malappuram local

വാവാട് മോഷണപരമ്പര: മോഷ്ടാക്കളെ നാട്ടുകാര്‍ പിടികൂടി

കൊടുവള്ളി: വീടുകളില്‍ മോഷണം പതിവാക്കിയ രണ്ടംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. നിരവധി മോഷണകേസുകളില്‍ പ്രതികളായ കാക്കവയല്‍ മേരക്കാട്ട് വീട്ടില്‍ തൊരപ്പന്‍ റഫീഖ്(36), സഹായി ബാലുശ്ശേരി കൊട്ടാരമുക്ക് കുഴികളത്തില്‍ ഉണ്ണികൃഷ്ണന്‍(43) എന്നിവരെയാണ് പിടികൂടിയത്. വാവാടും പരിസരത്തുനിന്നുമായി രണ്ടാഴ്ച്ചക്കിടെ പത്തോളം വീടുകളില്‍ മോഷണം നടന്നിരുന്നു. ഇവിടങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് രാത്രി കാലത്ത് നാട്ടുകാര്‍ നിരീക്ഷണം നടത്തിവരികയായിരുന്നു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ദേശീയപാതയില്‍ വാവാട് അങ്ങാടിക്കും ആലിന്‍ചുവട്ടിനുമിടയിലെ ആളൊഴിഞ്ഞ സ്ഥലത്ത് റോഡരികില്‍ സംശയാസ്പദമായി കണ്ട ഓട്ടോറിക്ഷയിലിരുന്ന രണ്ടു പേരെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായി സംസാരിക്കുകയും കൈയേറ്റത്തിനു മുതിരുകയുമായിരുന്നു.
തുടര്‍ന്ന് മോഷ്ടാക്കള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചള്‍ ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തി കൈകാര്യം ചെയ്തു പോലിസിലേല്‍പ്പിക്കുകയായിരുന്നു.
ഓട്ടോറിക്ഷയില്‍ നിന്നും കൊടുവാള്‍, ലിവര്‍, കമ്പിപ്പാര, തുടങ്ങിയ വസ്തുക്കള്‍ കണ്ടെത്തി. താമരശ്ശേരി, കോടഞ്ചേരി, മുക്കം, കൊടുവള്ളി, കാക്കൂര്‍, അത്തോളി എന്നീ സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ 30 ല്‍ പരം കേസുകളുണ്ട്. മോഷണം നടത്താനുള്ള ശ്രമത്തിനിടെ മുക്കം കാക്കൂര്‍ സ്‌റ്റേഷനുകളില്‍ പിടിയിലായ ഇവര്‍ ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
പകല്‍ സമയത്ത് വാഹനങ്ങളില്‍ സഞ്ചരിച്ച ആളൊഴിഞ്ഞ വീടുകള്‍ കണ്ടെത്തി രാത്രി 12ന് മുമ്പെ മോഷണം നടത്തി വീടുകളിലേക്ക് മടങ്ങുന്നതാണ് ഇവരുടെ രീതി. മോഷ്ടിക്കുന്ന പണം മദ്യപാനത്തിനും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സുഖവാസത്തിനുമാണ് ഉപയോഗിക്കുന്നതെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it