വാഴ്‌സിറ്റി എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്‌ഐ അക്രമം; ആറുപേര്‍ക്ക് പരിക്ക്

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റിക്കടുത്ത് കോഹിനൂരിലെ എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്‌ഐ അക്രമത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു.ബിടെക് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥികളെ എസ്എഫ്‌ഐക്കാര്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ എംഎസ്എഫ്-കെഎസ്‌യു പ്രവര്‍ത്തകരായ സജ്ജാദ് ഷറഫുദ്ദീന്‍, ഷാമില്‍ റഹീസ്, സിദ്ധാര്‍ഥ്, അഷ്‌റഫ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് 12ഓടെയാണു സംഭവം. മൂന്നാം സെമസ്റ്റര്‍കാരുടെ അവസാന പരീക്ഷയായിരുന്നു കഴിഞ്ഞദിവസം. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലിസ് സ്ഥലത്തുണ്ടായിരുന്നില്ല. വിദ്യാര്‍ഥികളും പുറത്തുനിന്നെത്തിയവരുമാണു പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
യുഡിഎസ്എഫിന് തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് ലഭിച്ചതിന്റെ പ്രതികാരമാണ് എസ്എഫ്‌ഐയുടെ അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. അക്രമികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് നേതാക്കളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ വിസിയെ കണ്ടെങ്കിലും അദ്ദേഹം ഇതിനു തയ്യാറായില്ല.
തുടര്‍ന്ന് വൈകീട്ട് ഏഴുവരെ വിദ്യാര്‍ഥികള്‍ വിസിയെ തടഞ്ഞു. തുടര്‍ന്ന് അക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരായ അഖില്‍ സുരേന്ദ്രന്‍, അരുണ്‍ദാസ്, അമല്‍, എല്‍ദോ വില്‍സണ്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് കോളജ് അടച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് തേഞ്ഞിപ്പലം പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it