വാശി മൂത്ത് മലപ്പുറത്തെ പോരിടങ്ങള്‍

മുജീബ് പുള്ളിച്ചോല

മലപ്പുറം: മുസ്‌ലിം ലീഗിന്റെ ബെല്‍റ്റിലൂടെ യുഡിഎഫിന്റെ കരുത്തുറ്റകോട്ടയാണു മലപ്പുറം. പക്ഷേ, ഈ നിയമസഭാ പോരില്‍ യുഡിഎഫിന് കനത്ത പോരാട്ടമാണ് മലപ്പുറത്ത് പ്രതീക്ഷിക്കാനുള്ളത്. അങ്കക്കളത്തി ല്‍ മല്‍സരച്ചൂട് അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ പോരിന് മൂര്‍ച്ച കൂടുകയാണ്. ഈസി വാക്കോവര്‍ എന്നു വിളിപ്പേരുള്ള പല മണ്ഡലങ്ങളിലും ഇന്ന് ഉശിരുള്ള പോരിനാണു കളമൊരുങ്ങിയിരിക്കുന്നത്.
16 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പോരിനാണ് മലപ്പുറം ജില്ല തയ്യാറാവുന്നത്. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്ന ജില്ല. തിരഞ്ഞെടുപ്പ് അടുക്കുംതോറും ഇവിടെ ചങ്കിടിപ്പേറുകയാണ്. നിലവില്‍ 16ല്‍ രണ്ടു മണ്ഡലം മാത്രമാണ് ഇടതിനൊപ്പം നില്‍ക്കുന്നത്. ബാക്കി 14ഉം വലതു ഭാഗത്താണ്. 12 എണ്ണം ലീഗും രണ്ട് കോണ്‍ഗ്രസ്സും കൈവശംവയ്ക്കുന്നു. നേരത്തേ ഇടതിനൊപ്പം നിന്ന തവനൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ പ്രചാരണങ്ങള്‍ക്ക് മൂര്‍ച്ച കൂടുമ്പോള്‍ ഇവിടെ മല്‍സരം കടുത്തതാവുമെന്ന് ഉറപ്പ്. ജില്ലയില്‍ ഇടതുപക്ഷം ഉറച്ച പ്രതീക്ഷ വയ്ക്കുന്ന രണ്ടു മണ്ഡലങ്ങളും ഇതു തന്നെയാണ്. തവനൂരില്‍ നിലവിലെ അംഗം കെ ടി ജലീല്‍ തന്നെ ഇടതിനുവേണ്ടി പോരിനിറങ്ങുമ്പോള്‍ ഡിവൈഎഫ്‌ഐ മുന്‍ ദേശീയ നേതാവ് പി ശ്രീരാമകൃഷ്ണന്‍ തന്നെയാണ് ഇക്കുറിയും പൊന്നാനിയില്‍ ഇടതിനുവേണ്ടി മല്‍സരിക്കുന്നത്. ഈ രണ്ടു സീറ്റിലും യുഡിഎഫിനുവേണ്ടി മല്‍സരിക്കുന്നത് കോണ്‍ഗ്രസ്സാണ്. കെപിസിസി അംഗം അജയ്‌മോഹന്‍ പൊന്നാനിയിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി ഇഫ്തിക്കാറുദ്ദീന്‍ തവനൂരിലും മല്‍സരിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിലും ഇടതിനോട് ആഭിമുഖ്യം പുലര്‍ത്തിയ മണ്ഡലങ്ങളാണ് രണ്ടും.
നിലമ്പൂര്‍, താനൂര്‍, മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങള്‍ ഇഞ്ചോടിഞ്ച് പോര് നടക്കുന്നിടങ്ങളായിട്ടാണു വിലയിരുത്തല്‍. ഇരു മുന്നണികള്‍ക്കും പ്രതീക്ഷ നല്‍കുന്ന ഇവിടെ ഫലം പ്രവചനാതീതം. ആര്യാടന്‍ മുഹമ്മദിലൂടെ കുത്തക അരക്കിട്ടുറപ്പിച്ച നിലമ്പൂരില്‍ ഇക്കുറി മകന്‍ ഷൗക്കത്തിനാണ് പിന്തുടര്‍ച്ച. ഷൗക്കത്തിനെതിരേ ഇടതിനുവേണ്ടി മുന്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍ സ്വതന്ത്രനായി കളത്തിലുണ്ട്. മണ്ഡലത്തെ ആര്യാടന്‍മാര്‍ കുടുംബസ്വത്താക്കി മാറ്റി എന്ന വികാരം ആളിക്കത്തിച്ചുള്ള പ്രചാരണമാണ് ഇടതു മുന്നണി നടത്തുന്നത്. കഴിഞ്ഞ തവണ ആര്യാടന്‍ മുഹമ്മദിന് 5598 വോട്ട് ലീഡുള്ള ഇവിടെ അടിത്തട്ടിലൂടെ ഇളക്കിമറിച്ചുള്ള പ്രചാരണമാണ് അന്‍വറിന്റേത്. താനൂരില്‍ മുസ്‌ലിം ലീഗിന്റെ സീറ്റില്‍ കടുത്ത വെല്ലുവിളിയാണ് സ്വതന്ത്രനായി മല്‍സരിക്കുന്ന വി അബ്ദുറഹിമാന്‍ നടത്തുന്നത്. അബ്ദുറഹിമാന്‍ രണ്ടത്താണിയാണ് മുസ്‌ലിം ലീഗിന് വേണ്ടി ഇവിടെ മല്‍സരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭയില്‍ മണ്ഡലത്തില്‍ യുഡിഎഫിന്റെ ലീഡ് നന്നേകുറഞ്ഞതാണ് ഇടത് ക്യാംപിന്റെ ആശ്വാസം.
