‍ നീക്കം ചെയ്തതോടെ ഇനി വാഹനങ്ങളുടെ യാത്ര സുഗമമാകും. ‘മലബാര്‍ മാന്വല്‍’ ശില്‍പം നിലനിര്‍ത്തിയിട്ടുമുണ്ട്.

Next Story

RELATED STORIES

Share it