Flash News

വാസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ഭവനപദ്ധതിക്ക് അര്‍ഹര്‍



തിരുവനന്തപുരം: വാസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരെയയും ഭവനരഹിതരായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇവരെയും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. നാലു തരക്കാരാണ് ഭവനരഹിതരില്‍പ്പെടുന്നത്. സ്ഥലമുണ്ടായിട്ടും വീടില്ലാത്തവര്‍, വീടുണ്ട് എന്നാല്‍, വാസയോഗ്യമല്ല, മറ്റ് പദ്ധതികളില്‍ നിന്ന് ലഭിച്ച വീടും വാസയോഗ്യമല്ലാത്തവര്‍, ഭൂമിയും വീടും ഇല്ലാത്തവര്‍ എന്നിവരെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടും. ലക്ഷംവീട് പദ്ധതിയില്‍പ്പെടുന്ന ഇരട്ടവീട് ഒറ്റവീടാക്കും. ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബത്തിന് ഒരു ഭവനം എന്നതാണ് ലൈഫ് പദ്ധതി. ഭൂമിയും വീടും ഇല്ലാത്തവര്‍ക്കായാണ് ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്. ലൈഫ് പദ്ധതിയുടെ ഭാഗമായ കുടുബശ്രീ സര്‍വെയില്‍ 45 ശതമാനം പേര്‍ യോഗ്യരാണെന്ന് തദ്ദേശഭരണവകുപ്പ് മന്ത്രി കെ ടി ജലീലും അറിയിച്ചു. 6,32,000 പേരില്‍ നടത്തിയ സര്‍വെയില്‍ 2,81,592 പേര്‍ യോഗ്യരാണ്. കുടുംബശ്രീയുടെ സര്‍വെയില്‍ വിട്ടുപോയവര്‍ക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അപ്പീല്‍ നല്‍കാം. ഇതും സാധ്യമാവാത്തവര്‍ക്ക് ജില്ലാതലത്തില്‍ അപ്പീല്‍ കമ്മിറ്റിയെ സമീപിക്കാം. ഭൂരഹിത ഭവനരഹിതര്‍ക്കായി ആദ്യഘട്ടത്തില്‍ എല്ലാ ജില്ലകളിലും ഓരോ ഭവനസമുച്ചയങ്ങളുടെയും നിര്‍മാണം ഈ മാസം അവസാനത്തോടെ ആരംഭിക്കും. പദ്ധതിക്ക് ആവശ്യമായ തുക ഒന്നിച്ച് വായ്പയെടുത്തും നിലവിലുള്ള വകുപ്പുകളുടെ ഭവനപദ്ധതി, കേന്ദ്രാവിഷ്‌കൃത ഭവനപദ്ധതികളുമായി സംയോജിപ്പിച്ചുമാണ് ധനസമാഹരണം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it