വാഹനങ്ങളില്‍ ബോര്‍ഡ് പ്രദര്‍ശനം: നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: വാഹനങ്ങളില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ചട്ടം ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വാഹനങ്ങളിലും അതത് വാഹനങ്ങള്‍ക്ക് അനുവദിച്ചു നല്‍കിയിട്ടുള്ള രജിസ്‌ട്രേഷന്‍ മാര്‍ക്ക് പ്രദര്‍ശിപ്പിക്കണം. രജിസ്റ്റര്‍ നമ്പര്‍ മറയ്ക്കുന്ന രീതിയിലുള്ള ഔദ്യോഗിക ബോര്‍ഡുകള്‍, ചിഹ്നങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. കേരള ഗവര്‍ണര്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ മുന്‍വശത്തും പിന്‍വശത്തും ഗവര്‍ണര്‍ ഓഫ് കേരളാ എന്നെഴുതിയ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാം. സംസ്ഥാന മന്ത്രിമാര്‍ക്കും, തത്തുല്യ പദവി വഹിക്കുന്നവര്‍ക്കും നല്‍കിയിട്ടുള്ള വാഹനത്തിന്റെ മുന്‍വശത്തും, പിന്‍വശത്തും വാഹനത്തിന് നല്‍കിയിട്ടുള്ള ക്രമനമ്പറിനൊപ്പം കേരളാ സ്റ്റേറ്റ് കേരള സര്‍ക്കാര്‍ എന്നെഴുതിയ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാം.

പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാ സാമാജികരും അവര്‍ക്ക് സ്വന്തമായിട്ടുള്ളതോ, അവര്‍ ഉപയോഗിക്കുന്നതോ ആയ വാഹനത്തിന്റെ മുന്‍വശത്തും, പിന്‍വശത്തും യഥാക്രമം എംപി, എംഎല്‍എ. എന്നെഴുതിയ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതും ജില്ലാ കലക്ടര്‍മാര്‍ ഉപയോഗിക്കുന്നതുമായ വാഹനങ്ങളുടെ മുന്‍വശത്തും പിന്‍വശത്തും ജില്ലാ കലക്ടര്‍ എന്നെഴുതിയ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാം. ബോര്‍ഡിന്റെ നിറം ചുമപ്പും അക്ഷരങ്ങളുടെ നിറം വെളുപ്പുമായിരിക്കണം. ബോര്‍ഡിന് 30ഃ10 സെന്റിമീറ്റര്‍ വലുപ്പവും അക്ഷരങ്ങള്‍ക്ക് 40 മില്ലിമീറ്റര്‍ ഉയരവും എട്ട് മില്ലിമീറ്റര്‍ കനവും ഉണ്ടായിരിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശസ്ഥാപനങ്ങള്‍, ഭരണഘടനാപരമായ അധികാരസ്ഥാപനങ്ങള്‍, നിയമപരമായ കമ്മീഷനുകള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളില്‍ വകുപ്പിന്റെയോ, അധികാര സ്ഥാപനത്തിന്റെയോ, ബോര്‍ഡിന്റെയോ പേര് രേഖപ്പെടുത്തിയ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാം.

കേരള സ്റ്റേറ്റ് എന്ന ബോര്‍ഡ് പാടില്ല. ഈ സ്ഥാപനങ്ങളുടെ തലവന്മാര്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ മുന്‍വശത്തും പിന്‍വശത്തും തലവന്റെ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കാം.പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍, ഹൈക്കോടതി ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ അനുവാദം നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവ മുന്‍വശത്തും പിന്‍വശത്തും സ്ഥാപനത്തിന്റെ പേര്‍ സൂചിപ്പിക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കാം. പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍ എന്നിവ മേല്‍പറഞ്ഞ ബോര്‍ഡിനു താഴെയായി എ കേരളാ സ്റ്റേറ്റ് അണ്ടര്‍ടേക്കിങ് അല്ലെങ്കില്‍ എ സെന്‍ട്രല്‍ ഗവണ്‍മെന്റ് അണ്ടര്‍ടേക്കിങ് എന്നെഴുതിയ ബോര്‍ഡ് കൂടി പ്രദര്‍ശിപ്പിക്കണം.  യൂനിവേഴ്‌സിറ്റികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളില്‍ മുന്‍വശത്തും, പുറകുവശത്തും യൂനിവേഴ്‌സിറ്റിയുടെ പേര് സൂചിപ്പിക്കുന്നതും യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ മുന്‍വശത്തും പിന്‍വശത്തും അവരുടെ പദവി സൂചിപ്പിക്കുന്നതുമായ ബോര്‍ഡ് മാത്രം പ്രദര്‍ശിപ്പിക്കാം. കേരള ഹൈക്കോടതിയിലെ ഓഫിസര്‍മാര്‍,

ഹൈക്കോടതിയിലെ കേന്ദ്ര ഗവണ്‍മെന്റ് കൗണ്‍സല്‍മാര്‍, ജുഡീഷ്യല്‍ ഓഫിസര്‍മാര്‍, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ ഡപ്യൂട്ടി സെക്രട്ടറി പദവി വഹിക്കുന്നവര്‍, അതിനുമേലെയുള്ള പദവി വഹിക്കുന്നവര്‍, പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാന്‍ എന്നിവരുടെ സ്വന്തം വാഹനങ്ങളില്‍ അവരുടെ പദവി സൂചിപ്പിക്കുന്ന ബോര്‍ഡ് വാഹനത്തിന്റെ മുന്‍വശത്തും പുറകുവശത്തും പ്രദര്‍ശിപ്പിക്കാം.  ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ എല്ലാ എന്‍ഫോഴ്‌സ്‌മെന്റ് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാരും ജോയിന്റ് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാരും സ്വീകരിക്കണം.
Next Story

RELATED STORIES

Share it