malappuram local

വാഴ്‌സിറ്റി കാംപസ്; പെണ്‍കുട്ടികളുടെ സുരക്ഷ കമ്മീഷന്‍ റിപോര്‍ട്ട് ഏകപക്ഷീയം

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റി കാംപസില്‍ പെണ്‍കുട്ടികളുടെ സുരക്ഷാ പ്രശ്‌നത്തില്‍ സര്‍വകലാശാല നിയോഗിച്ച കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചതില്‍ രാഷ്ട്രീയപക്ഷപാതിത്വമുള്ളതായി ആരോപണമുയര്‍ന്നു. കാംപസില്‍ പെണ്‍കുട്ടികള്‍ക്കെതിരേ വ്യാപകമായി അതിക്രമങ്ങള്‍ നടക്കുന്നതായ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് ലേഡീസ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഏഴ് അധ്യാപകരുള്‍പ്പെട്ട കമ്മീഷന്‍ റിപോര്‍ട്ട് ഒരു വിദ്യാര്‍ഥി സംഘടനക്കു വേണ്ടി കെട്ടിച്ചമച്ചതാണെന്നാണ് പരാതി. വിവാഹത്തിനു മുമ്പ് തന്നെ ഫ്രീസെക്‌സാകാമെന്ന ചില അധ്യാപകരുള്‍പ്പെട്ട കമ്മീഷന്‍ റിപോര്‍ട്ടില്‍ നാട്ടുകാര്‍ക്ക് വാഴ്‌സിറ്റി പാര്‍ക്കിലും കാംപസിലും നിരോധനമേര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എസ്എഫ്‌ഐക്കെതിരേ നിലനില്‍ക്കുന്ന കായികവിഭാഗം വിദ്യാര്‍ഥികളില്‍ നിന്നും അതിക്രമമുണ്ടെന്ന് കാണിച്ച് എസ്എഫ്‌ഐ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ ചാന്‍സലര്‍, യുജിസി, വൈസ് ചാന്‍സലര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ഇത്തരത്തില്‍ അതിക്രമങ്ങള്‍ നടക്കുന്നില്ലെന്നും നേരത്തെ നല്‍കിയ പരാതി തെറ്റിദ്ധരിപ്പിച്ചാണെന്നും കാണിച്ച് ലേഡീസ് ഹോസ്റ്റലിലെ തന്നെ പെണ്‍കുട്ടികള്‍ ചാന്‍സലര്‍, വിസി, യുജിസി ചെയര്‍മാന്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് പരാതി സമര്‍പ്പിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്കെതിരായി അതിക്രമങ്ങള്‍ നടക്കുന്നുവെന്ന പരാതി എസ്എഫ്‌ഐക്കാര്‍ രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണെന്നും ഈ കാര്യത്തില്‍ അന്വേഷണം നടത്തുന്നതിനും കഴിഞ്ഞ സെനറ്റ് യോഗത്തില്‍ പ്രമേയം വോട്ടിനിട്ട് തീരുമാനമെടുക്കുകയായിരുന്നു.
എസ്എഫ്‌ഐക്കാര്‍ക്കൊപ്പം നില്‍ക്കാത്ത കായികവിഭാഗം വിദ്യാര്‍ഥികളെ ഒതുക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ എസ്എഫ്‌ഐ നേതൃത്വത്തില്‍ നടക്കുന്ന പ്രചാരണമാണ് പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമ വാര്‍ത്തകളെന്നും ഇതില്‍ യാഥാര്‍ഥ്യമില്ലെന്നും പോലിസ് സ്‌പെഷ്യല്‍ ബ്രാഞ്ച്, ജില്ലാ പോലിസ് മേധാവി, ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കു നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ കായികവിഭാഗം പഠനവകുപ്പില്‍ നിന്ന് ഒരു വിദ്യാര്‍ഥിയെ നേരത്തെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഇതല്ലാതെ മറ്റു അതിക്രമങ്ങള്‍ കാംപസില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വാഴ്‌സിറ്റി കാംപസിലൂടെയുള്ള പബ്ലിക് റോഡ് അടച്ചുപൂട്ടണമെന്നും നിര്‍ദ്ദേശിച്ച കമ്മീഷന്‍ കയ്യേറ്റക്കാരില്‍ നിന്ന് വാഴ്‌സിറ്റി ഭൂമി പിടിച്ചെടുക്കുന്നതിനെപറ്റി ഒന്നും പറഞ്ഞിട്ടില്ല. കാംപസിലെ ആരാധനാലയം, കോഫി ഹൗസ്, റബ്‌കോ എന്നിവയെപ്പറ്റിയും പരാമര്‍ശമില്ല.
Next Story

RELATED STORIES

Share it