വാഹനം മറികടന്നതിന് കൊല; ജെഡിയു എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

ഗയ: വാഹനം മറികടന്നതിന് യുവാവിനെ വെടിവച്ചുകൊന്ന കേസിലെ പ്രതിയും ബിഹാര്‍ ജെഡിയു നിയമസഭാ അംഗം മനോരമദേവിയുടെ മകനുമായ രാകേഷ് രഞ്ജന്‍ യാദവ് എന്ന റോക്കി യാദവിനെ പോലിസ് അറസ്റ്റ് ചെയ്തു. 20കാരനായ ആദിത്യ സച്ച്‌ദേവയാണ് കൊല്ലപ്പെട്ടത്. ഗയ ജില്ലയില്‍ ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. ഗയയില്‍ റോക്കിയുടെ പിതാവ് ബിന്ദ യാദവിന്റെ ഉടമസ്ഥതയിലുള്ള മിക്‌സര്‍ പ്ലാന്റില്‍ വച്ചായിരുന്നു അറസ്റ്റ്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെടുത്തിട്ടുണ്ട്. റോക്കി കുറ്റം സമ്മതിച്ചതായി സീനിയര്‍ പോലിസ് സൂപ്രണ്ട് ഗരിമ മാലിക് അറിയിച്ചു.
എന്നാല്‍, മിനിറ്റുകള്‍ക്കകം റോക്കി വാര്‍ത്താസമ്മേളനത്തില്‍ കുറ്റം നിഷേധിച്ചു. താന്‍ പോലിസില്‍ ഹാജരാവുകയായിരുന്നുവെന്നും എല്ലാം കോടതിയില്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. റോക്കി കീഴടങ്ങിയതല്ലെന്നും അയാളെ അറസ്റ്റ് ചെയ്തതാണെന്നും മാലിക് പറഞ്ഞു.
കൊലയ്ക്കുശേഷം റോക്കിയെ രക്ഷപ്പെടാന്‍ സഹായിച്ചതിന് പിതാവിനെയും മനോരമദേവിയുടെ അംഗരക്ഷകന്‍ രാജേഷ്‌കുമാറിനെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
വെടിവയ്ക്കാനുപയോഗിച്ച തോക്കിന്റെ ലൈസന്‍സും കാറിന്റെ രജിസ്‌ട്രേഷനും റോക്കിയുടെ പേരിലാണെന്ന് പോലിസ് പറഞ്ഞു. മനോരമദേവിയുടെ ഗയയിലെ വസതിയില്‍ പോലിസ് തിരച്ചില്‍ നടത്തിയിരുന്നു. അവിടെ ഏതാനും കുപ്പി മദ്യം കണ്ടെത്തി. ആദിത്യ സച്ച്‌ദേവയുടെ കൊലപാതകത്തെതുടര്‍ന്ന് ബിഹാറില്‍ വന്‍ പ്രതിഷേധമാണ് അലയടിച്ചത്.
Next Story

RELATED STORIES

Share it