മന്ത്രി മഞ്ഞളാം കുഴി അലി മല്‍സരിക്കുന്ന പെരിന്തല്‍മണ്ണയാണ് കനത്ത പോര് നടക്കുന്ന മറ്റൊരു മണ്ഡലം. പ്രചാരണത്തില്‍ അലി മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും ആത്മവിശ്വാസം കൈവിടാതെ ഇടതിനുവേണ്ടി വി ശശികുമാറും തൊട്ടുപിന്നാലെയുണ്ട്. കഴിഞ്ഞ തദ്ദേശ പോരില്‍ ഇടതിനോടൊപ്പം നിന്ന മണ്ഡലമാണ് മങ്കട. കഴിഞ്ഞ തവണ 23,593 വോട്ട് ലീഗിലെ ടി എ അഹ്മദ്കബീര്‍ മണ്ഡലത്തില്‍നിന്നു നേടിയെങ്കിലും ഈ പ്രാവശ്യം ആ പ്രതീക്ഷ ലീഗിന് തന്നെയില്ല. അഹ്മദ് കബീര്‍ തന്നെയാണ് ഈ പ്രാവശ്യവും ലീഗ് ടിക്കറ്റില്‍ മല്‍സരിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം സിപിഎമ്മിലെ ടി കെ റഷീദലിയാണ് ഇടതു സ്ഥാനാര്‍ഥി. തിരൂര്‍, തിരൂരങ്ങാടി, ഏറനാട് എന്നീ മുസ്‌ലിം ലീഗിന്റെ മണ്ഡലങ്ങളില്‍ അടിയൊഴുക്കുകളെ ആശ്രയിച്ചായിരിക്കും ഫലം. ഈ മൂന്ന് മണ്ഡലങ്ങളിലും കനത്ത പോരിനാണ് കളമൊരുങ്ങിയിരിക്കുന്നത്. മന്ത്രി അബ്ദുറബ്ബ് ജനവിധി തേടുന്ന തിരൂരങ്ങാടിയിലും കനത്ത പോരിനാണ് സാക്ഷ്യം വഹിക്കുന്നത്. മഞ്ചേരി, വേങ്ങര, കൊണ്ടോട്ടി, മലപ്പുറം, വണ്ടൂര്‍, വള്ളിക്കുന്ന്, കോട്ടക്കല്‍ മണ്ഡലങ്ങളില്‍ പ്രചാരണത്തില്‍ യുഡിഎഫ് ഏറെ മുന്നിട്ടു നില്‍ക്കുകയാണ്.
കാന്തപുരം എപി വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള ജില്ലയാണ് മലപ്പുറം. പല കാരണങ്ങളാല്‍ ഇടതുപക്ഷത്തിനാണ് ഇവരുടെ വോട്ടുകളെന്നത് അണികള്‍ക്കിടയിലെ രഹസ്യമാണ്. എപി വിഭാഗത്തിന്റെ ബഹുജന സംഘടനയായ കേരള മുസ്‌ലിം ജമാഅത്താണ് ഇടതിനു വേണ്ടി വോട്ടുകള്‍ സമാഹരിക്കുന്നത്. ഇതിനായി താഴെ തട്ടിലുള്ള ഒന്നും രണ്ടു യോഗങ്ങള്‍ ഇതിനോടകം നടന്നു കഴിഞ്ഞു. കാന്തപുരം വിഭാഗത്തിന്റെ വോട്ടുബാങ്കില്‍ എഴുപത് ശതമാനം വോട്ടും ഇടതു വോട്ടായിട്ടാണ് വിലയിരുത്തല്‍. ഇരുപത് ശതമാനം വോട്ടുകള്‍ തുല്യ അകലം പാലിക്കുന്നതും പത്തു ശതമാനം പോള്‍ ചെയ്യാത്ത വോട്ടുകളുമായിട്ടാണ് കണക്കാക്കുന്നത്. ഈ മുപ്പതു ശതമാനം വോട്ടും ഇടതുപാളയത്തില്‍ എത്തിക്കുന്നതിനുള്ള ചടുല നീക്കങ്ങളാണ് എപി വിഭാഗം അണിയറയില്‍ നടത്തുന്നത്.
ഇരു മുന്നണികള്‍ക്കും ഭീഷണിയായി എസ്ഡിപിഐ-എസ്പി സഖ്യം ജില്ലയില്‍ ശക്തമായ പോരിനായി കളത്തിലുണ്ട്. പല മണ്ഡലങ്ങളിലെയും വിധി നിര്‍ണയം എസ്ഡിപിഐ നേടുന്ന വോട്ടുകൂടി ആശ്രയിച്ചായിരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മലപ്പുറം, വേങ്ങര മണ്ഡലങ്ങളില്‍ ബിജെപിയെ പിന്നിലാക്കി എസ്ഡിപിഐ ആയിരുന്നു മൂന്നാം സ്ഥാനത്ത് എത്തിയത്. ശക്തമായ സാന്നിധ്യമറിയിച്ച് ഇരു മുന്നണികളെയും ഉറക്കം കെടുത്തുന്ന രീതിയിലാണ് എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം.
Next Story

RELATED STORIES

Share it