malappuram local

വാഹനങ്ങളിലെ ബാറ്ററി മോഷണം : സംഘം മോഷ്ടിച്ച ബാറ്ററിയും സഞ്ചരിച്ച ബൈക്കും പിടികൂടി



ചേളാരി: വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘത്തില്‍ നിന്നും ബാറ്ററികളും ബൈക്കും പിടികൂടി. കാലിക്കറ്റ് സര്‍വകലാശാലാ കാംപസില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷ്ടിച്ച ശേഷം സര്‍വകലാശാലാ കാംപസിലെ അധ്യാപകരുടെ ഹോസ്റ്റലിന് പിറകിലെ റോഡില്‍ വച്ച് ആസിഡ് ഒഴിവാക്കുന്നതിനിടെയാണ് സുരക്ഷാ വിഭാഗം ജീവനക്കാര്‍ കാംപസില്‍ നടത്തുന്ന രാത്രികാല പട്രോളിങ്ങിനിടെ ബാറ്ററി മോഷ്ടാക്കളെ കണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ട് രണ്ട് പേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച ബൈക്കും ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കെഎല്‍ 11 എഫ്1317 എന്ന നമ്പറിലുള്ള പള്‍സര്‍ ബൈക്കാണ് ഉപേക്ഷിച്ചത്. ബൈക്ക് മോഷ്ടിച്ചതാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. വലിയ വാഹനങ്ങളിലെ ഹെവി ബാറ്ററികളാണ് സംഘത്തില്‍ നിന്നും പിടികൂടിയത്. സംഭവം സംബന്ധിച്ച് സെക്യൂരിറ്റി ഓഫിസര്‍ കെ മണി തേഞ്ഞിപ്പലം പോലിസിന് പരാതി നല്‍കി. ബൈക്കും ബാറ്ററികളും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് ദിവസം മുമ്പ് യൂനിവേഴ്‌സിറ്റിക്കടുത്ത ചെനക്കലില്‍ നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ നിന്ന് രാത്രിയില്‍ ബാറ്ററി മോഷണം പോയിരുന്നു. വ്യാഴാഴ്ച രാത്രി വള്ളിക്കുന്ന് ആനങ്ങാടിയില്‍ നിര്‍ത്തിയിട്ട കോഴിക്കോട്  പരപ്പനങ്ങാടി റൂട്ടിലോടുന്ന ഇന്റിമേറ്റ് ബസ്സിന്റെ ബാറ്ററി മോഷണം പോയിരുന്നു. രാവിലെ ബസ്സ് ട്രിപ്പെടുക്കാനായി സ്റ്റാര്‍ട്ടാക്കിയപ്പോഴാണ് ബാറ്ററി മോഷണം പോയതറിഞ്ഞത്. ഇതേ തുടര്‍ന്ന് ഇന്നലെ ബസ്സുടമ പരപ്പനങ്ങാടി പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സര്‍വകലാശാലാ കാംപസില്‍ മോഷ്ടാക്കളില്‍ നിന്ന് ബാറ്ററി പിടികൂടിയതറിഞ്ഞ് ബസ്സുടമയെത്തി ബാറ്ററി തിരിച്ചറിഞ്ഞിട്ടുണ്ട്. തേഞ്ഞിപ്പലം പോലിസ് സ്റ്റേഷന് പരിധിയില്‍ ബാറ്ററി മോഷണം നേരത്തെയും പതിവായിരുന്നു. റോഡില്‍സ്ഥാപിച്ച സോളാര്‍ ലൈറ്റിന്റെ ബാറ്ററികള്‍ കൂട്ടത്തോടെ മോഷണം പോയിരുന്നു. പാണമ്പ്രയിലെ ബാറ്ററികട കുത്തിതുറന്ന് നിരവധി ബാറ്ററികള്‍ മോഷ്ടിച്ചതും അടുത്തകാലത്താണ്. ബാറ്ററി മോഷണം വ്യാപകമായിട്ടും മോഷണത്തെ കുറിച്ച് തുമ്പ് ലഭിക്കുകയോ മോഷ്ടാക്കളെ പിടികൂടാനോ പോലിസിനായിട്ടില്ല. ഇതിനിടയിലാണ് സര്‍വകലാശാലാ സെക്യൂരിറ്റി വിഭാഗം മോഷ്ടാക്കളില്‍ നിന്ന് ബാറ്ററി പിടികൂടുന്നത്. സെക്യൂരിറ്റി ഓഫിസര്‍ പരാതി നില്‍കിയിട്ടും വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ മറച്ചുവച്ചതായും പരാതിയുണ്ട്.
Next Story

RELATED STORIES

Share it