Flash News

വാഴ്‌സിറ്റിയുടെ ഉത്തരക്കടലാസുകള്‍ കോളജ് വില്‍പന നടത്തി



പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ സര്‍വകലാശാലയുടെ അനുമതിയില്ലാതെ കോളജ് വില്‍പന നടത്തി. അഫിലിയേറ്റഡ് കോളജുകളില്‍ ഒന്നായ മഞ്ചേരി എന്‍എസ്എസ് കോളജില്‍ നിന്നാണ് ആയിരക്കണക്കിന് ഉത്തരക്കടലാസുകള്‍ വില്‍പന നടത്തിയത്. വിദ്യാര്‍ഥികള്‍ റീവാല്യൂവേഷന് അപേക്ഷിച്ച ഉത്തരക്കടലാസുകള്‍ ഉള്‍പ്പെടെയുള്ളവയാണു വില്‍പന നടത്തിയത്. ഒരു പേപ്പറില്‍ പുനര്‍ മൂല്യനിര്‍ണയം നടത്തുന്നതിന് 1000 രൂപയോളം ഫീസടച്ച് ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഈ ദുര്യോഗം. ഈ മാസം 26ന് മഞ്ചേരി എന്‍എസ്എസ് കോളജില്‍ വാഴ്‌സിറ്റി പരീക്ഷാ ഭവനില്‍ നിന്ന് പോയ മോണിറ്ററിങ് സെല്ലിലെ ജീവനക്കാര്‍ ഉത്തരക്കടലാസുകള്‍ വാഹനത്തില്‍ കയറ്റുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു വില്‍പന വിവരം പുറത്തായത്. ഇവര്‍ പരീക്ഷാ കണ്‍ട്രോളര്‍ ഉള്‍പ്പെടെയുള്ളവരെ വിവരമറിയിച്ചു. ഇതുവരെ കോളജിനോട് രേഖാമൂലം വിശദീകരണം ചോദിക്കുകയോ, നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള ഉത്തരക്കടലാസുകള്‍ പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയും സിന്‍ഡിക്കേറ്റിന്റെയും അനുമതിയോടെ മാത്രമേ ലേലം ചെയ്തു വില്‍ക്കാവൂ എന്ന നിയമം കാറ്റില്‍ പ്പറത്തിയാണു കോളജിന്റെ ധിക്കാരപരമായ നടപടി. വില്‍പന നടത്തുന്ന ഉത്തരക്കടലാസുകള്‍ ചുരുങ്ങിയതു 10 വര്‍ഷം മുമ്പ് കഴിഞ്ഞ പരീക്ഷയുടേതായിരിക്കണം. ഇതൊന്നും പാലി—ച്ചില്ല. കോളജില്‍ നിന്ന് ഉത്തരക്കടലാസുകള്‍ യഥാസമയത്ത് വാഴ്‌സിറ്റി ശേഖരിക്കാത്തതാണു കോളജ് അധികൃതര്‍ ഉത്തരക്കടലാസുകള്‍ സ്വകാര്യ വ്യക്തികള്‍ക്കു വില്‍ക്കാന്‍ കാരണം. ഇതേ രീതിയില്‍ 2015ല്‍ നടത്തിയ ബിഎസ്്‌സി കെമിസ്ട്രിയുടെ റീവാല്യൂവേഷന് ആവശ്യമായ ഉത്തരക്കടലാസുകള്‍ കണ്ടെടുത്തത് 2017 ഒക്ടോബറിലാണ്. പരീക്ഷാ ഭവന്‍ അധികൃതരുടെയും കോളജിന്റെയും ഭാഗത്തുള്ള വീഴ്ചയുടെ ഫലം അനുഭവിക്കുന്നതു വിദ്യാര്‍ഥികളാണ്. ഇത്തരം വീഴ്ചകള്‍ സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പുറംലോകമറിയാതെ പൂഴ്ത്തിവയ്ക്കുകയാണ്. പ്രതികളെല്ലാം രാഷ്ട്രീയ സ്വാധീനത്താല്‍ കുറ്റവിമുക്തരാവുകയും ചെയ്യുന്നു.
Next Story

RELATED STORIES

Share it