Flash News

വാഴ്‌സിറ്റി അധികൃതര്‍ ഇടതുപക്ഷവുമായി നീക്കുപോക്കില്‍



തേഞ്ഞിപ്പലം: മുസ്‌ലിംലീഗിന് കനത്ത സ്വാധീനമുണ്ടായിരുന്ന കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്വാധീനം നഷ്ടപ്പെട്ടതായി ലീഗ് നേതാക്കള്‍. സംസ്ഥാനത്തെ പതിമൂന്നിലധികം സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ തസ്തികകളില്‍ പാര്‍ട്ടി നോമിനികളെ നിയമിക്കാന്‍ ലീഗിനു കഴിഞ്ഞിരുന്നത് കാലിക്കറ്റില്‍ മാത്രമായിരുന്നു. എന്നാല്‍, അടുത്തകാലത്തായി പാര്‍ട്ടി നോമിനികളായി കാലിക്കറ്റില്‍ നിയമിതരാവുന്നവര്‍ പിന്നീട് പാര്‍ട്ടിക്ക് തലവേദനയായി തീരുന്നുവെന്നാണ് പ്രതിസന്ധി. മൂന്നു തവണകളിലെ വിസി, രജിസ്ട്രാര്‍ നിയമനങ്ങളില്‍ പാര്‍ട്ടിക്ക് അനാവശ്യമായ ആരോപണങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നതായും ലീഗിന് ഹൈപവര്‍ കമ്മിറ്റി വിലയിരുത്തിയതായി അറിയുന്നു. വ്യക്തിപരമായി ഇവര്‍ ചെയ്യുന്നതിനെതിരേ പാര്‍ട്ടി പ്രതികരിക്കേണ്ടിവരുന്നു. വിസി, രജിസ്ട്രാര്‍ എന്നിവരുടെ നടപടികള്‍ക്കെതിരേ എംഎസ്എഫ്, യൂത്ത് നേതാക്കള്‍ മേല്‍ഘടകത്തിനു മുന്നില്‍ പരാതികളുടെ കെട്ടഴിച്ചിട്ടുണ്ട്. ഇടതുപക്ഷവുമായി നീക്കുപോക്കുണ്ടാക്കുന്ന തരത്തിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെന്നും സ്വന്തം യോഗ്യതയനുസരിച്ചാണ് തങ്ങള്‍ നിയമിക്കപ്പെട്ടതെന്ന് ഇവര്‍ പ്രഖ്യാപിക്കുന്നത് പാര്‍ട്ടി നേതാക്കളുടെ മുഖത്തടിച്ചതിനു തുല്യമാണെന്നുമാണ് ലീഗ് പോഷക സംഘടനാ നേതാക്കളുടെ പ്രതികരണം. സിന്‍ഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗണ്‍സില്‍ തുടങ്ങിയ സുപ്രധാന സമിതി യോഗങ്ങളില്‍ വൈസ് ചാന്‍സലറുടെ നിലപാട് ഇടതുപക്ഷത്തിനൊപ്പമായതിനാല്‍ ഇവര്‍ വിസിയുമായി സഹകരണത്തോടെ പോവുന്നതായി ലീഗ് കോളജ് അധ്യാപകസംഘടനയായ സികെസിടിയും പാര്‍ട്ടിനേതാക്കള്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. നേരത്തേ ലീഗ് നോമിനിയായിരുന്ന കാലിക്കറ്റ് വിസി ഡോ. അബ്ദുസ്സലാമിനെ പുറത്താക്കുന്നതിന് ഇടതുപക്ഷത്തിനൊപ്പം മുന്നണിയുണ്ടാക്കി സമരത്തിനു ലീഗ് സര്‍വീസ് സംഘടന നേതൃത്വം നല്‍കിയതും ലീഗിന് തിരിച്ചടിയായിരുന്നു.
Next Story

RELATED STORIES

Share it